News - 2025

“സ്റ്റോപ്പ്‌ അബോര്‍ഷന്‍” പ്രചാരണത്തിന് ശക്തമായ പിന്തുണയുമായി പോളിഷ് ജനത

സ്വന്തം ലേഖകന്‍ 09-12-2017 - Saturday

വാര്‍സോ: ഗര്‍ഭാവസ്ഥയില്‍ വൈകല്യമുള്ള ഭ്രൂണങ്ങളെ നശിപ്പിക്കുന്നത് നിരോധിക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ പോളണ്ടിലെ ജനങ്ങളുടെ ശക്തമായ പിന്തുണ. പോളിഷ് പാര്‍ലമെന്റിലെ അധോസഭയുടെ സ്പീക്കര്‍ക്കു അയച്ച നിവേദനത്തില്‍ പത്തുലക്ഷത്തിനടുത്ത് ആളുകളാണ് ഒപ്പിട്ടിരിക്കുന്നത്. “സ്റ്റോപ്പ്‌ അബോര്‍ഷന്‍” എന്ന പേരില്‍ സിറ്റിസണ്‍സ് ലെജിസ്ലേറ്റീവ് അംഗങ്ങള്‍ നടത്തുന്ന ശ്രമത്തിനു പോളണ്ടിലെ മെത്രാന്‍മാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തവര്‍ഷം ഫെബ്രുവരി 28-ന് മുന്‍പ്‌ അബോര്‍ഷനു എതിരെ പോളിഷ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി, വൈസ്‌ പ്രസിഡന്റ് ബിഷപ്പ് മാരെക്ക് ജെഡ്രാസ്വേസ്കി, സെക്രട്ടറി ജനറല്‍ ബിഷപ്പ് ആര്‍ടുര്‍ മിസിന്‍സ്കി തുടങ്ങിയവര്‍ സംയുക്തമായി തയാറാക്കിയ കത്തിലൂടെ പോളണ്ടിലെ ജനങ്ങളോട് “സ്റ്റോപ്പ്‌ അബോര്‍ഷന്‍” പ്രചാരണത്തെ പിന്തുണക്കണമെന്നു ആഹ്വാനം ചെയ്തിരുന്നു.

ഓരോ കുട്ടിക്കും ജീവിക്കുവാനുള്ള അവകാശവുമുണ്ടെന്നും ജനിക്കാനിരിക്കുന്ന കുട്ടികളുടെ സംരക്ഷണം ഒരു പ്രത്യേക മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആവശ്യമല്ലായെന്നും മറിച്ച് ഓരോരുത്തരുടേയും മൗലീകകടമയാണെന്നും മെത്രാന്‍മാരുടെ കത്തില്‍ പറയുന്നു. “ഒരിക്കലും കുട്ടികളെ കൊല്ലരുത്, അബോര്‍ഷനു പകരം – ദത്തെടുക്കുക!” എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാന്‍ സമിതിയുടെ കത്ത് അവസാനിക്കുന്നത്. 2016-ല്‍ പോളിഷ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം വൈകല്യമുണ്ടെന്ന് കണ്ടത്തിയ 1098 ഭ്രൂണങ്ങളില്‍ 1048 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


Related Articles »