Wednesday Mirror

യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1

ഫാ. അഗസ്റ്റിന്‍ പാറപ്ലാക്കല്‍ 29-11-2017 - Wednesday

റവ. ഫാ. സൈജു തുരുത്തിയില്‍ MCBS നടത്തുന്ന ക്രിസ്താനുഭവ യോഗാധ്യാനത്തെ KCBC അനുകൂലിക്കുന്നു എന്നു വരുത്തി തീര്‍ക്കാനായി പ്രസ്തുത ധ്യാനത്തിന്റെ വക്താക്കള്‍ കെ‌സി‌ബി‌സിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കൊടുത്തിരിക്കുന്ന ''യോഗ ഒരു ക്രിസ്തീയ വിലയിരുത്തല്‍'' എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം വായിക്കാനിടയായി. ഇത് ക്രിസ്തീയ വിശ്വാസികളെ ഏറെ വഴിതെറ്റിക്കുമെന്നതുകൊണ്ട് ഈ റിപ്പോര്‍ട്ടിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുക അനിവാര്യമായിരിക്കുന്നു.

ഇന്ത്യയില്‍ എല്ലാവരും യോഗ ചെയ്യണമെന്ന നിര്‍ബന്ധവും സമ്മര്‍ദ്ദവും സംഘടിതമായിത്തന്നെ വര്‍ദ്ധിച്ചുവരികയും ദൈവവുമായി ഐക്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗമെന്നുപറഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം ഇത്യാദി പേരുകളിലുള്ള ധ്യാനപരിപാടികള്‍ വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കികൊണ്ട് കത്തോലിക്കാ വൈദികരുടെ നേതൃത്വത്തില്‍ പോലും അരങ്ങേറുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ വിശ്വാസ ജീവിതത്തിനും വിശ്വാസ സംഹിതയ്ക്കും തെല്ലും കോട്ടം തട്ടാത്തവിധം ഇക്കാര്യത്തില്‍ ശരിയായൊരു നിലപാട് രൂപപ്പെടുത്താന്‍വേണ്ടി വിശ്വാസസമര്‍ത്ഥനപരമായ ഒരു പഠനവിലയിരുത്തല്‍ KCBC ആരോടെങ്കിലും ആവശ്യപ്പെട്ടതിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ടെങ്കില്‍ ഇത് ആ ലക്ഷ്യത്തിന് ഉപകരിക്കാത്തതും വ്യതിചലിപ്പിക്കുന്നതുമാണ്.

പെട്ടെന്നുള്ള വായനയില്‍ നിഷ്പക്ഷവും പണ്ഡിതോചിതവുമാണെന്ന് തോന്നിയേക്കാമെങ്കിലും ഇത് അര്‍ദ്ധസത്യങ്ങളുടെ ആവരണമണിഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനത്തേയും സമാനവ്യതിചലനങ്ങളേയും സാധൂകരിക്കാന്‍ ഉതകുന്ന തരത്തില്‍ തയ്യാറാക്കിയിരിക്കുന്നതാണ്. അനുമാനം ഇന്നതായിരിക്കണമെന്ന് ആദ്യമെ തന്നെ നിശ്ചയിച്ചിട്ട് അതിനുതക്കരീതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. സഭാ പ്രബോധനങ്ങളെ അതിന്റെ അന്തഃസത്തയും ആത്യന്തികസന്ദേശവും ഉള്‍ക്കൊള്ളാതെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ഈ റിപ്പോര്‍ട്ടിന് 'ഒരു ക്രിസ്തീയ വിലയിരുത്തല്‍' എന്ന തലക്കെട്ട് തെല്ലും അര്‍ഹിക്കുന്നില്ല.

റിപ്പോര്‍ട്ടിന്റെ അവസാനം യോഗാഭ്യാസത്തിന് പല ഗുണങ്ങളുമുണ്ടെന്നും ഭാരതത്തിലെ മൂന്ന് വ്യക്തിസഭകളും തങ്ങളുടെ ആത്മീയ രീതികളെ സമ്പന്നമാക്കാനും സമഗ്രമാക്കാനും സഹായകമായ യോഗയുടെ സമഗ്ര ആത്മീയ പദ്ധതിയെ സ്വാഗതം ചെയ്യണമെന്നും ആങ്ങനെ ഭാരതത്തിലെ സഭ ഒരു ഭാരതീയ സഭ ആകാനുള്ള സാധ്യത വിനിയോഗിക്കണമെന്നും കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശം കമ്മീഷന്റെ യഥാര്‍ത്ഥ ഉള്ളിലിരുപ്പ് വെളിച്ചത്തുകൊണ്ടുവരുന്നു.

