News - 2024

അഭയാർത്ഥികളായ രോഹിൻഗ്യങ്ങളെ സഹായിക്കാന്‍ കത്തോലിക്ക നേതൃത്വം

സ്വന്തം ലേഖകന്‍ 16-09-2017 - Saturday

ലാഹോർ: വംശീയ ആക്രമങ്ങളെ തുടര്‍ന്നു മ്യാൻമറിൽ നിന്നും പലായനം ചെയ്യുന്ന രോഹിൻഗ്യ മുസ്ലിം വിഭാഗത്തിന് സഹായമൊരുക്കാൻ ലാഹോറിലെ കത്തോലിക്ക സന്നദ്ധസംഘടന. ബുദ്ധമത സ്വാധീനം നിലനിൽക്കുന്ന മ്യാൻമറിൽ നിന്നും ആയിരകണക്കിനു രോഹിൻഗ്യകളാണ് തായ്ലാന്റിലേക്ക് കുടിയേറുന്നത്. ഈ സാഹചര്യത്തിലാണ് പത്തു ദിവസം നീണ്ടു നില്‌ക്കുന്ന ഉദ്യമത്തിനായി ലാഹോറിലെ കത്തോലിക്ക സന്നദ്ധസംഘടനയായ ബ്രൈറ്റ് ഫ്യുച്ചർ സൊസൈറ്റി അടുത്തയാഴ്ച യാത്രതിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങൾക്കാവശ്യമായ ഭക്ഷണം, വസ്ത്രം, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ തങ്ങളുടെ യാത്രയില്‍ കരുതുന്നുണ്ടെന്നു സംഘടനാ പ്രസിഡന്റ് സാമുവേൽ പ്യാര അറിയിച്ചു.

മ്യാൻമാർ കായിൻ സംസ്ഥാനത്തിലെ മയ്വാദി, തായ്ലാന്റിലെ മെയ് സോത്ത് എന്നിവിടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകൾ സംഘം സന്ദർശിക്കും. അസൗകര്യങ്ങളും പോഷകാഹാരക്കുറവും വന്യമൃഗങ്ങളുടെ ആക്രമണവും ജനജീവിതം ദുസ്സഹമാക്കിയെന്നും മുസ്ളിം സഹോദരരുടെ സ്ഥിതിയിൽ അതീവ ദുഃഖിതരാണെന്നും മനുഷ്യത്വത്തെ മാനിക്കണമെന്നും സാമുവേൽ പ്യാര ഏഷ്യാ ന്യൂസിനോട് പറഞ്ഞു.

വിപ്ലവ സംഘങ്ങൾക്കിടയിൽ പെട്ടു പോയവരാണ് അഭയാർത്ഥികളിലേറെയും. ബംഗാളി സംസാരിക്കുന്ന രോഹിൻഗ്യ മുസ്ലിംങ്ങളെ ബംഗ്ലാദേശ് സ്വീകരിക്കുകയാണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മ്യാൻമാർ സെക്യൂരിറ്റി ഫോഴ്സ് നടത്തിയ പ്രത്യാക്രമണത്തെ തുടർന്ന് നാല് ലക്ഷത്തോളം അഭയാർത്ഥികൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തുവെന്നാണ് യു.എൻ ഹൈക്കമ്മീഷൻ നല്‍കുന്ന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. മുപ്പതിനായിരത്തോളം റാക്കിൻ ഗ്രൂപ്പുകളും പലായനം ചെയ്തവരിൽ ഉൾപ്പെടും.

മിലിറ്ററി സംഘർഷം നിലനില്ക്കുന്ന മ്യാൻമാറിലെ മറ്റ് ന്യൂനപക്ഷങ്ങളുടെ നിലനില്പും ആശങ്കയിലാണ്. അതേസമയം കച്ചിൻ സംസ്ഥാനത്തെ ക്രൈസ്തവർക്കും അന്താരാഷ്ട്ര സഹായം അത്യാവശ്യമാണെന്നു റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സന്നദ്ധ പ്രവർത്തകരേയും മാധ്യമ പ്രവര്‍ത്തകരെയും മ്യാൻമാറിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇതിനെതിരെ ക്രൈസ്തവ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. അതേസമയം മ്യാൻമറിൽ നടക്കുന്ന വംശീയാക്രമങ്ങളിൽ ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചു


Related Articles »