News - 2024

യുക്രൈനില്‍ ഡിസംബര്‍ 25 ദേശീയ അവധിദിനമായി പ്രഖ്യാപിക്കുവാന്‍ തീരുമാനം

സ്വന്തം ലേഖകന്‍ 25-11-2017 - Saturday

കീവ്: കിഴക്കൻ യൂറോപ്യന്‍ രാജ്യമായ യുക്രൈനില്‍ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനം ദേശീയ അവധി ദിവസമായി പ്രഖ്യാപിക്കുവാന്‍ തീരുമാനം. പാര്‍ലമെന്റ് പാസ്സാക്കിയ പുതിയ നിയമമനുസരിച്ച് ഇനിമുതല്‍ ഓര്‍ത്തഡോക് വിഭാഗം ക്രിസ്തുമസ്സ് ആഘോഷിക്കുന്ന ജനുവരി 7-ന് പുറമേ ഡിസംബര്‍ 25-നും ദേശീയ അവധിയായിരിക്കും. ഇതിനു മുന്‍പ്‌ ഓര്‍ത്തഡോക്സ്‌ ഭൂരിപക്ഷ മേഖലകളില്‍ ഡിസംബര്‍ 25 അവധി ദിവസമായിരുന്നില്ല. കലണ്ടറുകളിലുള്ള വ്യത്യാസം കാരണമാണ് ക്രിസ്ത്യന്‍ ലോകത്ത്‌ വിവിധ ദിവസങ്ങളില്‍ ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിന് കാരണം. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നതിനാലാണ് ഓര്‍ത്തഡോക്സ് വിഭാഗം ജനുവരി 7നു ക്രിസ്തുമസ് ദിനമായി ആചരിക്കുന്നത്.

യുക്രൈനിലെ ക്രൈസ്തവരില്‍ മൂന്നിലൊരു ഭാഗവും ഡിസംബര്‍ 25-ന് ക്രിസ്തുമസ്സ് ആഘോഷിക്കുന്നവരാണെന്നും അതിനാലാണ് ദേശീയ അവധിദിവസമായി പ്രഖ്യാപിക്കുന്നതെന്നും പുതിയ നിയമഭേദഗതിയെക്കുറിച്ചുള്ള വിവരണ കുറിപ്പില്‍ പറയുന്നു. പ്രഖ്യാപനത്തെ ഭൂരിഭാഗം ആളുകളും സ്വാഗതം ചെയ്തുകഴിഞ്ഞു. പ്രസിഡന്റായ പെട്രോ പൊറോഷെങ്കോ പാര്‍ലമെന്റിന്റെ ഈ നടപടിയെ അഭിനന്ദിക്കുന്നതായി പറഞ്ഞു. നിയമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ നടക്കും.

സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി രാജ്യത്തെ കത്തോലിക്ക സഭാനേതൃത്വം പ്രതികരിച്ചു. ക്രിസ്തുമസ് അതിന്റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കുവാന്‍ പാര്‍ലമെന്‍റ് സ്വീകരിച്ച നിലപാടില്‍ ഏറെ സന്തോഷമുണ്ടെന്നും സാമൂഹിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ പുതിയ തീരുമാനം വഴിതെളിയിക്കുമെന്നും ലെവിവ് അതിരൂപതയുടെ അധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് മെസിസ്ലോ മോക്രെസ്കി പറഞ്ഞു. തീരുമാനം യൂറോപ്പിന്റെ ഏകീകരണത്തിന് വഴി തെളിയിക്കുമെന്നു യുക്രേനിയന്‍ ദേശീയ സുരക്ഷാസേനയുടെ സെക്രട്ടറി ഒലെക്സന്ദ്ര ടര്‍ക്കിനോവ് പ്രതികരിച്ചു.


Related Articles »