India - 2024

മലങ്കര കത്തോലിക്കാ സഭയില്‍ പുതുതായി നിയമിക്കപ്പെട്ട ബിഷപ്പുമാരുടെ സ്ഥാനാരോഹണം 21ന്

സ്വന്തം ലേഖകന്‍ 18-09-2017 - Monday

അടൂര്‍: മലങ്കര കത്തോലിക്കാ സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മോണ്‍.ഡോ.ഗീവര്‍ഗീസ് കാലായില്‍ റമ്പാന്റെയും മോണ്‍.ഡോ.യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റമ്പാന്റെയും മെത്രാഭിഷേകം 21നു നടക്കും. 87ാമത് പുനരൈക്യവാര്‍ഷിക സഭാസംഗമത്തിനു വേദിയൊരുങ്ങുന്ന അടൂര്‍ മാര്‍ ഈവാനിയോസ് നഗറിലാണ് അഭിഷേക ശുശ്രൂഷ നടക്കുക. പുത്തൂര്‍ രൂപതയുടെ അധ്യക്ഷനായാണ് മോണ്‍.ഡോ.ഗീവര്‍ഗീസ് കാലായില്‍ നിയമിതനായിരിക്കുന്നത്. കൂരിയ ബിഷപ്പും യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്ഡ്് എന്നിവിടങ്ങളിലെ അപ്പസ്‌തോലിക വിസിറ്ററുമായാണ് മോണ്‍.ഡോ.യൂഹാനോന്‍ കൊച്ചുതുണ്ടില്‍ നിയമിക്കപ്പെട്ടിരിക്കുന്നത്.

അന്ത്യോക്യാ സുറിയാനി കത്തോലിക്കാ പാത്രിയര്ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ, സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ എന്നിവരോടൊപ്പം നിയുക്ത ബിഷപ്പുമാരെയും 21നു രാവിലെ എട്ടിന് സ്വീകരിക്കും. തുടര്‍ന്നു മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി നടക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ വചനസന്ദേശം നല്കും.

സമൂഹബലി മധ്യേ മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനാകും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയും മെത്രാപ്പോലീത്തമാരും സഹകാര്‍മ്മികരാകും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണു പുതിയ മെത്രാന്മാരുടെ പ്രഖ്യാപനം ഉണ്ടായത്. പിന്നീട് ഇരുവര്‍ക്കും റമ്പാന്‍ പട്ടം നല്‍കിയിരിന്നു.


Related Articles »