News

സോളമന്‍ പണിത കോട്ടയുടെ ഭാഗങ്ങള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 14-11-2017 - Tuesday

അരാവ: ബൈബിളിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന സോളമന്‍ പണിത കോട്ടയുടേതെന്നു കരുതപ്പെടുന്ന കവാടത്തിന്റെ ഭാഗങ്ങള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി. ഇസ്രായേലിന്റെ തെക്ക് ഭാഗത്തുള്ള താമാര്‍ പാര്‍ക്കില്‍ നടത്തിയ ഉദ്ഘനനത്തിനിടയിലാണ് കവാടങ്ങള്‍ കണ്ടെത്തിയത്. ഇസ്രായേലി പുരാവസ്തു വകുപ്പ് നിയമിച്ച ഗവേഷകരായ ഡോ. ടാലി എറിക്സന്‍ ജിനി, ഡോ. ജെയിംസ് താബോര്‍, ഡോ. യോരാന്‍ ഹായിമി എന്നിവരടങ്ങിയ സംഘമാണ് അഞ്ചു ദിവസം നീണ്ട ഉദ്ഘനനത്തിന് നേതൃത്വം നല്‍കിയത്. നാല് അറകളുള്ള കവാടമാണ് കണ്ടെത്തിയിരിക്കുന്നത്.

സോളമന്‍ പണിത കോട്ടയുടെ കവാടങ്ങളും, കോട്ടകെട്ടി ശക്തമാക്കിയ നഗരത്തിന്റെ അടയാളങ്ങളും തങ്ങള്‍ കണ്ടെത്തിയതായി സംഘത്തില്‍ ഉള്‍പ്പെട്ട പോള്‍ ലാഗ്നോ പറഞ്ഞു. താമാര്‍ പ്രദേശം ജൂദിയായുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നുവെന്ന് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ശരിവെക്കുന്നതാണ് തങ്ങളുടെ കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1 രാജാക്കന്‍മാര്‍ 13:3-ല്‍ പറഞ്ഞിരിക്കുന്നത് പോലെ ജോസിയ രാജാവ് തകര്‍ത്ത വിജാതീയ ക്ഷേത്രങ്ങളുടെ ബലിപീഠങ്ങളുടെ അവശിഷ്ടങ്ങളും കവാടത്തിനു പുറത്തായി തങ്ങള്‍ കണ്ടെത്തിയതായി ലാഗ്നോ പറഞ്ഞു.

“അന്നുതന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു : കര്‍ത്താവാണ് സംസാരിച്ചത് എന്നതിന്റെ അടയാളം ഇതാണ് : ഈ ബലിപീഠം പിളര്‍ന്നു അതിന്‍മേലുള്ള ചാരം ഊര്‍ന്ന് വീഴും” എന്നാണ് ഇതിനെക്കുറിച്ച് ബൈബിളില്‍ വിവരിച്ചിരിക്കുന്നത്. 1995-ല്‍ നടത്തിയ ഉദ്ഘനനത്തില്‍ ഡോ. റുഡോള്‍ഫ് കോച്ചെന്‍, ഡോ. യിഗാല്‍ എന്നീ ഇസ്രായേല്‍ ഗവേഷകര്‍ കവാടം ഭാഗികമായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഉദ്ഘനനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാഞ്ഞതിനാല്‍ അവര്‍ കവാടം മണ്ണിട്ടു മൂടുകയായിരിന്നു. ഇതാദ്യമായാണ് ഗവേഷകര്‍ കവാടങ്ങളുടെ അടിത്തട്ടുവരെ ഖനനം നടത്തുന്നത്.

ഇസ്രായേലിലെ ഏറ്റവും പഴക്കമേറിയ പുരാവസ്തു ഗവേഷണ മേഖലയാണ് താമാര്‍ പ്രദേശം. അബ്രഹാമിന്റെ കാലംമുതല്‍ ഇന്നുവരെയുള്ള ചരിത്രം പറയുവാന്‍ കഴിവുള്ള മേഖലയില്‍ കാര്യമായ രീതിയിലുള്ള ഗവേഷണമാണ് നടന്നുവരുന്നത്. ഇസ്രായേലിന്റെ യഹൂദ പാരമ്പര്യത്തിന്റെ പ്രധാനപ്പെട്ട അടയാളം കൂടിയാണ് ഈ ബൈബിള്‍ പാര്‍ക്ക്. 'ബ്ലോസ്സം റോസ്' എന്ന സംഘടനയാണ് പാര്‍ക്കിന്റെ സംരക്ഷണ ചുമതല വഹിക്കുന്നത്. പുതിയ കണ്ടെത്തലോടെ കോട്ടയുടെ നിര്‍മ്മിതിയെക്കുറിച്ചു കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുവാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍.


Related Articles »