News

ബധിര സഹോദരങ്ങളെ ആദരിച്ച് സീറോമലബാര്‍ സഭ

സ്വന്തം ലേഖകന്‍ 11-09-2017 - Monday

കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെയും എറണാകുളത്തെ സെന്റ് തോമസ് കത്തോലിക്കാ ബധിര സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇരുനൂറ്റിഅമ്പതോളം പേര്‍ പങ്കെടുത്ത ബധിരരുടെ സംഗമം ശ്രദ്ധേയമായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സംഗമത്തില്‍ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ, യുവതീയുവാക്കൾ, ബധിര ദമ്പതികൾ തുടങ്ങീ വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. ഏഴു വയസ്സുമുതൽ 82 വയസ്സുവരെയുള്ളവർ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ സംഗമത്തിന് എത്തിച്ചേര്‍ന്നുവെന്നതും ശ്രദ്ധേയമായി.

മേജർ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയേയും കൂരിയയുടെ നിയുക്ത മെത്രാൻ മോൺ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെയും മറ്റു നേതാക്കളെയും കൈകൾ അടിക്കുന്നതിനു പകരം കൈകൾ ഉയർത്തി ഇരുവശങ്ങളിലേക്കും വീശിയാണ് ബധിരസഹോദരങ്ങള്‍ സ്വീകരിച്ചത്. കൈകൾ ഉയർത്തിയാണ് സഭാദ്ധ്യക്ഷന്മാര്‍ അഭിവാദ്യം നല്‍കിയത്. തുടർന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.

ദിവ്യബലിയിലെ പ്രാർത്ഥനകള്‍ ഫാ.ബിജു മൂലക്കരയും വചനസന്ദേശം ഫാ. ജോർജ്‌ കളരിമുറിയിലും ആംഗ്യ ഭാഷയിൽ പരിചയപ്പെടുത്തി നല്‍കി. ഗാനങ്ങൾ ബിജു തേർമടം, സിസ്റ്റർ അഭയ എഫ്‌സി‌സി, സ്റ്റാൻലി തോമസ് എന്നിവർ സൈൻഭാഷയിൽ വിനിമയം ചെയ്തു. ബധിര മൂക വിഭാഗം സഭ മറന്നു കിടന്ന ഒരു മേഖലയാണെന്നും അവര്‍ക്ക് ആധ്യാത്മിക ശുശ്രൂഷ നല്‍കുക എന്നത് സഭയുടെ കടമയാണെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു.

അവര്‍ക്കായി പ്രത്യേകം ശുശ്രൂഷ വേണമെന്ന് മനസ്സിലാക്കി, അത് കൊടുക്കുകയാണ്. കുമ്പസാരവും ഇതുപോലെ തന്നെ കൊടുക്കുന്നുണ്ട്. സഭ ഇത് മറ്റ് രാജ്യങ്ങളില്‍ ചെയ്തുകൊണ്ടിരിന്നതാണ്. ഇവിടെ ഇതിന് പരിശീലനം ലഭിച്ചവരെ ഇപ്പോഴാണ് ലഭിച്ചത്‌. എല്ലാ രൂപതകളിലും ഇത്തരം ശുശ്രൂഷകള്‍ വേണമെന്നാണ് സീറോ മലബാര്‍ സിനഡിന്റെ തീരുമാനം. സൈൻഭാഷയിൽ വിശുദ്ധ ബലി പരിചയപ്പെടുത്താൻ അനുവാദം നൽകിക്കഴിഞ്ഞു.

എല്ലാ രൂപതകളിലും ബധിരര്‍ക്കായി ഉടനെ വിശുദ്ധ കുർബാനയും കൂട്ടായ്മയും മെത്രാൻ മാരുടെ നേതൃത്വത്തിൽ നടത്തും. അന്ധർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവരെയെല്ലാം സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന പരിപാടികള്‍ നടത്തുമെന്നും മേജർ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ കുർബാനക്കുശേഷം കര്‍ദ്ദിനാളിനോടൊപ്പം ബധിര സഹോദരങ്ങള്‍ ഗ്രൂപ്പ് ഫോട്ടോ എടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം നിയുക്ത മെത്രാൻ മോൺ. സെബാസ്റ്റിയൻ വാണിയപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.

എകെസിസി സംസ്ഥാന പ്രസിഡന്റ്‌ വി വി അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. സീറോ മലബാർ സഭാ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ ബിജു മൂലക്കര, ഫാ ജോർജ്‌ കളരിമുറിയിൽ, ബ്രദർ ബിജു തേർമഠം സിസ്റ്റർ ഫിൻസിറ്റ എഫ്‌സി‌സി, സിസ്റ്റർ അനറ്റ്, സിസ്റ്റർ ഉഷ, സിസ്റ്റർ പ്രീജ, സിസ്റ്റർ ദീപ കൊച്ചേരിൽ, സിസ്റ്റർ ബെറ്റി ജോസ്, സിസ്റ്റർ അഭയഎഫ്‌സി‌സി, പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സമ്മേളനത്തില്‍ പഠനത്തിൽ മികവ് പുലർത്തിയ ബധിര വിദ്യാത്ഥികളെ ആദരിച്ചു. ഫാ ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ മേരി ജോർജ്‌, സെന്റ് തോമസ് കാത്തലിക് ഡെഫ് കമ്മ്യൂണിറ്റി കോർഡിനേറ്റർ സ്റ്റാൻലി തേർമഠം, സെക്രട്ടറി ലിനി ജോസ് എന്നിവർ പ്രസംഗിച്ചു.


Related Articles »