ഇനി ഈ റിപ്പോര്‍ട്ട് വഴിതെറ്റിക്കുന്നതാണെന്ന് പറഞ്ഞതിന്റെ കാരണങ്ങള്‍ വിശദീകരിക്കാം. എളുപ്പത്തിനായി അഞ്ചുഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗവുമെടുത്ത് വിശകലനം നടത്തുകയാണ്.

1. 'യോഗയുടെ ഉത്ഭവവും വളര്‍ച്ചയും' ‍ എന്ന തലക്കെട്ടിലുള്ളതാണ് ഒന്നാം ഭാഗം

A) ‍ യോഗ ക്രൈസ്തവര്‍ക്ക് സ്വീകാര്യമാണെന്നു വരുത്താന്‍ അത് മതേതരമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഒന്നാം ഭാഗത്ത് നടത്തുന്നത് അതിനായി സിന്ധൂ നദീതട സംസ്‌കാരത്തിന്റെ പുരാവസ്തു പഠനത്തേയാണ് ലേഖകന്‍ കൂട്ടുപിടിക്കുന്നത്.

റിപ്പോര്‍ട്ട് ഉദ്ധരിക്കാം:

'പുരാവസ്തു ഗവേഷകര്‍ക്ക് സിന്ധൂ നദീതട പ്രദേശത്തുനിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ പത്മാസനത്തിലിരിക്കുന്ന യോഗിയുടെ രൂപത്തോട് സാദൃശ്യമുള്ള കല്‍പ്രതിമകളും ഉണ്ടായിരുന്നു (2). പുരാതന ഭാരതീയ മതങ്ങളായ ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിനു മുമ്പുതന്നെ യോഗ ഇന്നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന അനുമാനത്തിലേയ്ക്കാണ് സിന്ധൂനദീതട സംസ്‌കാരത്തിന്റെ പഠനം നമ്മെ നയിക്കുന്നത്. മതനിരപേക്ഷമായ പുരാതന ഭാരതീയ സംസ്‌കാരത്തിന്റെ തനതു അനുഷ്ഠാനങ്ങളും ആത്മീയ അഭ്യാസങ്ങളുമാവണം പില്‍ക്കാലത്ത് യോഗാശാസ്ത്രമായി വളര്‍ന്നത്'.

വിശകലനം: ‍

ചില വസ്തുതകള്‍ നല്‍കിയിട്ട് തനിക്കിണങ്ങിയ നിഗമനം സ്വീകരിക്കുന്നതിന് ഉദാഹരണമാണിത്. സിന്ധൂനദീതടങ്ങളിലെ പുരാതന ഭാരതീയ സംസ്‌കാരം മതനിരപേക്ഷമായിരുന്നെന്ന് പറഞ്ഞിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇതിന്റെ പൊള്ളത്തരം വിശദമാക്കാന്‍ ചരിത്രകാരനായ എ. ശ്രീധരമേനോന്‍ ' ഇന്ത്യാ ചരിത്രം' എന്ന വിഖ്യാതപുസ്തകത്തില്‍ (Vol: 1, P.39) പറയുന്നത് ഉദ്ധരിക്കാം:

'സിന്ധുജനതയുടെ മതാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ മോഹന്‍ജോദാരോവിലേയും ഹാരപ്പയിലേയും അവശിഷ്ടങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. അവര്‍ ആരാധിച്ചിരുന്ന മാതൃദേവതയുടെ മണ്‍കോലങ്ങള്‍ ധാരാളം കിട്ടിയിട്ടുണ്ട്. ഈ ദേവതയുടെ പ്രീതിക്കുവേണ്ടി നരബലിനടത്തുക പതിവായിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു... ആന, പുലി, കണ്ടാമൃഗം, പോത്ത് എന്നിങ്ങനെ നാലുമൃഗങ്ങളാല്‍ചുറ്റപ്പെട്ട്, ഒറ്റക്കൊമ്പും മൂന്ന് മുഖങ്ങളുമുള്ള യോഗാസനസ്ഥനായ ഒരു ദേവന്റെ മുഖത്തോടുകൂടിയ മുദ്ര, സിന്ധൂതടത്തില്‍ നിന്നും ലഭിച്ച മുദ്രകളുടെ കൂട്ടത്തില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ജോണ്‍ മാര്‍ഷലിന്റെ(3) അഭിപ്രായം ഇത് 'ആദിശിവ'നാകാമെന്നാണ്. വൃക്ഷാരാധനയും ലിംഗാരാധനയും സിന്ധുജനതയുടെയിടയില്‍ നിലവിലിരുന്നു. ഇത്തരത്തിലുള്ള മതാനുഷ്ഠാനങ്ങളെ പരിഗണിച്ച് സിന്ധുതടമാണ് പില്‍ക്കാലത്തെ ഹിന്ദു മതത്തിന്റെ ഉദ്ഭവസ്ഥാനമെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.'

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 'Glimpses of World History' എന്ന പുസ്തകത്തില്‍ മോഹന്‍ജോദാരോയെക്കുറിച്ച് പറയുന്നിടത്ത് ഉദ്ധരിച്ചിരിക്കുന്ന സര്‍ ജോണ്‍ മാര്‍ഷലിന്റെ വാക്കുകള്‍ ഇതാണ്, “In the religion of the Indus people there is much of course, that might be paralleled in other countries. This is true of every prehistoric and most historic religions as well. But, taken as a whole , their religion is so characteristically Indian as hardly to be distinguished from still living Hinduism” (P.188).

മേലുദ്ധരിച്ചവയില്‍ നിന്നും സിന്ധൂനദീതട സംസ്‌കാരം മതനിരപേക്ഷമായിരുന്നു എന്ന നിഗമനം വസ്തുതകളേക്കാള്‍ ഭാവനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാകുന്നു സിന്ധൂനദീതടസംസ്‌കാരത്തിലെ ആരാധനാവിഷയങ്ങളും രീതികളും ഹിന്ദു മതത്തിലെ ആരാധനാവിഷയങ്ങളും രീതികളുമായി ഏറെ സാധര്‍മ്മ്യം പുലര്‍ത്തുന്നവയാണ് എന്നതുകൊണ്ടാണല്ലോ പില്‍ക്കാല ഹിന്ദുമതത്തിന്റെ ഉദ്ഭവസ്ഥാനം തന്നെ സിന്ധുതടമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നത്.

ആ നിലയ്ക്ക്, മതവിശ്വാസവും ആരാധനയും അകറ്റിനിര്‍ത്തിക്കൊണ്ടുള്ള മതനിരപേക്ഷമായ യോഗ സിന്ധൂനദീതടത്തിലെ ജനങ്ങള്‍ അഭ്യസിച്ചിരുന്നുവെന്നും പിന്നീടാണ് മതാത്മകമാനങ്ങള്‍ യോഗയ്ക്ക് കൈവന്നതെന്നും പറയുന്നത് വാക്കുകള്‍കൊണ്ടുള്ള കളിയല്ലാതെ വസ്തുതാപരമായ നിഗമനമല്ല.

B) ‍ മതാത്മകമായി പ്രചരിച്ചുതുടങ്ങിയ യോഗയ്ക്ക് താത്വികമായ വ്യാഖ്യാനം നല്‍കി ശാസ്ത്രീയമായി വീണ്ടെടുത്ത് സാര്‍വ്വത്രികസ്വഭാവമുള്ള ഒരു സമഗ്ര ആത്മീയ പരിശീലന പദ്ധതിയായി പുനരവതരിപ്പിച്ചത് പതഞ്ജലിയാണെന്നും അദ്ദേഹം അതിന് അടിസ്ഥാനമായി സ്വീകരിച്ചത് വേദ-ബുദ്ധ-ജൈന ദര്‍ശനങ്ങളായിരുന്നില്ല, മറിച്ച് അനാര്യന്മാരായ ആദിമഭാരതീയരുടെ ചിന്തകളില്‍ നിന്ന് ഉദ്ഭവിച്ചതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്ന സാംഖ്യദര്‍ശനത്തെയാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

വേദസാഹിത്യ കര്‍ത്താക്കളായ ആര്യന്മാരില്‍നിന്നല്ലാതെ ഉദ്ഭവിച്ച സാംഖ്യദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ട് യോഗയെ മതാത്മകമായി കണക്കാക്കി മാറ്റിനിര്‍ത്തേണ്ടതില്ലെന്നും മതനിരപേക്ഷമായി കണക്കാക്കി സ്വീകരിക്കാമെന്നുമായിരിക്കണം കമ്മീഷന്‍ ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് എത്രത്തോളം ശരിയാണെന്ന് വിലയിരുത്താന്‍ ഉപകരിക്കുന്ന എ. ശ്രീധരമേനോന്റെ വാക്കുകള്‍ ഉദ്ധരിക്കാം:

'അതിപ്രാചീനകാലം മുതല്‍ തന്നെ തത്ത്വശാസ്ത്ര പരമായ സിദ്ധാന്തങ്ങള്‍ ഇന്ത്യയില്‍ വ്യക്തമായി ഉരുത്തിരിഞ്ഞുവന്നു. ബുദ്ധ-ജൈന മതങ്ങള്‍ അവയുടേതായ തത്ത്വശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. വേദകൃതികളുടെ അപ്രമാദിത്വത്തേയും പ്രാമാണിത്വത്തേയും അംഗീകരിക്കാത്തതിനാല്‍ ഇവയെ 'നാസ്തി'കമെന്നു വിളിച്ചുവന്നു. ഈ നാസ്തിക സിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായി 'ആസ്തിക'മെന്നു വിളിക്കപ്പെട്ട ആറു ഹൈന്ദവ തത്ത്വശാസ്ത്രങ്ങള്‍ക്ക് (ഷഡ്ദര്‍ശനങ്ങള്‍) കാലക്രമേണ ഹിന്ദുമത പണ്ഡിതന്മാര്‍ വ്യക്തമായി രൂപം നല്‍കി.

വേദകൃതികളുടെ ആധികാരികത്വത്തെ അംഗീകരിക്കുന്നതിനാലാണ് ഇവ ആസ്തികമെന്ന് വിശേഷിപ്പിക്ക പ്പെടുന്നത്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിവയാണ് ഷഡ്ദര്‍ശനങ്ങള്‍. യഥാക്രമം ഗൗതമന്‍, കനഡന്‍, കപിലന്‍, പതഞ്ജലി, ജെമിനി, ബാദരായണന്‍ എന്നീ പണ്ഡിതന്മാരാണ് ഈ തത്ത്വശാസ്ത്രസിദ്ധാന്തങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്' (ഇന്ത്യാചരിത്രം Vol.1 P.153).

ഇതില്‍ നിന്നും വ്യക്തമാകുന്നത് യഥാക്രമം സാംഖ്യ, യോഗ ദര്‍ശനങ്ങള്‍ നവ്യമായി അവതരിപ്പിച്ച കപിലനും പതഞ്ജലിയും ഹിന്ദുമത പണ്ഡിതന്മാരായിരുന്നെന്നും വേദകൃതികളുടെ ആധികാരികത്വത്തെ അംഗീകരിച്ച് അതിനുചേര്‍ന്നവിധമാണ് അവര്‍ അതു രൂപപ്പെടുത്തിയതെന്നുമാണ്. തന്മൂലമാണ് ആരംഭഘട്ടത്തില്‍ ഭൗതികവാദത്തിന്റെ പരിവേഷമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന സംഖ്യം ആത്മീയതയില്‍ വിശ്വാസമര്‍പ്പിക്കുന്ന സിദ്ധാന്തമായി രൂപാന്തരപ്പെട്ടത്. ഇങ്ങനെ വേദാനുസാരം മതാത്മകമായി രൂപാന്തരപ്പെട്ട സാംഖ്യദര്‍ശനത്തന്റെ താത്ത്വികനിലപാടുകളാണ് പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ അടിസ്ഥാനം.

