News - 2024

പാലാ രൂപതയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ സിനിമാ ഷൂട്ടിംഗ് നിരോധിച്ചു

സ്വന്തം ലേഖകന്‍ 27-11-2017 - Monday

കോട്ടയം: പാലാ രൂപതയ്ക്കു കീഴിലെ ദേവാലയങ്ങളില്‍ കൊമേഴ്സ്യൽ ഫിലിം ആവശ്യങ്ങൾക്കായുള്ള ഷൂട്ടിംഗ് നിരോധിച്ചുകൊണ്ട് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ സര്‍ക്കുലര്‍. രൂപതയുടെ ഔദ്യോഗിക ബുള്ളറ്റിന്‍ ആയ സ്വാന്തനപ്രകാശത്തിന്റെ നവംബര്‍ ലക്കം പന്ത്രണ്ടാമത്തെ പേജിലാണ് ഏറെ നിര്‍ണ്ണായകമായ നിര്‍ദ്ദേശം ഇടവക വികാരിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. കത്തോലിക്ക ചാനലുകൾക്കു ടെലിഫിലിം, ഷോർട്ട് ഫിലിം ഷൂട്ടിംഗിനും രൂപതയില്‍ നിന്നും അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.

"ദേവാലയങ്ങൾക്കുള്ളിൽ യാതൊരു കാരണവശാലും കൊമേഴ്സ്യൽ ഫിലിം ആവശ്യങ്ങൾക്കായി ഷൂട്ടിംഗ് അനുവദനീയമല്ല (XXV Synod, Session 2, Minutes Of 22 August 2017). എന്നാൽ രൂപതയിൽ കത്തോലിക്ക ചാനലുകൾക്കും (Goodness, Shalom) ടെലിഫിലിം, ഷോർട്ട് ഫിലിം ഷൂട്ടിംഗിനും ഇവ ആവശ്യമായി വരുന്നുവെങ്കിൽ വ്യക്തമായ ലക്ഷ്യവും ഉള്ളടക്കവും സമയവും രേഖാമൂലം കാണിച്ചുകൊണ്ടുള്ള അപേക്ഷ ബഹുമാനപ്പെട്ട വികാരിയുടെ സാക്ഷിപ്പോടെ രൂപത കേന്ദ്രത്തിൽ നൽകി ഷൂട്ടിംഗിനുള്ള അനുമതി വാങ്ങേണ്ടതാണ്".

"ദേവാലയത്തിന്റെ പുറത്തും അനുബന്ധ സ്ഥലങ്ങളിലും ഫിലിം ഷൂട്ടിംഗ് ചെയ്യണമെങ്കിൽ കാര്യകാരണസഹിതം ലക്ഷ്യവും ഉള്ളടക്കവും സമയവും പ്രതിപാദിച്ചുകൊണ്ടുള്ള വ്യക്തമായ അപേക്ഷ വികാരിയുടെ സാക്ഷിപ്പോടുകൂടി രൂപതാകേന്ദ്രത്തിൽ സമർപ്പിച്ചു അനുവാദം വാങ്ങിയിരിക്കേണ്ടതാണ്". സര്‍ക്കുലറില്‍ പറയുന്നു. ദേവാലയത്തിന്റെ പരിശുദ്ധിയെ തരംതാഴ്ത്തിയും കൂദാശകളോടുമുള്ള അനാദരവിനും കാരണമാകുന്ന തരത്തില്‍ സിനിമകള്‍ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ ബിഷപ്പിന്റെ സര്‍ക്കുലര്‍ സ്വാഗതാര്‍ഹമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.


Related Articles »