News - 2024

പീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി അമേരിക്കയില്‍ ഇന്ന് ജാഗരണ പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 18-11-2017 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: ആഗോള തലത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ ഇന്ന് “പ്രാര്‍ത്ഥനയുടെ രാത്രി” ആചരിക്കും. 'ഇന്റര്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' സംഘടനയുടെ ആഭിമുഖ്യത്തില്‍ ചൈനീസ്‌ കമ്മ്യൂണിറ്റി ദേവാലയത്തില്‍ വെച്ചായിരിക്കും പ്രാര്‍ത്ഥനാ കൂട്ടായ്മ നടക്കുക. പാനല്‍ ചര്‍ച്ചയും കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായിരിക്കും. സംഘടനയുടെ നാലാമത്തെ വാര്‍ഷിക പ്രാര്‍ത്ഥനാ കൂട്ടായ്മയാണ് ഇന്ന് നടക്കുക.

ഇറാന്‍, നോര്‍ത്ത് കൊറിയ, ഈജിപ്ത്, പാകിസ്ഥാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങള്‍ കൂട്ടായ്മയില്‍ പങ്കുവെക്കും. മതതീവ്രവാദം, അടിച്ചമര്‍ത്തലിനിരയാവുന്ന സ്ത്രീകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മുന്‍ വിര്‍ജീനിയന്‍ കോണ്‍ഗ്രസ് അംഗവും, മതസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഫ്രാങ്ക് വോള്‍ഫ് തുടങ്ങിയ പ്രഗല്‍ഭര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ച ചെയ്യും. പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ മാത്രം വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരും.

തന്റെ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ‘മതനിന്ദാ നിയമം’ പലപ്പോഴും ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനാണ് ഉപയോഗിക്കുന്നതെന്ന് പാക്കിസ്ഥാനില്‍ നിന്ന് പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ എത്തിയ ആസിഫ് പറയുന്നു. പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്‍മാരായാണ് കണ്ടുവരുന്നതെന്നും നൂറുകണക്കിന് ക്രിസ്ത്യാനികള്‍ മത നിന്ദയുടെ പേരില്‍ രാജ്യത്തെ ജയിലുകളില്‍ മരണത്തെ കാത്തുകിടക്കുകയാണെന്നും ആസിഫ് വെളിപ്പെടുത്തി.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അനേകം ക്രിസ്ത്യാനികള്‍ മതനിന്ദാക്കുറ്റത്തിന് ജയിലില്‍ കഴിയുന്നുണ്ടെങ്കിലും അവരാരും തന്നെ ഇതുവരെ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടില്ല എന്ന കാര്യത്തില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും ആസിഫ് പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതലായി പീഡനത്തിനിരയാകുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന് സമീപകാലത്ത് നടന്ന പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 2016-ല്‍ മാത്രം 90,000-ത്തോളം ക്രിസ്ത്യാനികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ‘ദി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ന്യൂ റിലീജിയന്‍സിന്റെ’ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മൂന്നില്‍ ഒരു ഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാല്‍ കൊലചെയ്യപ്പെട്ടവരാണ്.


Related Articles »