അങ്ങനെയെങ്കില്‍ യോഗയെ പതഞ്ജലി മതാത്മകതയില്‍ നിന്ന് ശാസ്ത്രീയമായി വീണ്ടെടുത്ത് സമഗ്ര ആത്മീയ പരിശീലനപദ്ധതിയായി പുനരവതരിപ്പിച്ചു എന്നു പറയുന്നത് എങ്ങനെ ശരിയാകും?

'സാംഖ്യ ദര്‍ശനത്തില്‍ അടിസ്ഥാനമുറപ്പിച്ചെങ്കിലും യോഗയെ ഭാരതീയ മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സ്വതന്ത്രമാക്കി വളര്‍ത്താന്‍ പതഞ്ജലിക്കായില്ല' എന്ന കമ്മീഷന്റെ തന്നെ പ്രസ്താവന മതനിരപേക്ഷ യോഗ എന്നത് വെറും സങ്കല്‍പ്പമാണെന്നത് വെളിവാക്കുന്നതല്ലേ?

'പതഞ്ജലിയുടെ യോഗയും പില്‍ക്കാലത്ത് ഹൈന്ദവ മതത്തിന് അധീനമായാണ് വളര്‍ന്നതും പ്രചരിച്ചതുമെന്നും അതിന്റെ പ്രബോധനങ്ങള്‍ക്കും അഭ്യാസങ്ങള്‍ക്കും ഭാരതീയമതാത്മകതയുടെ - പ്രത്യേകിച്ച് ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവ മതാത്മകതയുടെ -പരിവേഷം കൈവന്നു' എന്നുമുള്ള കമ്മീഷന്റെ വാക്കുകള്‍ ശാസ്ത്രീയമായി വീണ്ടെടുക്കപ്പെട്ട മതനിരപേക്ഷയോഗ എന്നത് ആശയതലത്തില്‍ ഒതുങ്ങുന്നുവെന്നത് വ്യക്തമാക്കുന്നില്ലേ?

C) ‍ ഇനി മതനിരപേക്ഷ യോഗയുടെ അടിസ്ഥാന തത്വമായി പതഞ്ജലി സ്വീകരിച്ചുവെന്ന് പറഞ്ഞിരിക്കുന്ന സാംഖ്യദര്‍ശനം ക്രൈസ്തവവിശ്വാസവുമായി ചേര്‍ന്നുപോകുമോ എന്ന് പരിശോധിക്കാം.

റിപ്പോര്‍ട്ട്:

'ഉണ്ടായിട്ടുള്ള സര്‍വ്വതും ഉണ്ടാകുന്നതിനു മുമ്പ് പ്രകൃതി, പുരുഷന്‍ എന്നീ രണ്ട് അടിസ്ഥാനതത്ത്വങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും, പ്രകൃതിയുടെ പരിണാമത്തില്‍ നിന്നാണ് പ്രപഞ്ചത്തിലെ ഭൗതികവും മാനസി്കവുമായ എല്ലാ പ്രതിഭാസങ്ങളും ഉണ്ടായതെന്നും ബഹുത്വസ്വഭാവമുള്ള പുരുഷന്‍ പ്രകൃതിയുമായി ബന്ധപ്പട്ടാണിരിക്കുന്നതെങ്കിലും പ്രകൃതിയുടെ പരിണാമപ്രകൃയയില്‍ വെറും സാക്ഷിമാത്രമാണെന്നും സാംഖ്യദര്‍ശനം പ്രഖ്യാപിക്കുന്നു. സാംഖ്യത്തിന്റെ ഈ താത്ത്വിക നിലപാടുകളാണ് പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ അടിസ്ഥാനം'.

വിശകലനം: ‍

യോഗയുടെ അടിസ്ഥാനമായ ഈ തത്ത്വചിന്ത സ്രഷ്ടാവും സൃഷ്ടിയുമെന്ന ക്രിസ്ത്യന്‍ നിലപാടുമായി ചേര്‍ന്നുപോകുന്നില്ല. യഹൂദ-ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം അനാദിയായവന്‍ ദൈവം മാത്രമാണ്. ഈ ദൈവം ഇല്ലായ്മയില്‍ നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു. എന്നാല്‍ സാംഖ്യദര്‍ശനപ്രകാരം ദൃശ്യപ്രപഞ്ചത്തിന്റെ മൂലകാരണങ്ങളായ പുരുഷനും (Self) പ്രകൃതിയും (urmatter) അനാദിയാണ്. ഇവയുടെ സാമീപ്യപ്രതിപ്രവര്‍ത്തനഫലമാണ് സകലതും. ഇത് സകലതും ദൈവമാണ്, ദൈവം സകലതിലുമാണ് എന്ന വിശ്വാസത്തിലെത്തിക്കുന്നു (Pantheism).

