News - 2025

യുദ്ധത്തിന് ആയിരം ദിവസം; യുക്രൈന് കത്തയച്ച് പാപ്പയുടെ സാന്ത്വനം

പ്രവാചകശബ്ദം 20-11-2024 - Wednesday

വത്തിക്കാന്‍ സിറ്റി: യുക്രൈനു നേരെ റഷ്യ ആരംഭിച്ച യുദ്ധത്തിന് ആയിരം ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തിന് കത്തുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബർ 19ന് യുക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസിന് അയച്ച കത്തിലൂടെയാണ് പാപ്പ തന്റെ സാന്ത്വന സന്ദേശം കൈമാറിയത്. "പ്രിയപ്പെട്ടതും പീഡിപ്പിക്കപ്പെടുന്നതുമായ യുക്രൈന്‍" എന്ന അഭിസംബോധനയോടെയാണ് പാപ്പയുടെ കത്ത് ആരംഭിക്കുന്നത്.

സൈനിക ആക്രമണത്തിൽ യുക്രൈന്‍ ജനത അനുഭവിച്ച കഠിനമായ ബുദ്ധിമുട്ടുകൾ മനസിലാക്കി യുക്രൈനിലെ എല്ലാ പൗരന്മാരെയും അവർ എവിടെയായിരുന്നാലും ആശ്ലേഷിക്കാൻ ആഗ്രഹിക്കുകയാണെന്നു പാപ്പ കുറിച്ചു. "എന്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്" എന്ന 121-ാം സങ്കീർത്തനം ഉദ്ധരിച്ച പാപ്പ, എല്ലാ ദിവസവും രാവിലെ 9 മണിക്ക് യുക്രൈന്‍ സംഘർഷത്തിൻ്റെ ഇരകൾക്കായി ഒരു "മിനിറ്റ് ദേശീയ നിശബ്ദത" ആചരിക്കുന്നത് സ്മരിച്ചു.

"ഞാൻ അവരോടൊപ്പം ചേരുന്നു, അങ്ങനെ സ്വർഗ്ഗത്തിലേക്ക് ഉയരുന്ന നിലവിളി കൂടുതൽ ശക്തമാക്കാന്‍ സഹായിക്കുക"യാണെന്നും പാപ്പ കുറിച്ചു. മനുഷ്യ പ്രയത്നങ്ങൾ ഫലശൂന്യവും പ്രവൃത്തികൾ പര്യാപ്തവുമല്ലെന്ന് തോന്നുമ്പോഴും അവൻ നമ്മുടെ അരികിൽ തുടരും. യുക്രൈന്‍ ജനതയെ ദൈവത്തിൽ ഭരമേൽപ്പിച്ച് അവരെ അനുഗ്രഹിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ കത്ത് അവസാനിപ്പിക്കുന്നത്. 2022 ഫെബ്രുവരി 24നു പുലർച്ചെ നടത്തിയ പ്രഖ്യാപനത്തിലൂടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രൈനെതിരെ ആരംഭിച്ച പ്രത്യേക സൈനിക നടപടി 1000 ദിനങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിനു നിരപരാധികളാണ് കൊല്ലപ്പെട്ടത്.

ഐക്യരാഷ്ട്ര സംഘടനയുടെ യുക്രൈനിലെ മനുഷ്യാവകാശ നിരീക്ഷണ ദൗത്യത്തിന്റെ 2024 ഓഗസ്റ്റ‌് 31 വരെയുള്ള കണക്കുപ്രകാരം, 2022 ഫെബ്രുവരി 24 മുതൽ യുക്രൈനില്‍ കുറഞ്ഞത് 11,743 സാധാരണക്കാർ കൊല്ലപ്പെടുകയും 24,614 പേർക്കു പരുക്കേൽക്കുകയും ചെയ്തു‌. യുനിസെഫിന്റെ കണക്കുപ്രകാരം യുദ്ധം ആരംഭിച്ചശേഷം 659 കുട്ടികൾ കൊല്ലപ്പെട്ടു. 1,747 കുട്ടികൾക്കാണ് പരുക്കേറ്റത്. എന്നാല്‍ കണക്കുകളിലും പതിമടങ്ങ് നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്നാണ് യാഥാര്‍ത്ഥ്യം.


Related Articles »