News - 2024

യേശുവിന്റെ തിരുകല്ലറയുടെ അനുഭവം പകരാന്‍ വിര്‍ച്വല്‍ ടൂറുമായി നാഷണൽ ജിയോഗ്രഫിക് മ്യൂസിയം

സ്വന്തം ലേഖകന്‍ 13-11-2017 - Monday

വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ തിരുക്കല്ലറ നേരിട്ടു സന്ദര്‍ശിക്കുന്ന പ്രതീതി ഒരുക്കികൊണ്ടുള്ള 3ഡി വിര്‍ച്വല്‍ ടൂറുമായി വാഷിംഗ്ടണിലെ നാഷണൽ ജിയോഗ്രഫിക് മ്യൂസിയം. നവംബർ 15 ബുധനാഴ്ച മുതല്‍ 2018 ഓഗസ്റ്റ് 15 വരെയാണ് ത്രിമാന സാങ്കൽപ്പിക തീർത്ഥയാത്രയ്ക്കു സമാനമായ സാഹചര്യം വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്. യേശുവിന്റെ തിരുക്കല്ലറയിലെ കാഴ്ചകള്‍ പൂര്‍ണ്ണമായും ഉള്‍കൊള്ളിച്ച് കൊണ്ടുള്ള കാഴ്ചകളാണ് ജിയോഗ്രഫിക് മ്യൂസിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

ചരിത്രപരമായ അറിവുകൾ നേടുന്നതിനുമപ്പുറം ക്രിസ്തുവുമായി കൂടുതൽ ഐക്യപ്പെടാന്‍ വിര്‍ച്വല്‍ തീർത്ഥാടനം സഹായിക്കുമെന്നു കാമരില്ലോ സെന്റ് ജോൺസ് സെമിനാരിയിലെ അക്കാഡമിക് ഡീനും ദൈവശാസ്ത്ര പ്രൊഫസറുമായ ആന്റണി ലില്ലെസ് പറഞ്ഞു. അടുത്തിടെയാണ് തിരുക്കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂർത്തിയായത്. അതിനാല്‍ വിര്‍ച്വല്‍ ടൂറില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്ന നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

തീർത്ഥാടനത്തിനു എത്തുന്നവർ പ്രാർത്ഥിച്ച് ഒരുങ്ങി എത്തണമെന്നും സന്ദർശനത്തിന് മുൻപ് ആളുകൾ യേശുവിന്റെ പീഢാനുഭവങ്ങളും ഉയിർപ്പുമടങ്ങിയ സുവിശേഷം വായിക്കണമെന്നും ആന്റണി ലില്ലെസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് നാലാം നൂറ്റാണ്ടിൽ യേശുവിന്റെ തിരുക്കല്ലറ കണ്ടെത്തിയത്. എഡി 326ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി തിരുക്കല്ലറയുടെ ദേവാലയം പുതുക്കി പണിയുകയായിരിന്നു.


Related Articles »