News - 2024

“യേശു വിളിക്കുന്നു”: ലാസ് വേഗാസില്‍ മരണമടഞ്ഞവരെ നിറകണ്ണുകളോടെ സ്മരിച്ചു കാരി അണ്ടര്‍വുഡ്

സ്വന്തം ലേഖകന്‍ 10-11-2017 - Friday

ന്യൂയോര്‍ക്ക്: ലാസ് വേഗാസിലെ സംഗീത നിശയ്ക്കിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നടന്ന 51-മത് കൗണ്ടി മ്യൂസിക്ക് അസോസിയേഷന്‍ (CMA) അവാര്‍ഡ് ദാനത്തില്‍ മുഴങ്ങിയത് യേശുനാമം. നവംബര്‍ 8ന് ടെന്നസ്സിയിലെ നാഷ്വില്ലേയിലുള്ള ബ്രിഡ്ജ്സ്റ്റോണ്‍ അരേനയില്‍ വെച്ചായിരുന്നു അവാര്‍ഡ് നിശ അരങ്ങേറിയത്. “അമേസിംഗ് ഗ്രേസ്” എന്ന ഗാനവുമായി എറിക് ചര്‍ച്ചിന്റെ പ്രകടനത്തോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. എന്നാല്‍ പരിപാടിയിലെ താരമായത് യേശു നാമം ഉയര്‍ത്തി പാടിയ കാരി അണ്ടര്‍വുഡ് ആയിരുന്നു.

ലാസ് വേഗാസിലെ വെടിവെപ്പില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മയില്‍ “യേശു വിളിക്കുന്നു” എന്ന ഗാനവുമായി കാരി ശ്രോതാക്കളുടെ മനം നിറച്ചു. പാടുന്നതിനിടയില്‍ തന്റെ പിറകിലുള്ള വലിയ സ്ക്രീനില്‍ മരണമടഞ്ഞവരുടെ ചിത്രങ്ങള്‍ മിന്നിമറഞ്ഞപ്പോള്‍ അണ്ടര്‍വുഡ് വികാരഭരിതയായി. പലപ്പോഴും വിതുമ്പുകയും, വരികള്‍ പാടുവാന്‍ ബുദ്ധിമുട്ടുന്നതും വ്യക്തമായിരിന്നു. യേശുനാമം ആവര്‍ത്തിച്ചുള്ള അവരുടെ ഗാനം ആയിരങ്ങളുടെ കണ്ണുനിറച്ചു. പോള്‍ മില്ലറിന്റെ സംവിധാനത്തില്‍ നടന്ന പരിപാടിയില്‍ ബ്രാഡ് പ്രൈസ്ലിയും, കാരി അണ്ടര്‍വുഡുമായിരുന്നു അവതാരകര്‍.

‘എന്റര്‍ടെയിനര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം ഗാര്‍ത്ത് ബ്രൂക്കിനാണ് ലഭിച്ചത്. “ഹോള്‍ഡ്‌ മൈ ഹാന്‍ഡ്” എന്ന സംഘഗാനവും പരിപാടിയുടെ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. 2005-ലെ ‘അമേരിക്കന്‍ ഐഡള്‍’ നാലാം സീസണിന്റെ വിജയത്തോടെ പ്രശസ്തിയിലേക്ക് കുതിച്ച അണ്ടര്‍വുഡ് ഒരു ഗായിക എന്നതിനപ്പുറം ഗാനരചയിതാവും അഭിനേത്രിയുമാണ്. അണ്ടര്‍വുഡിനെ പ്രശസ്തയാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഗാനമാണ് ‘ജീസസ് ടേക് ദി വീല്‍” എന്ന ക്രിസ്ത്യന്‍ ഗാനം.


Related Articles »