News

'റഷ്യന്‍ തിരുകല്ലറ' ദേവാലയത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി

സ്വന്തം ലേഖകന്‍ 02-10-2018 - Tuesday

മോസ്ക്കോ: മൂന്നര നൂറ്റാണ്ട് മുന്‍പ് റഷ്യൻ പാത്രിയര്‍ക്കീസ്‌ നിക്കോൺ പണി കഴിപ്പിക്കുകയും, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമ്മൻ നാസികളാൽ തകർക്കപ്പടുകയും ചെയ്ത ന്യൂ ജറുസലേം എന്ന പേരിൽ അറിയപ്പെടുന്ന സന്യാസ ആശ്രമത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി. ജറുസലേമിലെ യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ മാതൃകയിലാണ് 1656-ല്‍ പാത്രിയര്‍ക്കീസ്‌ നിക്കോൺ ന്യൂ ജറുസലേം ദേവാലയം പണിതത്.

റഷ്യക്കാർക്ക് ജറുസലേമിൽ പോകാനുളള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അതേ മാതൃകയിലുള്ള ഒരു ദേവാലയം പാത്രിയര്‍ക്കീസ്‌ നിക്കോൺ പണിതു നൽകിയത്. പത്താൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, ന്യൂ ജറുസലേം സന്യാസ ആശ്രമം യൂറോപ്പിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു.

ഈ സമയത്ത് ഏതാണ്ട് മുപ്പത്തിഅയ്യായിരത്തോളം ആളുകൾ എല്ലാ വർഷവും സന്യാസ ആശ്രമം സന്ദര്‍ശിക്കാൻ എത്തിയിരിന്നുവെന്നാണ് കണക്കുകള്‍. റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെത്വിദേവ് ആണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയത്. ആശ്രമത്തിന്റെ മതിലുകൾക്ക് ഒരു കിലോമീറ്റർ ആണ് നീളം. തിരുകല്ലറ ദേവാലയത്തിന്റെ അതേ മാതൃകയിലാണ് ദേവാലയത്തിന്റെ ഓരോ ക്രമീകരണമെന്നതും ശ്രദ്ധേയമാണ്.

ആശ്രമത്തിലെ ദേവാലയങ്ങളിൽ യേശുവിന്റെ മരണത്തിനു മുൻപുള്ള നാളുകളും, യേശുവിന്റെ ഉത്ഥാനവും മനോഹരമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ന്യൂ ജറുസലേം സന്യാസ ആശ്രമത്തിന്റെ കൂദാശ കർമ്മത്തിനു ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനും ഇവിടം സന്ദര്‍ശിക്കാൻ എത്തിയിരുന്നു.


Related Articles »