News - 2024

സിസ്റ്റര്‍ റാണി മരിയയുടെ ബലി വിശ്വാസത്തിനും സമാധാനത്തിനും വിത്താണെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 07-11-2017 - Tuesday

വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ റാണി മരിയയുടെ ബലി വിശ്വാസത്തിനും സമാധാനത്തിനും ഒരു വിത്താണെന്നു ഫ്രാന്‍സിസ് പാപ്പ. നവംബര്‍ അഞ്ചാംതീയതി ഞായറാഴ്ച ത്രികാലജപത്തിന് ശേഷമാണ് തലേദിവസം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച റാണി മരിയയെ മാര്‍പാപ്പ സ്മരിച്ചത്. ക്രിസ്തുവിന്‍റെ സ്നേഹത്തിനു സൗമ്യമായ സാക്ഷ്യമേകി സിസ്റ്റര്‍ റാണി രക്തസാക്ഷികളുടെ നീണ്ടനിരയില്‍ ചേരുകയാണെന്നും പാപ്പ പറഞ്ഞു.

"ഇന്ത്യയിലെ ഇന്‍ഡോറില്‍, വാഴത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട റാണി മരിയ വട്ടാലില്‍, ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയിലെ അംഗവും, വിശ്വാസത്തിനുവേണ്ടി 1995-ല്‍ വധിക്കപ്പെട്ടവളുമാണ്. നമ്മുടെ ഈ കാലഘട്ടത്തില്‍ സിസ്റ്റര്‍, ക്രിസ്തുവിന്‍റെ സ്നേഹത്തിനു സൗമ്യമായ സാക്ഷ്യമേകി രക്തസാക്ഷികളുടെ നീണ്ടനിരയില്‍ ചേരുകയാണ്. അവളുടെ ബലി വിശ്വാസത്തിനും സമാധാനത്തിനും ഒരു വിത്താണ്. പ്രത്യേകിച്ചും ഇന്ത്യയില്‍. അവര്‍ അവളെ വിളിക്കുന്നത്, പുഞ്ചിരിയുടെ സിസ്റ്റര്‍ എന്നാണ്." പാപ്പ പറഞ്ഞു.

ത്രികാലജപത്തിനു മുമ്പ് പാപ്പ നല്‍കിയ സന്ദേശം ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ വായനയെ അടിസ്ഥാനമാക്കിയായിരുന്നു. അധികാരം ഒരു സഹായമാണ്. എന്നിരുന്നാലും അത് മോശമായി നിര്‍വഹിക്കപ്പെടുന്നുവെങ്കില്‍, അതു അടിച്ചമര്‍ത്തുന്നതും, ജനത്തെ വളരാനനുവദിക്കാത്ത, അവിശ്വാസത്തിന്‍റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതും ഒപ്പം ചൂഷണത്തിലേക്കു നയിക്കുന്നതും ആയി മാറും. നമുക്കിടയില്‍ ഉണ്ടായിരിക്കേണ്ടത്, ലാളിത്യവും സാഹോദര്യവും നിറഞ്ഞ മനോഭാവമാണ്.

നാമെല്ലാവരും സഹോദരങ്ങളാണ്, അതിനാല്‍ യാതൊരുതരത്തിലും നാം മറ്റുള്ളവരെ താഴെയുള്ളവരായി പരിഗണിക്കരുത്. നാമെല്ലാവരും സഹോദരങ്ങളാണ്. നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവില്‍ നിന്ന് നല്ല ഗുണങ്ങള്‍ നാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അത് നമ്മുടെ സഹോദരര്‍ക്കു വേണ്ടിയുള്ളതാണ്.നമ്മുടെ സഹോദരങ്ങളുടെ ശുശ്രൂഷയ്ക്കും അവരുടെ ആനന്ദത്തിനുമായി ശുശ്രൂഷചെയ്യാന്‍ ഇടയാകട്ടെ എന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »