India - 2024

ഗ്രാന്‍ഡ് എബൈഡ് യുവജന കണ്‍വന്‍ഷന് നാളെ ആരംഭം

സ്വന്തം ലേഖകന്‍ 01-09-2017 - Friday

കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നാലായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് എബൈഡ് യുവജന കണ്‍വന്‍ഷന് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ നാളെ തുടക്കമാകും. യുവാക്കളെ അനുയാത്ര ചെയ്യുന്നവരായി സഭ മാറണം എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണു യുവജന കണ്‍വന്‍ഷന്‍. യുവജനങ്ങളുടെ സ്വഭാവരൂപീകരണത്തിനു സഹായിക്കുന്ന പ്രബോധനങ്ങള്‍, സൗഖ്യപ്രാര്‍ഥനകള്‍, പരിശുദ്ധാത്മാഭിഷേകം, കൗണ്‍സലിംഗ് എന്നിവയുണ്ടാകും. ഗ്രാന്‍ഡ് എബൈഡ് മ്യൂസിക് ബാന്‍ഡ് കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമാണ്.

കണ്‍വെന്‍ഷനില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ. തോമസ് വാഴചാരിയില്‍, ഫാ.ജോഷി പുതുവ, റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, ബ്രദര്‍ സന്തോഷ് കരുമാത്ര, ബ്രദര്‍ തോമസ് കുര്യന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.

ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ ഇതുവരെ 26 എബൈഡ് കണ്‍വന്‍ഷനുകളിലായി നാല്‍പതിനായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തിട്ടുണ്ടെന്നു ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി പറഞ്ഞു. കണ്‍വെന്‍ഷനില്‍ 250 വോളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. കണ്‍വന്‍ഷനിലെത്തുന്ന എല്ലാവര്‍ക്കും താമസസൗകര്യമൊരുക്കും. പ്ലസ്ടു തലത്തിലുള്ളവര്‍ക്കും അതിനു മുകളില്‍ പ്രായമുള്ള യുവാക്കള്‍ക്കുമാണ് പ്രവേശനം. നാളെ രാവിലെവരെ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരമുണ്ടായിരിക്കും.

ഫോണ്‍: 9446040508, 04842432508


Related Articles »