Arts

യേശു ജനിച്ച സ്ഥലത്തെ തിരുപിറവിപ്പള്ളിയുടെ ആധികാരികത സ്ഥിരീകരിച്ച് പ്രൊഫ. ടോം മേയര്‍

പ്രവാചക ശബ്ദം 23-12-2020 - Wednesday

ബെത്ലഹേം: യേശുക്രിസ്തുവിന്റെ ജനനം, ജീവിതം, മരണം എന്നിവയുമായി ബന്ധപ്പെട്ട പുരാതന സ്ഥലങ്ങളും പുരാവസ്തു തെളിവുകളും സംബന്ധിച്ചു കാലങ്ങളായി പഠനം തുടരുന്നത്തിനിടയില്‍ ബെത്ലഹേമിലെ തിരുപ്പിറവിപ്പള്ളിയുടെ ആധികാരികത സംബന്ധിച്ച് കാലിഫോര്‍ണിയയിലെ പ്രൊഫസ്സറായ ടോം മേയര്‍ നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. തിരുപ്പിറവിപ്പള്ളിയില്‍ അടയാളപ്പെടുത്തിരിക്കുന്ന സ്ഥലത്താണ് യേശു ജനിച്ചതെന്ന വിശ്വാസത്തെ അദ്ദേഹം സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. തിരുപ്പിറവിപ്പള്ളിയുമായി ബന്ധപ്പെട്ട പുരാവസ്തു തെളിവുകളും സ്മരണകളും ചരിത്രത്തില്‍ നിന്നും തുടച്ചുമാറ്റുവാന്‍ റോമാക്കാര്‍ എത്ര ശ്രമിച്ചിട്ടും അവ കാലത്തെ അതിജീവിച്ചുവെന്നും പ്രൊഫ. മേയര്‍ പറഞ്ഞു.

ഈ സ്ഥലം മറച്ചുവെക്കുന്നതിന്റേയും, വികൃതമാക്കുന്നതിന്റേയും ഭാഗമായി ഇവിടെ ഒരു ഗ്രീക്ക് ദേവന്റെ ക്ഷേത്രം റോമാക്കാര്‍ നിര്‍മ്മിച്ചിരുന്നതായും ‘എക്സ്പ്രസ്.കൊ.യുകെ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രൊഫ. മേയര്‍ പറഞ്ഞു. ആയിരകണക്കിന് വര്‍ഷത്തെ പാരമ്പര്യവും പുരാവസ്തു തെളിവുകളും മിശിഹ ജനിച്ച സ്ഥലത്തിന്റെ ആധികാരികതയെ സൂചിപ്പിക്കുന്നുവെന്നും, യേശുവിന്റെ ജനനവുമായി അഭേദ്യമായ ബന്ധമുള്ളതിനാലാണ് പുനരുത്ഥാനത്തിന് ശേഷം ബെത്ലഹേം ജനശ്രദ്ധയാകര്‍ഷിച്ചതെന്നും പ്രൊഫ. മേയര്‍ ചൂണ്ടിക്കാട്ടി.

യേശുവുമായി ബന്ധപ്പെട്ട സ്മരണകള്‍ റോമന്‍ ജീവിതരീതികള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ട് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (എ.ഡി 117-138) അവ തുടച്ചുമാറ്റുന്നതിനുള്ള ഒരു ശ്രമം നടത്തിയിരുന്നു. യേശു ജനിച്ച ഗുഹയുടെ മുകളില്‍ തോട്ടവും, ഗ്രീക്ക് ദേവനായ അഡോണിസിന്റെ ക്ഷേത്രവും പണികഴിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് പ്രൊഫസര്‍ പറയുന്നത്.

ഓരോ വര്‍ഷവും ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് തിരുപിറവിപ്പള്ളി. ദേവാലയത്തിലെ യേശു ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം 14 ഇതളുകളുള്ള വെള്ളി നക്ഷത്രാകൃതി കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുകളില്‍ വിവിധ സഭകളെ പ്രതിനിധീകരികരിക്കുന്ന 15 വെള്ളി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈനാണ് തിരുപ്പിറവിപ്പള്ളി പണികഴിപ്പിക്കുന്നത്. പ്രശസ്തിക്കൊത്ത വലുപ്പം ദേവാലയത്തിനില്ലാതിരുന്നതിനാല്‍ പിന്നീട് ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഈ പള്ളി പൊളിച്ച് വിശാലമാക്കി പണിതു.

രക്തസാക്ഷിയായ ജസ്റ്റിന്‍, അലെക്സാണ്ട്രിയയിലെ ഓറിഗന്‍, ഹിയറോണിമസിലെ ജെറോം തുടങ്ങിയ പ്രമുഖര്‍ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ബോര്‍ഡ്യൂക്സിലെ തീര്‍ത്ഥാടകന്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ജെറുസലേം തീര്‍ത്ഥാടന ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള വിവരണത്തിലും കോണ്‍സ്റ്റന്‍ന്‍റൈന്റെ നിര്‍ദ്ദേശ പ്രകാരം ദേവാലയം പണികഴിപ്പിച്ച കാര്യം പറയുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »