News
സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്നു മെത്രാന്‍മാര്‍
സ്വന്തം ലേഖകന്‍ 01-09-2017 - Friday
കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്റെ സമാപനത്തോട് അനുബന്ധിച്ച് സഭയ്ക്കു പുതിയ മൂന്ന് മെത്രാന്മാരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭാ കൂരിയയില്‍ റവ. ഡോ.സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിനെയും തലശേരിയില്‍ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്.
മാര്‍പാപ്പയുടെ അനുമതിയോടെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു പ്രഖ്യാപനം. സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്പന കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു.
അറിയിപ്പ് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കല്‍ എന്നിവര്‍ നിയുക്ത മെത്രാന്മാരെ സ്ഥാനികചിഹ്നങ്ങള്‍ അണിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ആശംസകള്‍ നേര്‍ന്നു.
തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന ഫാ. ടോണി നീലങ്കാവില്‍, ഷെവലിയര്‍ എന്‍ എ ഔസേപ്പിന്റെയും റ്റി.ജെ മേരിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകനാണ്. 1967 ജൂലൈ 23നാണ് ജനനം. 1993 ഡിസംബര്‍ 27 ന് പൗരോഹിത്യം സ്വീകരിച്ചു. 1995-ല്‍ ബെല്‍ജിയത്തിലേക്ക് ഉപരിപഠനത്തിന് പോയ അദ്ദേഹം ലൂവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2002-ല്‍ തിരിച്ചെത്തിയ അദ്ദേഹം തൃശ്ശൂര്‍ മേരി മാത സെമിനാരിയില്‍ ആനിമേറ്ററായും ആത്മീയ പിതാവായും ശുശ്രൂഷ ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം ഇതേ സെമിനാരിയുടെ റെക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരിന്നു. അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമാണ് റവ. ടോണി നീലങ്കാവില്‍.
1969 ഡിസംബര്‍ മൂന്നിനു പാംബ്ലാനിയില്‍ തോമസ് മേരി ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായാണ് റവ.ഡോ ജോസഫ് പാംപ്ലാനിയുടെ ജനനം. തലശ്ശേരി ചരല്‍ ഇടവാകാംഗമായ അദ്ദേഹം 1997 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചു. 2001-ല്‍ ലൂവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയി പഠനത്തിന് പ്രവേശിച്ച അദ്ദേഹം ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശ്ശേരി ബൈബിള്‍ അപ്പസ്തോലേറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവുമായ ഡോ ജോസഫ് പാംപ്ലാനിക്കു മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ജര്‍മ്മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
1967 മാര്‍ച്ച് 29 ന് പെരുവന്താനം വാണിയപ്പുരയ്ക്കല്‍ വിഎം തോമസിന്റെയും പരേതയായ ഏലിയാമ്മയുടെയും ഒമ്പതു മക്കളില്‍ എട്ടാമനായാണ് റവ. ഡോ.സെബാസ്റ്റ്യന്റെ ജനനം. നിര്‍മ്മലഗിരി ഇടവകാംഗമായ അദ്ദേഹം 1992 ഡിസംബര്‍ 30 ന് പൗരോഹിത്യം സ്വീകരിച്ചു. 2000-ല്‍ ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയി. നിലവില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ വൈസ് ചാന്‍സലറായി സേവനം ചെയ്തുവരികെയാണ് പുതിയ നിയമനം. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ഭാഷകളില്‍ പ്രാവീണ്യമുണ്ട്. മാര്‍ ബോസ്‌കോ പുത്തൂര്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് കൂരിയ ബിഷപ്പിന്റെ പദവി ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ഡോ.സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിനു പുതിയ ദൗത്യം നൽകിയത്.
അതേ സമയം പുതിയ നിയമനത്തോടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 61 ആയി. ഇവരില്‍ 16 പേര്‍ റിട്ടയര്‍ ചെയ്തവരും 10 പേര്‍ സഹായമെത്രാന്മാരുമാണ്. ആഗോളവ്യാപകമായി സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകളുണ്ട്. ഇവയില്‍ 29 എണ്ണം ഇന്ത്യയിലും 3 എണ്ണം വിദേശത്തുമാണ്. ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടന്‍ എന്നിവയാണ് വിദേശരൂപതകള്‍ കാനഡയില്‍ ഒരു അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റും ഇന്ത്യ, ന്യൂസിലാന്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് വിസിറ്റേഷനുകളും ഉണ്ട്.