റിപ്പോര്‍ട്ട്:

'സ്വതവേ സ്വതന്ത്രനും ശുദ്ധനുമായ പുരുഷന്‍ അവിദ്യമൂലം പ്രകൃതിയുടെ ഗുണങ്ങളുമായി ഐക്യപ്പെട്ട് കഴിയുന്നതിനാല്‍, പ്രകൃതിയുമായുള്ള കെട്ടുപിണച്ചിലില്‍ നിന്ന് പുരുഷനെ മോചിപ്പിക്കുക എന്നതിലാണ് യോഗ ശ്രദ്ധ ചെലുത്തുന്നത്. പ്രകൃതിയുടെ പരിണാമഫലങ്ങളായ മനസ്സിന്റെയും ശരീരത്തിന്റേയും പ്രവര്‍ത്തനങ്ങളെ നിയ ന്ത്രിക്കുകയോ നിരോധിക്കുയോ നിശ്ചലമാക്കുകയോ ചെയ്യുന്നതുവഴി പുരുഷനെ തന്റെ സഹജമായ സ്വതന്ത്രാവസ്ഥ സാക്ഷാത്കരിക്കാന്‍ സഹായിക്കുകയാണ് വിവിധ അഭ്യാസങ്ങളിലൂടെ യോഗാശാസ്ത്രം ചെയ്യുന്നത്.'

വിശകലനം: ‍

അവിദ്യമൂലം 'പ്രകൃതിയുമായി' ഐക്യപ്പെട്ട് ദുരവസ്ഥയിലായ 'പുരുഷനെ' (Self) ആ അവസ്ഥയില്‍ നിന്ന് മോചിക്കാന്‍ സഹായിക്കുന്നതാണ് യോഗയിലെ അഭ്യാസങ്ങള്‍ എന്നാണ് കമ്മീഷന്‍ പറയുന്നത്. യോഗയുടെ തത്ത്വചിന്തപ്രകാരം അവിദ്യയാണ് മനുഷ്യന്റെ ദുരവസ്ഥക്കു കാരണം. അതില്‍ നിന്നുള്ള മോചനമാണ് മോക്ഷം. എന്നാല്‍ ക്രൈസ്തവ ചിന്തയില്‍ മനുഷ്യന്‍ ദുരവസ്ഥയിലായത് പാപം മൂലമാണ്. നിത്യമായി വ്യത്യസ്തരായിരിക്കുന്ന സ്രഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള ബന്ധത്തിനു പാപം ക്ഷതം വരുത്തി. പാപമോചനം വഴിയാണ് തകര്‍ന്ന ഈ ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുക. അത് മനുഷ്യന് സ്വയം സാധിക്കുകയില്ലാത്തതുകൊണ്ട് ദൈവം മനുഷ്യനായി പാപപരിഹാര ബലിഅര്‍പ്പിച്ച് ദൈവ - മനുഷ്യ അനുരഞ്ജനം സാധിച്ചു.

ചരിത്രപുരുഷനായ യേശുക്രിസ്തുവിലൂടെ നിറവേറിയ വീണ്ടെടുപ്പാകുന്ന ഈ സത്യം അറിഞ്ഞ് ആശ്ലേഷിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാകുക. ഈ യഥാര്‍ത്ഥ സ്വാതന്ത്ര്യം മനുഷ്യന് തന്റെതന്നെ അഭ്യാസത്തിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതല്ല. അത് ദൈവത്തിന്റെ ദാനമാണ്. സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിന്റെ അനന്യമഹത്വവും വ്യതിരിക്തതയും താഴ്മയോടെ അംഗീകരിച്ചാദരിച്ച് മനുഷ്യന്‍ ഈ ദാനം നന്ദി യോടെ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഞാന്‍ എന്റെ തന്നെ അഭ്യാസങ്ങള്‍ കൊണ്ട് സ്വയം സ്വതന്ത്രനായി എന്റെ ദൈവത്വം സാക്ഷാത്കരിച്ചുകൊള്ളാം എന്ന തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന, ദുഷ്ടാരൂപിയുടെ പ്രലോഭനം മൂലമൂണ്ടായ ആദ്യപാപത്തിനുചേര്‍ന്ന മൂഢ ചിന്തയുടെ തടവറയില്‍ തുടരുകയല്ല.

