News - 2024

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സ്മരിച്ച് ഇന്ന് 'ചുവപ്പ് ബുധന്‍': പങ്കുചേരാന്‍ ലോക രാജ്യങ്ങള്‍

സ്വന്തം ലേഖകന്‍ 22-11-2017 - Wednesday

ലണ്ടന്‍: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആഗോളതലത്തില്‍ പീഡനത്തിനു ഇരയാകുന്ന ക്രൈസ്തവരുടെ നിസ്സഹായവസ്ഥ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനും, മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലുള്ള ചുവപ്പ് ബുധന്‍ (റെഡ് വെനസ്‌ഡേ) ദിനാചരണം ഇന്ന് നടക്കും. ദിനാചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളും സ്കൂളുകളും രക്തസാക്ഷികളുടെ ചുടുരക്തത്തെ സ്മരിക്കുന്ന ചുവപ്പ് നിറങ്ങളാല്‍ അലംകൃതമാകും.

യു‌കെയിലാണ് സാധാരണ 'റെഡ് വെനസ്‌ഡേ' ദിനാചരണം നടന്നുവന്നിരിന്നത്. ഇത് ആഗോള സമൂഹം ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് ഇത്തവണ കാണാന്‍ സാധിക്കുന്നത്. ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രൈസ്തവ പീഡനങ്ങള്‍ ശക്തമായ ഇറാഖിലെ സഭാനേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. വടക്കേ ഇറാഖിലെ ഇര്‍ബില്‍ രൂപതയുടെ അധ്യക്ഷനായ കല്‍ദായന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വാര്‍ദ നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മറ്റ് ക്രൈസ്തവ ദേവാലയങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷ നടത്താന്‍ പദ്ധതിയുണ്ട്.

ചുവപ്പ് ബുധന്‍ ദിനാചരണത്തില്‍ ഫിലിപ്പീന്‍സും പങ്കുചേരും. രാജ്യത്തെ പ്രശസ്തമായ എഴുപത്തിലധികം കത്തീഡ്രല്‍ ദേവാലയങ്ങളും മൈനര്‍ ബസിലിക്കകളും ഇതര പള്ളികളും വൈകുന്നേരത്തോട് കൂടി ചുവപ്പ് നിറത്തില്‍ അലംകൃതമാകും. വിവിധ പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ഫിലിപ്പീന്‍സ് വിഭാഗമാണ് രാജ്യത്തെ ശുശ്രൂഷകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്ന് വൈകീട്ട് 6 മണിക്ക് യു‌കെയിലെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍ പിയാസ്സയില്‍ വെച്ച് നടക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ നാനാജാതി മതസ്ഥരെ ക്ഷണിച്ചിട്ടുണ്ട്.

ഇതിനോടനുബന്ധിച്ച് സംഗീതവും, വീഡിയോ പ്രദര്‍ശനവും, വിശ്വാസികളുടെ സാക്ഷ്യങ്ങളും ഉണ്ടായിരിക്കും. ‘റെഡ് വെനസ്ഡേ’യില്‍ പങ്കെടുക്കുവാന്‍ എത്തുന്നന്നവരോട് ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരുവാനും എ‌സി‌എന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി സ്കോട്ട്‌ലൻഡിനു പടിഞ്ഞാറന്‍ തീരം മുതല്‍ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരം വരയുള്ള ദേവാലയങ്ങളും സ്കൂളുകളും ഇന്ന് ചുവപ്പ് നിറത്താല്‍ പ്രകാശിക്കും.

ഇംഗ്ലണ്ടിലെ വാല്‍സിംഹാമിലെ ദൈവമാതാവിന്റെ പേരിലുള്ള തീര്‍ത്ഥാടന കേന്ദ്രം, ബെല്‍ഷില്ളിലെ കര്‍ദ്ദിനാള്‍ ന്യൂമാന്‍ ഹൈസ്കൂള്‍, ഇന്‍വേര്‍നസിലെ സെന്റ്‌ കൊളംബസ് ചര്‍ച്ച്, പോണ്ടെഫ്രാക്റ്റിലെ സെന്റ്‌ ജോസഫ് തുടങ്ങിയ പ്രമുഖ ദേവാലയങ്ങളും സ്കൂളുകളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നു ഇതിനോടകം അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലും ഇന്ന് 'റെഡ് വെനസ്‌ഡേ' ആചരണം നടക്കും.


Related Articles »