News - 2025
തിരുകല്ലറ ദേവാലയം തീര്‍ത്ഥാടകര്‍ക്ക് തുറന്നു നല്‍കി
സ്വന്തം ലേഖകന്‍ 01-03-2018 - Thursday
ജെറുസലേം: ക്രൈസ്തവ സഭാനേതൃത്വം കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിന്ന യേശുവിനെ സംസ്ക്കരിച്ച തിരുകല്ലറ ദേവാലയം തീര്‍ത്ഥാടകര്‍ക്ക് തുറന്നു കൊടുത്തു. സര്‍ക്കാരിന്റെ നികുതി നയത്തില്‍ ക്രൈസ്തവ സഭകള്‍ സംയുക്ത പ്രതിഷേധം നടത്തിയ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ഇസ്രായേലി ഗവണ്‍മെന്റ് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതിനെ തുടര്‍ന്നാണ് തിരുകല്ലറ ദേവാലയം തുറന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ദേവാലയം അടച്ചിട്ടത്. പള്ളി സന്ദര്‍ശിക്കാനെത്തിയ തീര്‍ത്ഥാടകര്‍ അടച്ചിട്ട വാതിലിനു മുന്നില്‍ പ്രാര്‍ത്ഥിച്ചാണ് കഴിഞ്ഞ മൂന്നു ദിവസവും മടങ്ങിയത്.
ഇന്നലെ രാവിലെ നാലിന് ദേവാലയം തുറക്കുകയായിരിന്നു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍, കത്തോലിക്കാ സഭകള്‍ സംയുക്തമായാണ് പള്ളി സംരക്ഷിക്കുന്നത്. പള്ളികളുടെ ഭൂമി ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ല് ഇസ്രായേലി സര്‍ക്കാര്‍ കൊണ്ടുവരാന്‍ നോക്കിയതും സഭകളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കു ജറുസലേം മുനിസിപ്പാലിറ്റി നികുതി ഏര്‍പ്പെടുത്തിയതുമാണ് തിരുക്കല്ലറ ദേവാലയം അടച്ചിട്ടു പ്രതിഷേധിക്കാന്‍ സഭാ അധികൃതരെ പ്രേരിപ്പിച്ചത്.
അതേസമയം നികുതി പിരിക്കുന്നതിനായി ഇതുവരെ കൈകൊണ്ട നടപടികള്‍ റദ്ദാക്കിയാതായി സര്‍ക്കാര്‍ സഭാനേതൃത്വത്തെ അറിയിച്ചു. ദേവാലയങ്ങള്‍ ഉള്‍പ്പെടാത്ത 887-ഓളം സഭാസ്വത്തുക്കളില്‍ നിന്നും 186 കോടി ഡോളര്‍ നികുതിയിനമായി പിരിച്ചെടുക്കുമെന്ന ജെറുസലേം മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം ഈ മാസത്തിന്റെ ആരംഭത്തിലാണ് പുറത്തുവന്നത്.