News - 2025

10,39,628 കുട്ടികളുടെ ജപമാല സമര്‍പ്പണം; ഇത്തവണ റെക്കോര്‍ഡ്

പ്രവാചകശബ്ദം 04-11-2023 - Saturday

ലണ്ടന്‍; “എപ്പോള്‍ പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുന്നുവോ അപ്പോള്‍ ലോകം മാറും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) വര്‍ഷംതോറും സംഘടിപ്പിച്ച് വരുന്ന “ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍” (ദി വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി) എന്ന വാര്‍ഷിക ജപമാല പ്രചാരണ പരിപാടി ഇത്തവണ ചരിത്രം കുറിച്ചു. കഴിഞ്ഞ വര്‍ഷം 8,71,523 കുട്ടികള്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഈ സംരംഭത്തില്‍ പങ്കെടുത്തപ്പോള്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 18-ന് നടന്ന ഇക്കൊല്ലത്തെ ജപമാല പരിപാടിയില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് 1,039,628 കുട്ടികളാണ് എ.സി.എന്നിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാത്ത നിരവധി കുട്ടികളും പങ്കെടുത്തതിനാല്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സംഘാടകര്‍ പറയുന്നത്.

പോളണ്ടില്‍ നിന്നുമാണ് ഏറ്റവുമധികം കുട്ടികള്‍ (2,75,000) പങ്കെടുത്തത്. തെക്കന്‍ പോളണ്ടിലെ സാകോപെയിനിലെ പട്ടണത്തിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയത്തില്‍ കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ ഒരുമിച്ച് ജപമാല ചൊല്ലി. അതിന്റെ ഓണ്‍ലൈന്‍ സംപ്രേഷണത്തില്‍ കുടുംബങ്ങളും, സ്കൂളുകളും, ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുത്ത മറ്റ് രാഷ്ട്രങ്ങളില്‍ 1,56,000 കുട്ടികളുമായി സ്ലോവാക്യയാണ് പോളണ്ടിന് പിന്നില്‍. 1,36,000 കുട്ടികളുമായി ഫിലിപ്പീന്‍സാണ് തൊട്ടുപിന്നില്‍. യുകെയില്‍ നിന്നും ഏതാണ്ട് 77,000 കുട്ടികളും, ബ്രസീലില്‍ നിന്നും ഏതാണ്ട് 47,000 കുട്ടികളും പങ്കെടുത്തു.

കോംഗോയില്‍ നിന്നും വെറും 1300 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും മൂന്ന്‍ സ്കൂളുകളില്‍ നിന്നു മാത്രം അയ്യായിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. യുദ്ധത്താലും, അക്രമത്താലും സംഘര്‍ഷഭരിതമായിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും, നൈജീരിയ, നിക്കരാഗ്വേ പോലെ സഭ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും സജീവപങ്കാളിത്തമുണ്ടായ കാര്യവും എ.സി.എന്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇസ്രായേലില്‍ നിന്നും പലസ്തീനില്‍ നിന്നുമുള്ള കുട്ടികള്‍ വരെ ജപമാലയജ്ഞത്തില്‍ പങ്കെടുത്തു. മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഫാത്തിമായിലെ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് ലെയിരിയ-ഫാത്തിമായിലെ മുന്‍ മെത്രാനായ കര്‍ദ്ദിനാള്‍ അന്റോണിയോ മാര്‍ട്ടോ നേതൃത്വം നല്‍കി.


Related Articles »