Arts

ബൈബിളിലെ 20 പുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കിയ ടോം മെയറിന്റെ സേവനം ഇനി ക്രിയേഷന്‍ മ്യൂസിയത്തില്‍

പ്രവാചകശബ്ദം 18-06-2022 - Saturday

കെന്റക്കി: ബൈബിളിലെ 20 പുസ്തകങ്ങള്‍ മനഃപാഠമാക്കിക്കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച 'ബൈബിള്‍ മെമ്മറി മാന്‍' ടോം മെയര്‍ കെന്റക്കിയിലെ പീറ്റേഴ്സ്ബര്‍ഗിലെ ക്രിയേഷന്‍ മ്യൂസിയത്തിലെ സന്ദര്‍ശകരെ വിശുദ്ധ ലിഖിതങ്ങള്‍ ഓര്‍മ്മയില്‍വെക്കുവാനുള്ള പൊടിക്കൈകള്‍ പഠിപ്പിച്ചുകൊണ്ട് വീണ്ടും ശ്രദ്ധ നേടുന്നു. കാലിഫോര്‍ണിയയിലെ റെഡ്ഢിങ്ങിലെ ശാസ്ത ബൈബിള്‍ കോളേജിലെ പ്രൊഫസറായ ടോം മെയര്‍ ഈ മാസം ആദ്യം മുതലാണ്‌ മ്യൂസിയത്തിലെ ക്ലാസ്സുകള്‍ക്കും, ശില്‍പ്പശാലകള്‍ക്കും മേല്‍നോട്ടം വഹിക്കുവാന്‍ ആരംഭിച്ചത്. എങ്ങനെയാണ് തിരുവെഴുത്തുകള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതെന്നും, ബൈബിളില്‍ നിന്നുള്ള നേട്ടങ്ങളേക്കുറിച്ചും പഠിപ്പിക്കുവാനായിട്ടാണ് താന്‍ ശില്‍പ്പശാലകള്‍ നടത്തുന്നതെന്നു ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന് നല്‍കിയ അഭിമുഖത്തില്‍ മെയര്‍ പറഞ്ഞു. ഇതിനായി തന്റെ കുടുംബം കെന്റക്കിയിലേക്ക് താമസം മാറ്റിയെന്നും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വഴി ശാസ്താ കോളേജിലെ പഠിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ദശാബ്ദക്കാലം കാലിഫോര്‍ണിയയിലെ വിവിധ ദേവാലയങ്ങളില്‍ ഞായറാഴ്ചകളില്‍ ഓര്‍മ്മയില്‍ നിന്നും ദൈവവചനം പ്രഘോഷിക്കുകയും, വിശുദ്ധ ലിഖിതങ്ങള്‍ ഓര്‍മ്മയില്‍ വെക്കുവാന്‍ ശാസ്താ കോളേജിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്ത ശേഷം തന്റെ ആറംഗ കുടുംബം ഇപ്പോള്‍ ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണെന്ന്‍ മെയര്‍ പറയുന്നു. തങ്ങള്‍ എങ്ങോട്ട് പോകണമെന്ന്‍ കാണിച്ചു തരുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ദൈവം ഈ വാതില്‍ തുറന്നു തന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനഃപാഠമാക്കലിനെ കുറിച്ച് താന്‍ വിശുദ്ധ നാട്ടില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയും, ദൈവവചനം തങ്ങളുടെ ഉള്ളില്‍ പതിപ്പിച്ചുവെക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്നും മെയര്‍ പറയുന്നു.

തനിക്ക് ദൈവം നല്‍കിയ ഈ കഴിവ് ദൈവത്തിന്റെ മഹത്വത്തിനായി ഉപകാരപ്പെടുത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ജീവന്റെ ഉത്ഭവത്തേക്കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ആന്‍സ്വേഴ്സ് ഇന്‍ ജെനസിസ്’ എന്ന ക്രിസ്ത്യന്‍ സംഘടനയാണ് 2007-ല്‍ ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മ്യൂസിയങ്ങളിലൊന്നായ ക്രിയേഷന്‍ മ്യൂസിയം നിര്‍മ്മിക്കുന്നത്.

ക്രിയേഷന്‍ മ്യൂസിയവും സഹോദര സ്ഥാപനമായ ‘ദി ആര്‍ക്ക് എന്‍കൗണ്ടറും' 2020-ല്‍ ‘യു,എസ്.എ റ്റുഡേ’ 10 ബെസ്റ്റ് റീഡേഴ്സ് ചോയിസ് അവാര്‍ഡില്‍ അമേരിക്കയിലെ മതപരമായ മ്യൂസിയങ്ങളിലെ ഏറ്റവും നല്ല മ്യൂസിയങ്ങള്‍ക്കുള്ള ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നു. നോഹയുടെ പെട്ടക രൂപത്തിലുള്ള ദി ആര്‍ക്ക് എന്‍കൗണ്ടറിന് ഒന്നാം സ്ഥാനവും, ക്രിയേഷന്‍ മ്യൂസിയത്തിന് രണ്ടാം സ്ഥാനവും ലഭിച്ചപ്പോള്‍ വാഷിംഗ്‌ടണ്‍ ഡി.സി യിലെ മ്യൂസിയം ഓഫ് ദി ബൈബിളിനായിരുന്നു മൂന്നാം സ്ഥാനം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »