News

ജപമാല ചൊല്ലിയതിന് ഫ്രഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ 17-11-2017 - Friday

പാരീസ്: പാരീസിലെ കത്തോലിക്കാ ദേവാലയത്തില്‍ ജപമാല ചൊല്ലിയ പന്ത്രണ്ടോളം കത്തോലിക്കാ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന് കാരണമായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 500-മത് വാര്‍ഷികാനുസ്മരണത്തിന്റെ ഭാഗമായി ഔര്‍ ലേഡി ഓഫ് വൈറ്റ് മാന്റില്‍ കത്തോലിക്കാ ദേവാലയത്തില്‍ പ്രൊട്ടസ്റ്റന്‍റ് പ്രഭാഷക പ്രസംഗിച്ചതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മാറായിസിലെ യുണൈറ്റഡ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലെ വനിതാ പാസ്റ്ററായ കരോളിന്‍ ബ്രെട്ടോണസ്, വനിതാ പുരോഹിതയുടെ വേഷത്തില്‍ നടത്തിയ പ്രസംഗത്തിനിടെ കത്തോലിക്കാ യുവാക്കള്‍ ലാറ്റിന്‍ ഫ്രഞ്ച് ഭാഷകളില്‍ ജപമാല ചൊല്ലുവാനും സ്തുതിഗീതങ്ങള്‍ ആലപിക്കുവാനും തുടങ്ങി.

ഇതിനെതുടര്‍ന്നു ദേവാലയത്തില്‍ സന്നിഹിതരായിരുന്ന പ്രൊട്ടസ്റ്റന്റ് വിശ്വാസികളും കത്തോലിക്കരും തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും, തുടര്‍ന്ന്‍ മിലിട്ടറിയുടെ സഹായത്തോടെ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫ്രഞ്ച് ഭാഷയിലുള്ള മീഡിയാസ്-പ്രസ്സ്-ഇന്‍ഫോ എന്ന വെബ്സൈറ്റില്‍ സംഭവത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. “കത്തോലിക്കാ പള്ളിയില്‍ ജപമാല ചൊല്ലിയതിനാണ് യുവാക്കളെ മിലിട്ടറിയുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്യുന്നത്” എന്ന കുറിപ്പും വീഡിയോക്കൊപ്പമുണ്ടായിരുന്നു.

കത്തോലിക്കാ ദേവാലയം പ്രൊട്ടസ്റ്റന്റ്കാര്‍ കയ്യേറിയതിലുള്ള വേദനയാണ് യുവാക്കള്‍ ജപമാലയിലൂടെ പ്രകടിപ്പിച്ചതെന്ന്‍ വിലയിരുത്തപ്പെടുന്നു. പോലീസ് പിടിച്ചുകൊണ്ട് പോകുമ്പോള്‍ “വിജയശ്രീലാളിതനായ ക്രിസ്തു” എന്നവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒക്ടോബര്‍ അവസാനത്തില്‍ ബ്രസ്സല്‍സിലെ സെന്റ്‌ മൈക്കേല്‍, സെന്റ്‌ കൂടുല എന്നീ ദേവാലയങ്ങളിലും ഇതിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അതേസമയം യുവാക്കളെ പിന്തുണച്ചുകൊണ്ട് നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്.


Related Articles »