News

ദൈവദാസൻ മാർ ഈവാനിയോസിനെ ധന്യ പദവിയിലേക്ക് ഉയര്‍ത്തി

പ്രവാചകശബ്ദം 14-03-2024 - Thursday

വത്തിക്കാന്‍ സിറ്റി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ മാർ ഈവാനിയോസിനെ മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി . മാർ ഈവാനിയോസിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു ധന്യപദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ഡിക്രിയില്‍ ഇന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവെച്ചത്. ഇതോടെ വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെടാനുള്ള സാധ്യത കൂടുതല്‍ സജീവമായിരിക്കുകയാണ്. ദൈവദാസൻ മാർ ഈവാനിയോസിനെ കൂടാതെ 11 പേരുടെ നാമകരണ നടപടികള്‍ക്ക് കൂടി ഫ്രാന്‍സിസ് പാപ്പ ഇന്നു അനുമതി നല്‍കിയിട്ടുണ്ട്. കേരള ക്രൈസ്തവ സഭയിൽ, പ്രത്യേകിച്ചു മലങ്കര സുറിയാനി സഭയിൽ പുനഃരൈക്യ പ്രസ്ഥാനത്തിലൂടെ ധീരമായ ആത്മീയ വിപ്ലവത്തിന് നേതൃത്വം കൊടുത്ത ശ്രേഷ്ഠ വ്യക്തിയാണ് സീറോ മലങ്കര സഭയുടെ പ്രഥമ ആർച്ച്ബിഷപ്പ് ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ്.

1882-ലാണ് മാവേലിക്കരയ്ക്കടുത്തുള്ള പുതിയകാവില്‍ പണിക്കരു വീട് എന്ന കുടുംബത്തില്‍ ദൈവദാസന്‍ ജനിച്ചത്. തോമാ പണിക്കരും അന്നമ്മയുമായിരുന്നു മാതാപിതാക്കള്‍. യാക്കോബായ സഭയിലെ മെത്രാനായിരുന്ന പുലിക്കോട്ടില്‍ മാര്‍ ദിവന്യാ സിയോസാണ് അന്ന് ഗീവര്‍ഗീസ് എന്നു പേരുള്ള ബാലനെ കോട്ടയം എം.ഡി. സെമിനാരിയിലേക്ക് നയിച്ചത്. കൂദാശകളെക്കുറിച്ചുള്ള ഡീക്കന്‍ ഗീവര്‍ഗീസിന്റെ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധ നേടി. 1908 ആഗസ്റ്റ് 15-ന് പരുമലയില്‍വെച്ച് വൈദികനായി അഭിഷിക്തനായി. വട്ടശ്ശേരില്‍ മാര്‍ ദിവന്യാസിയോസാണ് വൈദിക പട്ടം നല്‍കിയത്. കേരളത്തിലെ വൈദികരില്‍ ആദ്യമായി എം.എ. പരീക്ഷ പാസ്സായതുകൊണ്ട് ഫാ. ഗീവര്‍ഗീസിനെ നാട്ടുകാര്‍ എം.എ. അച്ചന്‍ എന്നാണ് വിളിച്ചിരുന്നത്.

ബംഗാളിലെ സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ശമ്പളത്തോടെ ഫാ. വര്‍ഗീസ് നിയമിക്കപ്പെട്ടു. വൈദികനായി പത്തുവര്‍ഷത്തിനുള്ളില്‍ ദൈവദാസന്‍ സ്വന്തം ആത്മീയ പാത തിരിച്ചറിഞ്ഞു. ഭാരതീയ സന്യാസ ശൈലിയില്‍ ബഥനി സന്യാസ സഭ 1919 ആഗസ്റ്റ് 15-ന് സ്ഥാപിതമായി. 1925 ജനുവരി 28-ന് റമ്പാന്‍ പദവി ലഭിച്ചു. അതേ വര്‍ഷം മേയ് ഒന്നിന് നിരണം ഭദ്രാസനാധിപനായി വാഴിക്കപ്പെട്ടു. 1925 സെപ്തംബര്‍ 8-ന് ബഥനി സന്ന്യാസിനീ സഭയ്ക്കും തുടക്കം നല്‍കി.1912-ല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആത്മീയാചാര്യ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ദൈവദാസന്റെ പ്രായം 30 മാത്രം!

മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അദ്ദേഹവും അനുയായികളും 1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. 1930 സെപ്തംബര്‍ 20-ന് കൊല്ലത്തുവച്ച് ബിഷപ്പ് ബന്‍സിഗറിന്റെ മുമ്പില്‍ വിശ്വാസം ഏറ്റുപറഞ്ഞായിരിന്നു കത്തോലിക്കാസഭയുമായി പുനരൈക്യം. 1932-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയെ ഇവാനിയോസ് പിതാവ് സന്ദര്‍ശിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ ഹയരാര്‍ക്കി അങ്ങനെ സ്ഥാപിതമായി.

തിരുവനന്തപുരം ആര്‍ച്ചുബിഷപ്പായിരിക്കെ, തന്റെ അജപാലന ശുശ്രൂഷാകാലത്തെ 22 വര്‍ഷങ്ങള്‍ക്കുള്ളില്‍ ദൈവദാസന്‍ സ്ഥാപിച്ചത് 78 പ്രൈമറി സ്‌കൂളുകളും 18 യു.പി. സ്‌കൂളുകളും 15 ഹൈസ്‌കൂളുകളും 2 ടി.ടി.ഐ.കളും 1 ആര്‍ട്‌സ് കോളേജും. വിടവാങ്ങും മുന്‍പ് മാര്‍ ഈവാനിയോസ് തന്റെ പിന്‍ഗാമിയായി ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിനെ സഹായമെത്രാനായി വാഴിച്ചിരുന്നു. 1953 ജൂലൈ 15 നാണ് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ കാലം ചെയ്ത‌ത്. 2007 ജൂലൈ 14 നു ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു.


Related Articles »