News - 2024

നിനവേ വീണ്ടും ക്രൈസ്തവ കേന്ദ്രമാകുന്നു: 15000 ക്രൈസ്തവര്‍ ഉടനെ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 25-08-2017 - Friday

ബാഗ്ദാദ്: ഇസ്ലാമിക സ്റ്റേറ്റ്സ് ആക്രമണത്തെ തുടർന്ന് കുടിയൊഴിക്കപ്പെട്ട മൂവായിരത്തോളം ക്രൈസ്തവ കുടുംബങ്ങള്‍ ഈ മാസാവസാനത്തോടെ നിനവേയില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടന പ്രതിനിധികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3000 ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നായി പതിനയ്യായിരം ക്രൈസ്തവര്‍ പ്രദേശത്തേക്ക് മടങ്ങിവരുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. അതേ സമയം ഇറാഖിലെ പ്രതികൂലമായ കാലാവസ്ഥയും അവഗണിച്ചു നിരവധി ക്രൈസ്തവരാണ് സ്വദേശത്തേക്ക് മടങ്ങുന്നത്.

ജനങ്ങളുടെ വരവിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യത ഭാഗികമാണെന്ന് നിനവേ പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ ഫാ. ആന്‍ഡ്രസേജ് ഹാലംബേ പറഞ്ഞു. കുർദിഷ് സ്വാതന്ത്ര്യത്തിനായി നടക്കുന്ന അഭിപ്രായ വോട്ടെടുപ്പിന്റെ രാഷ്ട്രീയ അരക്ഷിതാവസ്ഥകൾക്കിടയിലും ഇർബിലില്‍ നിന്നുമുള്ള ക്രൈസ്തവരുടെ മടങ്ങിവരവ് പ്രത്യാശ നല്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേ സമയം നിനവേയിലെ പന്ത്രണ്ടായിരത്തോളം ഭവനങ്ങൾ നാശനഷ്ടങ്ങൾക്കിടയായെങ്കിലും പുനരുദ്ധാരണം പൂർത്തിയായത് ആയിരം ഭവനങ്ങളുടേത് മാത്രമാണ്. സ്കൂൾ നിർമ്മാണം പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍. ആഗോള തലത്തിൽ മതമർദനമനുഭവിക്കുന്ന ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന സംഘടനയായ എയ്ഡ് ടു ചർച്ച് ഇന്‍ നീഡാണ് ഇറാഖിന്റെ പുനരുദ്ധാരണത്തിന് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നത്.


Related Articles »