India - 2024

ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് നിത്യതയിലേക്ക് യാത്രയായിട്ട് 48 വര്‍ഷം

സ്വന്തം ലേഖകന്‍ 09-10-2017 - Monday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് 48വര്‍ഷം. അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം കബറിട പള്ളിയില്‍ ഇന്നു രാവിലെ 5.30ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുസ്മരണ ബലിയര്‍പ്പിച്ചു. രാവിലെ ഏഴിന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് കുഴിഞ്ഞാലിലും 9.30ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പുളിക്കലും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു

ഉച്ചകഴിഞ്ഞ് മൂന്നിന് അതിരൂപത വികാരിജനറാള്‍ മോണ്‍.ജയിംസ് പാലയ്ക്കല്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിന് എംസിബിഎസ് കോട്ടയം പ്രൊവിന്‍സ് പ്രൊവിഷ്യാള്‍ ഫാ. ഡൊമനിക് മുത്തനാട്ട് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. മാത്തച്ചന്‍ എന്നു വിളിപ്പേരുണ്ടായിരുന്ന മാര്‍ മാത്യു കാവുകാട്ട് പ്രവിത്താനം കാവുകാട്ട് ചുമ്മാറിന്റെയും ത്രേസ്യാമ്മയുടെയും ആറാമത്തെ സന്താനമായി 1904 ജൂലൈ 17നാണ് ജനിച്ചത്.

1935 ഡിസംബര്‍ 21നു ബ്രദര്‍ കാവുകാട്ടും മറ്റു 19 പേരും ബിഷപ് മാര്‍ കാളാശേരിയില്‍നിന്നു വൈദികപട്ടമേറ്റ് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. വിനീതവും സ്നേഹനിര്‍ഭരവുമായ പെരുമാറ്റ ശൈലി അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി.1950-ല്‍ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1956 ഓഗസ്റില്‍ ചങ്ങനാശേരി അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ കാവുകാട്ട് പിതാവ് അതിരൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്തയായി.

പിതാവിന്റെ പൌരോഹിത്യ രജതജൂബിലി സ്മാരകമായി ഭവനനിര്‍മാണപദ്ധതി ആവിഷ്കരിച്ചതു നവീനമായൊരു ആശയമായിരുന്നു. ഈ മഹനീയ മാതൃകയാണു പിന്നീടു മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരെ ലക്ഷംവീട് പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മാതൃകാപരമായ സഭാസേവനം ചെയ്ത കാവുകാട്ട് പിതാവ് 1969 ഒക്ടോബര്‍ ഒമ്പതിനാണ് അന്തരിച്ചത്. 1994ല്‍ അദ്ദേഹം ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു. നാമകരണ നടപടികളുടെ ഭാഗമായി 2006 സെപ്‌റ്റംബര്‍ 19നു മെത്രാപ്പോലീത്തന്‍ പള്ളിയിലെ മാര്‍ കാവുകാട്ടിന്റെ കബറിടം തുറന്നു പരിശോധിച്ചിരിന്നു. ദിനംപ്രതി നിരവധി വിശ്വാസികളാണ് മെത്രാപ്പോലീത്തന്‍പള്ളിയിലെ ദൈവദാസന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി മടങ്ങുന്നത്.


Related Articles »