വിശുദ്ധ തോമസ് അക്വിനാസിന്റെ “കാറ്റെനാ ഓറിയ” എന്ന സുവിശേഷ നിരൂപണങ്ങളിലും, വിശുദ്ധ ആഗസ്റ്റിന്റെ ‘ദി ഹാര്‍മണി ഓഫ് ദി ഗോസ്പല്‍സ്’ലും, അതുപോലെ തന്നെ കത്തോലിക്കാ സഭയുടെ മതപ്രബോധന രേഖകളിലും, ജ്ഞാനസ്നാനം സ്വീകരിച്ച വിശ്വാസികള്‍ക്ക് ഇത്തരമൊരു പാപമോക്ഷത്തിന്റെ ആവശ്യകതയില്ല എന്ന് സ്ഥിരീകരിക്കുവാന്‍ പോന്ന നിരവധി പരാമര്‍ശങ്ങള്‍ കാണുവാന്‍ കഴിയും. വിശുദ്ധ മത്തായിയുടെ സുവിശേഷം തുടങ്ങുന്നത് തന്നെ യേശുവിന്റെ വംശാവലിയെക്കുറിച്ചുള്ള വിവരണവുമായിട്ടാണ്. ഈ വംശാവലിയില്‍ പാപത്തിന്റെ ഒരു പാരമ്പര്യം തന്നെ യേശുവിന്റെ പൂർവ്വികരിൽ കാണുവാന്‍ സാധിക്കും. തന്റെ മരുമകളിലൂടെ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ജൂദാ, അഭിസാരികയായ റഹാബ്, താഴ്ന്ന ജാതിക്കാരിയായ റൂത്ത്, ഉറിയായുടെ ഭാര്യയെ സ്വന്തമാക്കിയ ദാവീദ്, നിരവധി ഭാര്യമാരുണ്ടായിരുന്ന ദാവീദിന്റെ മകനായ സോളമന്‍... അങ്ങിനെ പലരും ഈ പാരമ്പര്യത്തില്‍ പങ്കു പറ്റുന്നു.
എന്നാല്‍ യേശുവിന്റെ വംശാവലിയുടെ അവസാനം വരുമ്പോള്‍ വിശുദ്ധ ഔസേപ്പിതാവിലും, മറിയത്തിലും അത്തരം പാപത്തിന്റെ കറകളൊന്നും കാണുവാന്‍ നമുക്ക് സാധിക്കുകയില്ല. യേശുവിന്റെ വംശാവലിയെക്കുറിച്ച് രണ്ടു തരത്തിലുള്ള വിവരണങ്ങള്‍ പുതിയ നിയമത്തില്‍ കാണാവുന്നതാണ്. ഒന്ന്‍ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലും, രണ്ട് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലും. വിശുദ്ധ മത്തായിയുടെ വംശാവലി ആരംഭിക്കുന്നത് പൂര്‍വ്വ പിതാവായ അബ്രാഹത്തിലൂടേയും, വിശുദ്ധ ലൂക്കായുടെ വിവരണം ആരംഭിക്കുന്നത് ആദിപിതാവായ ആദാമിലൂടെയും.
ലോക രക്ഷകനായ യേശുവിന്റെ അവതാരത്തിനും മുന്‍പുള്ള യേശുവിന്റെ വംശാവലിയില്‍ എത്രമാത്രം പാപം നിറഞ്ഞുനിന്നിരുന്നുവെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നും നമ്മള്‍ കണ്ടല്ലോ. എന്നാല്‍ യേശുവിന്റെ ജ്ഞാനസ്നാനത്തിന് ശേഷമുള്ള യേശുവിന്റെ വംശാവലിയെക്കുറിച്ച് വിശുദ്ധ ലൂക്കാ തരുന്ന വിവരണവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. യേശുവിന്റെ മനുഷ്യാവതാരത്തിന് മുന്‍പും പിന്‍പുമുള്ള വംശാവലികളെക്കുറിച്ച് വിശുദ്ധ മത്തായിയും വിശുദ്ധ ലൂക്കായും തരുന്ന വിവരണങ്ങളെക്കുറിച്ച് ഒരു താരതമ്യ പഠനം നടത്തുന്നത് രസകരമായിരിക്കും.
അബ്രഹാം മുതല്‍ താഴോട്ടേക്ക് വിശുദ്ധ മത്തായി തരുന്ന യേശുവിന്റെ വംശാവലിയില്‍ പാപികളായ അനവധി പേരുള്ളപ്പോള്‍ വിശുദ്ധ ലൂക്കാ തരുന്ന വംശാവലിയില്‍ മേല്‍പ്പോട്ട് ആദിപിതാവായ ആദത്തിലൂടെ ദൈവത്തില്‍ എത്തി നില്‍ക്കുന്നു. ലൂക്കായുടെ വംശാവലി പാപികളായ ആരുടേയും പേരുകള്‍ കാണുന്നുമില്ല. ഇതെപ്രകാരം സംഭവിക്കും ? ഇതിനുള്ള ഉത്തരമാണ് വിശുദ്ധ ഓഗസ്റ്റിന്‍ തന്റെ ‘ദി ഹാര്‍മണി ഓഫ് ദി ഗോസ്പല്‍സി’ല്‍ വിശദീകരിച്ചിരിക്കുന്നത്.
