News

വത്തിക്കാന്‍ ഭരണസംവിധാനത്തില്‍ മാര്‍പാപ്പയുടെ അഴിച്ചുപണി: പുതിയ വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 21-11-2017 - Tuesday

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ കാതലായ മാറ്റങ്ങള്‍. സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മൂന്നാമതൊരു വിഭാഗം കൂടി ചേര്‍ത്തതാണ് പ്രധാനപ്പെട്ട മാറ്റം. ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടത്തുന്ന കൂരിയ നവീകരണത്തിന്റെ ഭാഗമായാണ് പുനസംഘടന. ‘സെക്ഷന്‍ ഫോര്‍ ദി ഡിപ്ലോമാറ്റിക് സ്റ്റാഫ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ വകുപ്പിന്റെ പ്രവര്‍ത്തനം നവംബര്‍ 9-നു ആരംഭിച്ചുയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പരിശുദ്ധ കത്തോലിക്കാ സഭയുടെ പ്രതിനിധികളായി ലോകമാകമാനമുള്ള നയതന്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നതാണ് പുതിയ വിഭാഗത്തിന്റെ ഉത്തരവാദിത്വം. ആര്‍ച്ച് ബിഷപ്പ് ജാന്‍ റോമിയോ പാവ്ലോവ്സ്കിയാണ് വിഭാഗത്തിന്റെ തലവന്‍.

റോമന്‍ കൂരിയായുടെ പൊതുകാര്യങ്ങള്‍ നോക്കി നടത്തുകയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ആദ്യ വകുപ്പിന്റെ ഉത്തരവാദിത്വം. ജിയോവാനി ആഞ്ചെലോ ബെസ്സിയു മെത്രാപ്പോലീത്തയാണ് ഈ വിഭാഗത്തിന്റെ ഇപ്പോഴത്തെ തലവന്‍. ‘സെക്ഷന്‍ ഫോര്‍ റിലേഷന്‍ വിത്ത് സ്റ്റേറ്റ്സ്’ ആണ് രണ്ടാമത്തെ വകുപ്പ്. കത്തോലിക്കാ സഭയുടെ നയതന്ത്രപരമായ കാര്യങ്ങള്‍ ഈ വകുപ്പിന്റെ ചുമതലയാണ്. ഇതിന്റെ തലവനെ വത്തിക്കാന്‍ വിദേശകാര്യ മന്ത്രി എന്നാണ് സംബോധന ചെയ്തിരിന്നത്. ബ്രിട്ടണിലെ പോള്‍ റിച്ചാര്‍ഡ് ഗല്ലാഹര്‍ മെത്രാപ്പോലീത്തയാണ് പ്രസ്തുത പദവി വഹിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ പുതിയ വകുപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിക്കും, അപ്പസ്തോലിക പ്രതിനിധികള്‍ക്കും, ആഗോളതലത്തില്‍ കത്തോലിക്കാ സഭാ നയതന്ത്രകാര്യാലയങ്ങള്‍ക്കും കത്തയച്ചിരുന്നു. ഇതുവഴി ആഗോളതലത്തില്‍ മാര്‍പാപ്പായുടെ പ്രാതിനിധ്യം ശക്തിപ്പെടുമെന്നും, സ്റ്റാഫിന്റെ സ്ഥിരനിയമനം, നയതന്ത്രപ്രതിനിധികളുടെ ജോലിപരമായ കാര്യക്ഷമത തുടങ്ങിയവ മെച്ചപ്പെടുമെന്നും കത്തില്‍ പ്രതിപാദിച്ചിരിന്നു.

ഇതിനോടകം തന്നെ മറ്റ് രണ്ട് വകുപ്പുകളും പോലെ പുതിയ വകുപ്പിനേയും ഒരു സ്വതന്ത്രസംഘമായി ഉയര്‍ത്തിക്കഴിഞ്ഞു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ നടപ്പിലാക്കാന്‍ പോകുന്ന പുനഃസംഘടനയുടെ ആദ്യപടിമാത്രമാണിതെന്നാണ് വിലയിരുത്തല്‍.


Related Articles »