News - 2025
തിരുകല്ലറയിലെ ‘ഹോളി ഫയര്‍’ ആഘോഷത്തിനായി എത്തിയത് പതിനായിരങ്ങള്‍
സ്വന്തം ലേഖകന്‍ 09-04-2018 - Monday
ജെറുസലേം: ഓര്‍ത്തഡോക്സ് ക്രൈസ്തവ സമൂഹത്തിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷമായ ‘ഹോളി ഫയര്‍’ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തില്‍ എത്തിയത് പതിനായിരകണക്കിന് വിശ്വാസികള്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ‘ഹോളി ഫയര്‍’ ആഘോഷം നടന്നത്. ഏതാണ്ട് 1200-ഓളം വര്‍ഷങ്ങളുടെ പഴക്കമുള്ള ആഘോഷമാണ് ഹോളി ഫയര്‍ ആഘോഷം. പ്രാര്‍ത്ഥനാനിര്‍ഭരമായ ആഘോഷവേളയില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഉന്നത പുരോഹിതര്‍ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിലെ യേശുവിന്റെ കല്ലറ എന്നുകരുതുന്ന പ്രത്യേക അറയില്‍ കടന്നു സ്വര്‍ഗ്ഗത്തില്‍ നിന്ന് ലഭിച്ച സന്ദേശം എന്ന നിലയില്‍ കത്തിച്ച മെഴുകുതിരിയുമായി പുറത്തേക്ക് വരുന്നതുമാണ് ചടങ്ങ്. പുരോഹിതരില്‍ നിന്നും പകര്‍ന്നുകിട്ടിയ അഗ്നി സ്വീകരിക്കുവാന്‍ ആയിരകണക്കിന് വിശ്വാസികളാണ് ദേവാലയത്തിന് പുറത്ത് കാത്തു നിന്നത്.
അറക്കുള്ളില്‍ വെച്ച് പരിശുദ്ധാഗ്നിയാല്‍ അത്ഭുതകരമായാണ് ഈ മെഴുകുതിരി കത്തുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നതെങ്കിലും ഈ അഗ്നിയുടെ യഥാര്‍ത്ഥ ഉറവിടം ഇപ്പോഴും രഹസ്യമാണ്. ‘ഹോളി ഫയര്‍’ ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് വലിയ മുന്‍കരുല്‍ എടുത്തിരുന്നുവെന്നും സമാധാനപരമായി തന്നെ ആഘോഷം നടന്നുവെന്നും പോലീസ് അറിയിച്ചു. റോമന്‍ കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, തുടങ്ങിയ ക്രിസ്ത്യന്‍ സഭകള്‍ക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ് ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം. അതിനാല്‍ ഹോളി ഫയര്‍ ആഘോഷത്തിന് ആഗോള തലത്തില്‍ വന്‍പിന്തുണയാണ് ലഭിക്കാറുള്ളത്. ഇന്നലെയാണ് ഓര്‍ത്തഡോക്സ് സമൂഹം ഈസ്റ്റര്‍ കൊണ്ടാടിയത്.