News - 2025

എക്യുമെനിക്കല്‍ കുര്‍ബാന: പ്രചാരണങ്ങള്‍ നിഷേധിച്ച് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 07-11-2017 - Tuesday

വത്തിക്കാന്‍ സിറ്റി: കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും സംയുക്തമായി എക്യുമെനിക്കല്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനു ഒരുക്കമായി പരിശുദ്ധ സിംഹാസനം രഹസ്യകമ്മീഷനെ നിയമിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ പൂര്‍ണ്ണമായി നിഷേധിച്ച് വത്തിക്കാന്‍. വത്തിക്കാന്‍ മാധ്യമ വിഭാഗം തലവന്‍ ഗ്രെഗ് ബര്‍ക്ക്, ആരാധന തിരുസംഘത്തിന്റെ മുതിര്‍ന്ന പദവി വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചെ എന്നിവരാണ് പ്രചരണത്തെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഇത് അങ്ങേയേറ്റം തെറ്റായ പ്രചരണമാണെന്നു ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചെ വ്യക്തമാക്കി. അടുത്തിടെ എക്യുമെനിക്കല്‍ കുര്‍ബാനയുടെ സാധ്യതയെക്കുറിച്ച് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ മാര്‍ക്കോ ടൊസ്സാട്ടി തന്റെ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫ്രാന്‍സിസ് പാപ്പായുടെ കീഴിലുള്ള ഒരു കമ്മിറ്റി ഇതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം തന്റെ ലേഖനത്തില്‍ കുറിച്ചത്.

ഇക്കാര്യം വ്യാപകമായി സോഷ്യല്‍ മീഡിയായിലൂടെയും ചില മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരിന്നു. ഇതിനെ നിഷേധിച്ചുകൊണ്ടാണ് വത്തിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും അടിസ്ഥാന കാര്യങ്ങളില്‍ യോജിപ്പില്ലാത്ത സാഹചര്യത്തില്‍ എക്യുമെനിക്കല്‍ ബലിയര്‍പ്പണം അസാധ്യമാണെന്ന് ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ റെയിനര്‍ മരിയ വോയെല്‍ക്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.

More Archives >>

Page 1 of 245