'ആത്മീയ യാഥാര്‍ത്ഥ്യങ്ങളേയും അനുഭവങ്ങളേയും അംഗീകരിക്കുമ്പോഴും സ്രഷ്ടാവും പരിപാലകനും ജീവിത ലക്ഷ്യവുമായ ഒരു ഈശ്വരന്‍ യോഗയില്‍ ഇല്ല' എന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍, ക്രൈസ്തവജീവിതം സ്രഷ്ടാവും രക്ഷകനും പരിപാലകനുമായ ത്രിയേക ദൈവത്തില്‍ ദൃഷ്ടി ഉറപ്പിച്ചുകൊണ്ട് സ്വര്‍ഗ്ഗോന്മുഖമായ ജീവിതയാത്രയാണ്. എന്നിരിക്കെ, അങ്ങനെയൊന്നിനെ അംഗീകരിക്കാത്ത അഥവാ ആവശ്യമുള്ളതായി കണക്കാക്കാത്ത ഒരു ആത്മപരിശീലന പദ്ധതിയെ ക്രൈസ്തവര്‍ എന്തിന് സ്വീകരിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യണം?

ഇവിടെ Orationis Formas എന്ന വത്തിക്കാന്‍ രേഖയിലെ 3-ാം നമ്പറില്‍ പറഞ്ഞിരിക്കുന്നത് അങ്ങേയറ്റം പ്രസക്തവും പ്രധാനപ്പെട്ടതുമാകുന്നു:

“Christian prayer is always determined by the structure of the Christian faith, in which the very truth of God and creature shines forth. For this reason, it is defined, properly speaking, as a personal , intimate and profound dialogue between man and God. It expresses therefore the communion of redeemed creatures with the intimate life of the persons of the Trinity. This communion, based on Baptism and the Eucharist, source and summit of the life of the Church, implies an attitude of conversion, a flight from “self”” to the “You” of God. Thus Christian prayer is at the same time always authentically personal and communitarian . It flees from impersonal techniques or from concentrating on oneself, which can create a kind of rut, imprisoning the person praying in a spiritual privatism which is incapable of a free openness to the transcendental God.

Within the church , in the legitimate search for new methods of meditation it must always be borne in mind that the essential element of authentic Christian prayer is the meeting of two freedoms, the infinite freedom of God with the finite freedom of man”(4).

എഫേസൂസ് 2: 4-10 ഉദ്ധരിച്ചുകൊണ്ട് ഒന്നാം ഭാഗത്തിന്റെ വിശകലനം അവസാനിപ്പിക്കട്ടെ:

'നമ്മള്‍ പാപം വഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടുകാണിച്ച മഹത്തായ സ്‌നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവിനോടുകൂടെ അവിടുന്ന് നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍ വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത് അത് നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അത് പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സല്‍പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.' (CCC 457 is worth reading).

'യോഗയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍' ‍ എന്ന തലക്കെട്ടിലുള്ളതാണ് റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം

ഈ ഭാഗത്ത് ക്രൈസ്തവര്‍ക്ക് യോഗ പരിശീലനത്തിന് പ്രചോദനമേകിയത് എന്നു പറഞ്ഞ് ഏതാനും വത്തിക്കാന്‍ രേഖകളുടെയും ഒരു സിബിസിഐ രേഖയുടെയും പേരുകളും പൗരസ്ത്യ ആദ്ധ്യാത്മിക രീതികളെ കരുതലോടെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്ന ചില രേഖകളുടെ പേരുകളും പറയുന്നതല്ലാതെ തലക്കെട്ടിനിണങ്ങും വിധം വിശ്വാസസമര്‍ത്ഥനപരമായ സമഗ്രപ്രതിപാദനം നടത്തിയിട്ടില്ല. തന്നെയുമല്ല ജാഗ്രതയ്ക്ക് ആഹ്വാനം നല്‍കുന്ന രേഖകളെ അപ്രധാനമായി കണക്കാക്കിയാല്‍മതി എന്ന് ധ്വനിപ്പിക്കുന്ന സമീപനമാണ് പുലര്‍ത്തിയിരിക്കുന്നത്.

