India - 2024

35 മീറ്റര്‍ ഉയരത്തില്‍ നക്ഷത്രം: ഗിന്നസ്‌ റെക്കോര്‍ഡിലേക്ക് പേരാവൂര്‍ ദേവാലയം

സ്വന്തം ലേഖകന്‍ 14-12-2017 - Thursday

പേരാവൂര്‍: റെക്കോര്‍ഡ് ഉയരത്തില്‍ കുറ്റന്‍ നക്ഷത്രം ഉയര്‍ത്തിക്കൊണ്ട് പേരാവൂര്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തിലെ കെ.സി.വൈ.എം യൂണിറ്റ്‌ പ്രവര്‍ത്തകര്‍. 35 മീറ്റര്‍ ഉയരത്തിലാണ് നക്ഷത്രം ഉയര്‍ത്തിയിരിക്കുന്നത്. ഒരു തെങ്ങ്‌, കമുക്‌, രണ്ട്‌ മുള എന്നിവയിലാണ്‌ നക്ഷത്രത്തിന്റെ നില്‍പ്പ്‌. കൂടാതെ താഴ്‌ ഭാഗത്തായി ഇരുമ്പു ഫ്രെയിമും മുകള്‍ ഭാഗത്തെ കാലുകള്‍ മരത്തിന്റെ പട്ടികയിലുമാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പ്രകാശം പകരാൻ എൽ. ഇ. ഡി. ലൈറ്റുകളും നക്ഷത്രത്തോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. ഒരു മാസത്തോളമായി ഗിന്നസ്‌ റെക്കോര്‍ഡില്‍ കയറി പറ്റാനുള്ള നക്ഷത്ര നിര്‍മ്മാണ പണിപുരയിലായിരുന്നു യുവജന സംഘം.

ഫാ.തോമസ്‌ കൊച്ചുകാരോട്ട്‌, സഹവികാരി ഫാ. ജിന്‍സ്‌ കണ്ണംകുളം, സെബാസ്‌റ്റ്യന്‍ മണ്ണുശ്ശേരിയില്‍ എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ കെ.സി.വൈ.എം പ്രവര്‍ത്തകര്‍ ഗിന്നസ്‌ റെക്കാര്‍ഡ്‌ നക്ഷത്രമുണ്ടാക്കിയത്‌. ഇതിനു മുമ്പ്‌ എറണാകുളത്ത്‌ ഉണ്ടാക്കിയിരുന്ന ഗിന്നസ് ബുക്കില്‍ ഇടം നേടിയ നക്ഷത്രത്തിന്റെ ഉയരം 32 മീറ്ററായിരുന്നു. ഇതിനെ മറികടന്നു കൊണ്ടാണ് ഇടവകയിലെ കെ‌സി‌വൈ‌എം പ്രവര്‍ത്തകര്‍ കൂറ്റന്‍ നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്നത്. യുവജനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഇടവകജനവും നാട്ടുകാരും രംഗത്തുണ്ടായിരിന്നു.


Related Articles »