India - 2024

മോണ്‍. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം ബുധനാഴ്ച

സ്വന്തം ലേഖകന്‍ 06-11-2017 - Monday

കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ പ്രഥമ സഹായ മെത്രാനായി നിയമിതനായ മോണ്‍. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം എട്ടാം തീയതി ബുധനാഴ്ച തലശ്ശേരി കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും. മെത്രാഭിഷേക കർമങ്ങൾക്കു മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. രാവിലെ 9.15ന് സാൻജോസ് മെട്രോപൊളിറ്റൻ സ്‌കൂളിൽ നിന്നു കത്തീഡ്രൽ അങ്കണത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിലേക്കു പ്രദക്ഷിണത്തോടെയാണ് ശുശ്രൂഷകള്‍ ആരംഭിക്കുക.

തുടർന്നു മോൺ. ഡോ. ജോസഫ് പാംപ്ലാനിയെ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിയമനപത്രം അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ വായിക്കും. തലശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്‌സ് താരാമംഗലം ആർച്ച് ഡീക്കനാകും. തുടർന്ന് ആഘോഷമായ ദിവ്യബലി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ വചനപ്രഘോഷണം നടത്തും.

കുർബാനയ്ക്കു ശേഷം നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ രൂപതകളിലെ ബിഷപ്പുമാർ, അൽമായ നേതാക്കൾ എന്നിവർ പ്രസംഗിക്കും. വിവിധ രൂപതകളിൽനിന്നായി അൻപതോളം മെത്രാൻമാർ ചടങ്ങിൽ പങ്കെടുക്കും. 64 വർഷത്തെ ചരിത്രമുള്ള തലശ്ശേരി രൂപതയുടെ ആദ്യ സഹായമെത്രാനായാണ് മോൺ. ജോസഫ് പാംപ്ലാനി അഭിഷിക്തനാകുന്നത്.

തലശ്ശേരി അതിരൂപതയിലെ ചരൾ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമായ അദ്ദേഹം അതിരൂപതയിലെ തദ്ദേശീയനായ ആദ്യ മെത്രാനാണ്. സഹായമെത്രാൻ കൂടി അഭിഷിക്തനാകുന്നതോടെ മൂന്ന് ഇടയൻമാരാൽ അനുഗ്രഹിക്കപ്പെടുകയാണ് അതിരൂപതയിലെ വിശ്വാസിസമൂഹം.


Related Articles »