News - 2025

പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കണം: മതനേതാക്കളോട് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 29-11-2017 - Wednesday

യാംഗൂണ്‍: സഹോദരങ്ങളായി പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാന്‍ സാധിക്കണമെന്നു മതനേതാക്കളോട് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. ഇന്നലെ യാംഗൂണിലെ മെത്രാസന മന്ദിരത്തില്‍ ബുദ്ധ, ഇസ്ലാം, യഹൂദ, ഹൈന്ദവ അടക്കമുള്ള 17 മതങ്ങളില്‍ നിന്നുമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരിന്നു പാപ്പ. വിവിധ മതക്കാരായ എല്ലാവരുടെയും സാഹോദരക്കൂട്ടായ്മയില്‍ അതിയായി സന്തോഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു. സ്പാനിഷ് ഭാഷയില്‍ മതനേതാക്കളെ അഭിസംബോധന ചെയ്ത പാപ്പയുടെ സന്ദേശം ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

വിവിധ വിശ്വാസങ്ങള്‍ക്കും മതപാരമ്പര്യങ്ങള്‍ക്കും അതിന്‍റേതായ സമ്പന്നതകളും മൂല്യങ്ങളും പങ്കുവയ്ക്കാനുണ്ട്. ഇത് സാധിക്കണമെങ്കില്‍ എല്ലാവരും ആദ്യം സമാധാനത്തില്‍ ജീവിക്കണം. ഐക്യം വൈവിധ്യങ്ങളിലാണ് വളരുന്നതും നിലനില്‍ക്കുന്നതും. ഇണക്കവും സ്വരചേര്‍ച്ചയുമാണ് സമാധാനം. മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ജനകീയമായ വ്യത്യാസങ്ങളും തനിമയും നാം മാനിക്കുകയും മനസ്സിലാക്കുകയും വേണം. സഹോദരങ്ങളായി പരസ്പരം സഹായിച്ചും സ്നേഹിച്ചും ജീവിക്കാന്‍ സാധിക്കണം.

അങ്ങനെ വൈവിധ്യങ്ങളുള്ള കൂട്ടായ്മയിലാണ് മ്യാന്മറില്‍ ജീവിക്കേണ്ടതും രാജ്യത്തെ വളര്‍ത്തേണ്ടതും. സമ്പന്നമായ മത സാംസ്ക്കാരിക വൈവിധ്യങ്ങളുള്ള നാടാണ് മ്യാന്മര്‍. വൈവിധ്യങ്ങളടെ ഭാവവ്യത്യാസങ്ങളെ ഭയക്കരുത്, എതിര്‍ക്കുത്. മറിച്ച് അംഗീകരിച്ചും, ആദരിച്ചും ജീവിക്കാന്‍ പഠിക്കണം. നാം സഹോദരങ്ങളാണ്. ദൈവം സൃഷ്ടിച്ചത് വൈവിധ്യത്തിലാണ്. ആ വൈവിധ്യത്തില്‍ ഐക്യം കണ്ടെത്താം. പരസ്പരം ആദരിച്ചും സ്നേഹിച്ചും സമാധാനത്തില്‍ ജീവിക്കാം. ദൈവകൃപ എല്ലാവരിലും പ്രകാശിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.


Related Articles »