News - 2025
ക്രൈസ്തവക്കുരുതിയെ സ്മരിച്ച ചുവപ്പ് ബുധന് ആഗോളതലത്തില്‍ മികച്ച പ്രതികരണം
സ്വന്തം ലേഖകന്‍ 24-11-2017 - Friday
ലണ്ടന്‍: ലോകമെമ്പാടും നടക്കുന്ന മതമര്‍ദ്ധനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ചു സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് ആഹ്വാനം ചെയ്ത ചുവപ്പ് ബുധന്‍ (റെഡ് വെനസ്‌ഡേ) ദിനാചരണത്തിന് ആഗോളതലത്തില്‍ മികച്ചപ്രതികരണം. യുകെയില്‍ പാര്‍ലമെന്‍റ് മന്ദിരവും നൂറുകണക്കിനു കെട്ടിടങ്ങളും പത്തോളം കത്തീഡ്രല്‍ ദേവാലയങ്ങളും ചുവപ്പ് ദീപങ്ങളാല്‍ അലംകൃതമായിരിന്നു.
ബുധനാഴ്ച വൈകീട്ട് 6 മണിക്ക് കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ ലണ്ടന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ്പ് ആഞ്ചലോസ്, എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് യുകെ നാഷ്ണല്‍ ഡയറക്ടര്‍ നേവില്ലേ കിര്‍ക്ക് സ്മിത്, ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് സംഘടനയുടെ പ്രതിനിധി മെര്‍വിന്‍ തോമസ് എന്നിവര്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.
പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ ഇന്ന് രാത്രിയില്‍ മാത്രമല്ല എല്ലാ ദിവസവും സ്മരിക്കണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ലണ്ടന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ്പ് പറഞ്ഞു. ഇരുപതോളം പാര്‍ലമെന്‍റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കയിലും ഫിലിപ്പീന്‍സിലും ഇറാഖിലും മറ്റ് രാജ്യങ്ങളിലും റെഡ് വെനസ്‌ഡേ ദിനാചരണം നടന്നു. ഫിലിപ്പീന്‍സില്‍ എഴുപത്തിലധികം കത്തീഡ്രല്‍ ദേവാലയങ്ങളും മൈനര്‍ ബസിലിക്കകളും ഇതര പള്ളികളും ചുവപ്പ് നിറത്തില്‍ അലങ്കരിച്ചിരിന്നു.