News - 2024

ഈജിപ്തിലെ ഭീകരാക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി

സ്വന്തം ലേഖകന്‍ 26-11-2017 - Sunday

കെയ്റോ∙ ഈജിപ്തിൽ വടക്കൻ സീനായിലെ അൽ അരിശ് നഗരത്തിൽ മുസ്‌ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. ഭീകരാക്രമണത്തില്‍ അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ അതീവ ദുഃഖിതനാണെന്നും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പയുടെ അനുശോചനസന്ദേശത്തില്‍ പറയുന്നു. മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ഒപ്പിട്ടയച്ച അനുശോചന സന്ദേശത്തില്‍ ഈജിപ്തിനോടുള്ള ഐക്യദാര്‍ഢ്യവും പാപ്പ പ്രഖ്യാപിക്കുന്നുണ്ട്.

ഈജിപ്തിനെ കണ്ണീരിലാഴ്ത്തിയിരിക്കുന്ന വേളയില്‍ അവിടുത്തെ ജനങ്ങളോടു പാപ്പാ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ആക്രമണത്തിനിരകളായവരെ പരമോന്നതനായ ദൈവത്തിന്‍റെ കാരുണ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു. നിഷ്ഠൂര പ്രവൃത്തിയെ ആവര്‍ത്തിച്ചു അപലപിക്കുന്നു. വിദ്വേഷത്താല്‍ കഠിനമായ ഹൃദയങ്ങള്‍, സഹനങ്ങള്‍ക്കു കാരണമാകുന്ന അക്രമം വെടിയുന്നതിനും സമാധാനത്തിന്‍റെ പാത പുല്‍കുന്നതിനുമുള്ള പ്രാര്‍ത്ഥനയില്‍ സന്മനസ്സുള്ള സകലരോടും ഒന്നുചേരുകയും ചെയ്യുന്നു. പാപ്പയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം നടന്നത്. അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 305 ആയി ഉയർന്നു. ഇതിൽ 27 പേർ കുട്ടികളാണ്. 128 പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലായെങ്കിലും ഐഎസിന്റെ പതാകയുമായാണ് 25–30 പേരടങ്ങിയ ഭീകരസംഘം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രാർത്ഥനയ്ക്കെത്തിയവരില്‍ ഭൂരിഭാഗവും സൂഫി വിശ്വാസികളായിരുന്നു. സൂഫിമാർഗം മതനിഷേധമായിട്ടാണ് ഐഎസ് കാണുന്നത്. സൂഫികളെ ഇല്ലായ്മ ചെയ്യുമെന്ന് ഐഎസ് അനുകൂല ഭീകരസംഘടനകൾ നേരത്തെ ഭീഷണി മുഴക്കിയിരിന്നു.


Related Articles »