Jesus Christ the Bearer of the Water of Life എന്ന രേഖയുടെ തന്നെ മുഖവുരയില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് എന്നുപറഞ്ഞിട്ട് അടിക്കുറിപ്പില്‍ “The study is a provisional report” എന്നത് ഉദ്ധരിച്ച സന്ദര്‍ഭവും രീതിയും കമ്മീഷന്റെ മേല്‍പ്പറഞ്ഞ സമീപനത്തിന്റെ ബഹിര്‍സ്ഫുരണമാണ്.

JCBWL എന്ന രേഖയുടെ ആമുഖത്തില്‍ ഇത് provisional report ആണ് എന്നുപറഞ്ഞിരിക്കുന്നത് ഉള്ളടക്കത്തിന്റെ പ്രാധാന്യത്തെ തെല്ലും ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് മൂന്നു പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ കൂട്ടായ പഠനം നടത്തി പുറപ്പെടുവിച്ചതാണ് ഈ രേഖ എന്ന വസ്തുതതന്നെ വ്യക്തമാക്കുന്നുണ്ട്. മറിച്ചൊരു പഠനമോ തിരുത്തലോ നല്‍കാത്തിടത്തോളം കാലം ജാഗ്രതയ്ക്കുള്ള ഈ മാര്‍ഗനിര്‍ദേശം പ്രധാനപ്പെട്ടതു തന്നെയാണ്. രേഖയുടെ മുഖവുരയിലും മറ്റുഭാഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഉദാഹരണം 1: From the foreword itself:

“The present publication calls attention to the need to know and understand New Age as a cultural current, as well as the need for Catholics to have an understanding of authentic Catholic doctrine and spirituality in order to properly assess New Age themes ”.

ഉദാഹരണം 2:

JCBWL-1: The document guides those involved in pastoral work in their understanding and response to New Age spirituality, both illustrating the points where this spirituality contrasts with the Catholic faith and refuting the positions espoused by New Age thinkers in opposition to Christian faith”.

ഉദാഹരണം 3:

JCBWL-4: “ In a cultural environment marked by religious relativism it is necessary to signal a warning against the attempt to place New Age religiosity on the same level as Christian faith making the difference between faith and belief seem relative, thus creating

greater confusion for the unwary... It is therefore necessary to accurately identify those elements which belong to the New Age movement, and which cannot be accepted by those who are faithful to Christ and his Church”.

മേലുദ്ധരിച്ചവയില്‍ നിന്നും നവയുഗ ആത്മീയതയെ ക്രിസ്ത്യന്‍ വിശ്വാസത്തിന് ഒപ്പം പ്രതിഷ്ഠിക്കാനുള്ള ഉദ്യമത്തിനെതിരെ മുന്നറിയിപ്പ് നല്‍കുക അത്യാവശ്യമായി തീര്‍ന്നതിനാലാണ് JCBWL എന്ന രേഖ നല്‍കിയിരിക്കുന്നത് എന്നു വ്യക്തമാണ്. 2003ല്‍ നല്‍കപ്പെട്ട ഈ രേഖ യോഗയെ New Age പാരമ്പര്യത്തോടു ചേര്‍ന്നുപോകുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. 2011ല്‍ നല്‍കപ്പെട്ട You Cat 356 ഇത് സ്ഥിരീകരിക്കുകയും യോഗ നിഗൂഢവിദ്യയാണെന്നും അത് ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോവുകയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ രേഖകളെ പരാമര്‍ശിക്കുന്ന കമ്മീഷന്‍ അവ നല്‍കുന്ന മുന്നറിയിപ്പുകളെ കാര്യമായി കണക്കാക്കാതെ യോഗയെ സ്വീകാര്യമാണെന്നു വരുത്തിതീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതായിട്ടാണ് രണ്ടാം ഭാഗത്തിന്റെ സൂക്ഷ്മ വായനയില്‍ വ്യക്തമാകുന്നത്.

തുടരും... ‍


Related Articles »