News - 2024

ചൈനയില്‍ യേശുവിന്റെ ചിത്രങ്ങള്‍ മാറ്റി പ്രസിഡന്റിനെ പ്രതിഷ്ഠിക്കുവാന്‍ നിര്‍ബന്ധിത ശ്രമം

സ്വന്തം ലേഖകന്‍ 16-11-2017 - Thursday

ബെ​​​യ്ജിം​​​ഗ്: ചൈനയിലെ ക്രൈസ്തവ ഭവനങ്ങളിൽ നിന്നു യേശുക്രിസ്തുവിന്റെ ചിത്രങ്ങൾ നീക്കി പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ചിത്രങ്ങൾ സ്ഥാപിക്കുവാന്‍ നിര്‍ബന്ധിത ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ പൂർവ ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിൽപ്പെട്ട യുഗാൻ പ്രദേശത്താണു ക്രിസ്തുവിന്റെ ചിത്രങ്ങള്‍ മാറ്റി പ്രസിഡന്റിന്റെ ചിത്രം സ്ഥാപിക്കുവാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വം ശ്രമം നടത്തുന്നത്. ദാരിദ്ര്യമോ രോഗമോ നീക്കാൻ ക്രിസ്തുവിനു കഴിയില്ലെന്നും അത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമേ കഴിയൂ എന്നും അതിനാൽ ക്രിസ്തുവിന്റെ ചിത്രങ്ങളും വചനങ്ങളും നീക്കി പകരം ഷിയുടെ ചിത്രം ചുവരിൽ തൂക്കണമെന്നുമാണു പ്രാദേശിക നേതാക്കൾ ഉപദേശിക്കുന്നത്.

ദാരിദ്യനിര്‍മാര്‍ജന പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ തങ്ങളുടെ ഉത്തരവു പാലിക്കണമെന്ന് ക്രൈസ്തവ ഭവനങ്ങളിലെത്തി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ക്രിസ്തുവിന്റെ 624 ചിത്രങ്ങൾ മാറ്റി പകരം ഷി ചിൻപിങ്ങിന്റെ 453 ചിത്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാവോയ്ക്കുശേഷമുള്ള ഏറ്റവും ശക്തനായ നേതാവായി വിശേഷിപ്പിക്കപ്പെടുന്ന ഷിയും വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്കു തിരിയുകയാണെന്ന ആശങ്ക പടരുകയാണ്.

വിശ്വാസികൾ സ്വമേധയാ ചെയ്യുന്നതാണെന്നാണു പാർട്ടിയുടെ വിശദീകരണമെങ്കിലും ഇത് തെറ്റാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ തങ്ങളുടെ യത്നം ആരംഭിച്ചുവെന്നും ഇതുവരെ 1000 ചിത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് ദാരിദ്ര്യനിർമാർജനത്തിന്റെ ചുമതലയുള്ള കമ്യൂണിസ്റ്റ് നേതാവ് ക്വിയാൻ പറയുന്നത്. യുഗാനിലെ ജനസംഖ്യയുടെ 10% ക്രൈസ്തവരാണ്. ഇവരില്‍ ഭൂരിഭാഗവും നിര്‍ധനരാണ്.

അതേസമയം ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ചൈനയിൽ നിരവധി പേർ ദിനംപ്രതി ക്രൈസ്തവ വിശ്വാസത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നുവെന്നാണ് വസ്തുത. 2030-ൽ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറുമെന്നാണ് വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങൾ വ്യക്തമാകുന്നത്. ഇതിലുള്ള ആശങ്കയാണ് ക്രൈസ്തവ മതപീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.


Related Articles »