India - 2024

ഫാ. ടോം തടവറയെ കിരീടമാക്കിയ വൈദികന്‍: മാര്‍ ജേക്കബ് മുരിക്കന്‍

സ്വന്തം ലേഖകന്‍ 02-10-2017 - Monday

രാമപുരം: തടവറയെ കിരീടമാക്കിയ വൈദികനാണ് ഫാ. ടോമെന്നും തടവിലാക്കപ്പെടുന്നതിനു മുന്പ് മൊട്ടായിരുന്നത് പുഷ്പമായി ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ എത്തിയിരിക്കുകയാണെന്നും പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. അപ്രതീക്ഷിതമായ വസന്തത്തില്‍ വിരിഞ്ഞ പുഷ്മാണ് ഫാ. ടോം ഉഴുന്നാലിലെന്നും അതു സഹനത്തിന്റെ വസന്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫാ.ടോമിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാമപുരം പള്ളിയില്‍ നടന്ന കൃതജ്ഞതാബലിക്കു ശേഷം പാരീഷ് ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ മുരിക്കന്‍.

ഫാ. ടോം ഒരു ജാലകമാണ്. ദൈവം അദ്ദേഹത്തെ ലോകത്തിനുവേണ്ടി വാചാലനാക്കിയിരിക്കുകയാണ്. മുന്‍പ് മിതഭാഷിയായിരുന്ന അദ്ദേഹം ഇപ്പോള്‍ ദൈവകാരുണ്യമാണ് പ്രഘോഷിക്കുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന ദൈവത്തിന്റെ ചരടായി അദ്ദേഹം മാറിയിരിക്കുന്നു. മനുഷ്യന്റെ നിസാരതകളിലാണ് ദൈവം തന്റെ ശക്തി തെളിയിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഫൊറോന വികാരി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍ സ്വാഗതം ആശംസിച്ചു.

ഇടവകയിലെ വൈദികരുടെ കൂട്ടായ്മ പ്രതിനിധിയായ റവ. ഡോ.അഗസ്റ്റിന്‍ കൂട്ടിയാനി, ജോണ്‍ കച്ചിറമറ്റം, കത്തോലിക്ക കോണ്ഗ്ര സ് രൂപത പ്രസിഡന്റ് സാജു അലക്‌സ്, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് കീലത്ത്, രാമപുരം ഫൊറോന പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വിന്‍സെന്റ് കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിലെ വൈദികര്‍, ഭക്തസംഘടനാ പ്രതിനിധികള്‍, സന്യാസസഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസയറിയിച്ചു. പാലാ ബിഷപ്‌സ് ഹൗസില്‍നിന്നു രാമപുരത്തേക്കുള്ള യാത്രയില്‍ അന്പതോളം എസ്എംവൈഎം പ്രവര്‍ത്തകര്‍ ബൈക്കില്‍ ഫാ. ടോമിനെ അനുഗമിച്ചിരുന്നു.


Related Articles »