News - 2024

ഫിലിപ്പീന്‍സില്‍ ചാപ്പലിന് നേരെ ഇസ്ളാമിക പോരാളികളുടെ ആക്രമണം

സ്വന്തം ലേഖകന്‍ 15-11-2017 - Wednesday

മനില: തെക്കൻ ഫിലിപ്പീന്‍സിലെ മിന്‍ഡാനോയില്‍ സ്ഥിതിചെയ്യുന്ന ചാപ്പലിന് നേരെ ഇസ്ളാമിക പോരാളികളുടെ ആക്രമണം. ഷാരിഫ് അഗുവാക്ക് പട്ടണത്തിൽ ലാബോ- ലാബോ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ചാപ്പല്‍ അഗ്നിക്കിരയാക്കുവാനാണ് ശ്രമം നടത്തിയിരിക്കുന്നത്. വിശുദ്ധ ഇസിഡോറിന്റെ നാമത്തിലുള്ള ചാപ്പലിലെ അൾത്താരയും തിരുസ്വരുപങ്ങളും അക്രമികൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നവംബർ പത്തിനാണ് സംഭവം നടന്നത്.

ദേവാലയം അഗ്നിക്കിരയാക്കിയവരെ കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അക്രമത്തിന് പിന്നില്‍ ബഗ്സമോറോ ഇസ്ലാമിക സംഘടനയുടെ പോരാളികളാണെന്നാണ് പോലീസ് വിലയിരുത്തല്‍. ആക്രമണത്തെ തുടര്‍ന്നു ദേവാലയത്തിലെ ഭക്തവസ്തുക്കളെല്ലാം തന്നെ നശിപ്പിക്കപ്പെട്ടുവെന്ന് ഫിലിപ്പീന്‍ സ്റ്റാർ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് വടക്കൻ കോത് ബതോയിലെ ദേവാലയവും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു.

ചാപ്പലില്‍ നേരെ ശുശ്രൂഷ ചെയ്തിരിന്ന ഫാ. എല്ലിസിയോ മെർക്കാർഡോ സംഭവത്തെ അപലപിച്ചു. തീവ്രവാദികളുടെ പ്രവർത്തനം മൂലം മതസൗഹാർദമാണ് തകരുന്നതെന്ന് നഗരപ്രതിനിധി അൻവർ എംബ്ലവ പറഞ്ഞു. കത്തോലിക്ക ദേവാലയങ്ങളെ ആക്രമിക്കുവാന്‍ ലക്ഷ്യമിടുന്ന പ്രവണത ക്രിസ്ത്യൻ-മുസ്ലിം ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് മാഗുൻഡാനോ ഗവർണർ ഇസ്മായേൽ മാൻഗുൻദാഡോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Related Articles »