News - 2024

ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ബിഷപ്പുമാര്‍

സ്വന്തം ലേഖകന്‍ 30-10-2017 - Monday

മനില: കത്തോലിക്ക സഭയുമായി സൗഹാർദ്ദം സ്ഥാപിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ബിഷപ്പുമാര്‍. പ്രസിഡന്‍റിന്റെ തീരുമാനം നല്ലൊരു തുടക്കമാണെന്ന് പ്രതീക്ഷിക്കുന്നതായി നോവലിച്ചസ് രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ടിയോഡോറോ ബകനി പറഞ്ഞു. താന്‍ ഏറെ സന്തോഷവാനാണെന്നും ദൈവത്തിന്റെ സ്വരം പ്രസിഡന്‍റ് ശ്രവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ടിയോഡോറോയെ കൂടാതെ മറ്റ് രണ്ട് ഫിലിപ്പീന്‍സ് ബിഷപ്പുമാരും പ്രസിഡന്‍റിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു.

കത്തോലിക്ക സഭാനേതൃത്വവുമായി പ്രസിഡന്‍റ് ഉണ്ടാക്കുന്ന ബന്ധം ആഗോളതലത്തില്‍ തന്നെ വലിയൊരു പ്രതിച്ഛായ ഉണ്ടാക്കുവാന്‍ ഫിലിപ്പീന്‍സിനെ സഹായിക്കുമെന്ന്‍ ഒസാമിസ് അതിരൂപതയുടെ അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജുമോഡ് പറഞ്ഞു. സൊര്‍സോഗോണ്‍ രൂപതയുടെ അദ്ധ്യക്ഷനായ ബിഷപ്പ് അര്‍ടുറോ ബസ്റ്റെസും റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ദൈവത്തെയും മനുഷ്യനെയും പ്രകൃതിയേയും സര്‍ക്കാരും മറ്റുള്ളവരും മറന്ന്‍ കളയരുതെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ 18നു അന്തരിച്ച സെബു അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിഡാലിന് അന്തിമോപചാരം അർപ്പിക്കവേയാണ് സഭയുമായി സൗഹാർദം സ്ഥാപിക്കാൻ തീരുമാനിച്ചതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് വെളിപ്പെടുത്തിയത്. മയക്കുമരുന്നു വേട്ടയുടെ പേരില്‍ ആളുകളെ കൊന്നു തള്ളുന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാൽ ഡ്യൂട്ടേര്‍ട്ടു വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും സഭാംഗങ്ങളെന്ന നിലയിൽ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അന്തരിച്ച കർദ്ദിനാൾ റിക്കാര്‍ഡോ ആഹ്വാനം ചെയ്തിരിന്നു.


Related Articles »