വംശാവലിയിലെ പാപത്തിന്റെ കറകളെ യേശു ഏറ്റെടുക്കുന്നതായിട്ടാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നത്. എന്നാല്‍ നമ്മുടെ പാപങ്ങളുടെ റദ്ദാക്കലാണ് ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്നത്. നമ്മുടെ കര്‍ത്താവായ യേശു നമ്മുടെ പാപങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ഈ ആശയങ്ങള്‍ക്കനുസൃതമായിട്ടാണ് ഒരാള്‍ ആരോഹണ ക്രമത്തിലും മറ്റൊരാള്‍ അവരോഹണ ക്രമത്തിലും യേശുവിന്റെ വംശാവലിയെക്കുറിച്ച് വിവരിക്കുന്നത്.
“പാപകരമായ മാംസരൂപത്തില്‍ ദൈവം തന്റെ പുത്രനെ അയച്ചു” എന്ന് അപ്പസ്തോലന്‍ പറയുമ്പോള്‍, ദൈവം ക്രിസ്തുവിലൂടെ നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കുന്നതിനെയാണ് അത് സൂചിപ്പിക്കുന്നത്. പാപത്തിന് ശരീരത്തില്‍ ശിക്ഷ വിധിച്ചു എന്ന് പറയുമ്പോള്‍ പാപത്തിന്റെ പരിഹാരത്തേയാണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്.
വിശുദ്ധ മത്തായി താഴേക്രമത്തില്‍ അതായത് സോളമന്‍ വഴി ദാവീദിലൂടെ യേശുവിന്റെ വംശാവലിയേക്കുറിച്ച് പറയുമ്പോള്‍, സോളമന്റെ മാതാവ് വഴി ദാവീദ് പാപം ചെയ്തതായി പറയുന്നു. എന്നാല്‍ വിശുദ്ധ ലൂക്കാ ഇതേ വംശാവലി തന്നെ താഴെ നിന്നും മുകളിലേക്ക് വിവരിക്കുമ്പോള്‍, അതായത് മറ്റൊരു മകനായ നാഥാനിലൂടെ പറയുമ്പോള്‍ പ്രവാചകനായ നാഥാനിലൂടെ ദൈവം ദാവീദിന്റെ പാപം ഇല്ലായ്മ ചെയ്യുന്നതായും കാണാം.
പാപപരിഹാരത്തെക്കുറിച്ച് പറയുമ്പോള്‍, ക്രിസ്തു സ്വയം പാപം ചെയ്തിരുന്നില്ല. എന്നാല്‍ ക്രിസ്തുവില്‍ പാപം ചെയ്യാത്തവര്‍ ആരാണുള്ളത്. വിശുദ്ധ മത്തായിയുടെ വിവരണത്തില്‍ ക്രിസ്തുവിനെ ഒഴിവാക്കിയാല്‍ തന്റെ വംശാവലിയിലെ നാല്‍ല്‍പ്പതു പേരുടെ പാപങ്ങള്‍ സ്വയം പാപം ചെയ്യാത്ത യേശുവിലുണ്ട്. എന്നാല്‍ ലൂക്കാ പറഞ്ഞിരിക്കുന്ന സംഖ്യയില്‍ യേശുവിനെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ നമ്മളും അതില്‍ ഉള്‍പ്പെടുന്നു. നമ്മുടെ പാപങ്ങള്‍ കഴുകികളയുകയും നമ്മളെ ശുദ്ധീകരിക്കുകയും വഴി നമ്മളെ യേശു തന്റെ സ്വര്‍ഗ്ഗീയ പിതാവിന്റെ നീതിയിലേക്ക് അടുപ്പിക്കുന്നു. അതുകൊണ്ടാണ് ‘കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് എകാത്മാവായിരിക്കുന്നു എന്ന് അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത്.
ലൂക്കായുടെ വിവരണമനുസരിച്ച് വംശാവലി ആരില്‍ നിന്നും തുടങ്ങുന്നു, ആരിലവസാനിക്കുന്നു അവരെക്കൂടി കൂട്ടുമ്പോള്‍ എണ്ണം 77 ആയി മാറുന്നു. പാപത്തിന്റെ ഗൂഡമായ നീക്കം ചെയ്യല്‍ കര്‍ത്താവ് തന്നെ ഈ സംഖ്യയിലൂടെ പ്രതിപാദിച്ചിരിക്കുന്നു. ഒരാള്‍ തെറ്റ് ചെയ്യുകയാണെങ്കില്‍ ഏഴ് പ്രാവശ്യമല്ല എഴുപത്തി ഏഴ് പ്രാവശ്യം ക്ഷമിക്കണമെന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പാപത്തിന്റെ കടുത്ത ഇല്ലാതാക്കലിനേയാണ് ഇത് സൂചിപ്പിക്കുന്നത്. പാപത്തിന്റെ പരിപൂര്‍ണ്ണമായ നാശം. ഈ സംഖ്യയില്‍ ദൈവവും ഉള്‍പ്പെടുന്നു.
വാസ്തവത്തില്‍ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ കാതല്‍ തന്നെ വംശാവലിയെ പാപത്തിന്റെ കറകളില്‍ നിന്നും മോചിപ്പിക്കുക എന്നതാണ്. അത് നിറവേറിക്കഴിഞ്ഞു. നമ്മള്‍ അതില്‍ വിശ്വസിക്കുക മാത്രം ചെയ്‌താല്‍ മതി. യേശുവിന്റെ സഹനങ്ങള്‍ പങ്കുവെക്കുകയാണ് നമ്മുടെ കഷ്ടതകളിലൂടെ നമ്മള്‍ ചെയ്യുന്നത്.
എസക്കിയേല്‍ പ്രവാചകനും ഇപ്രകാരം ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്: "കർത്താവ് എന്നോട് അരുളിച്ചെയ്തു: പിതാക്കന്മാർ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ല് പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നതെന്തിന്? ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല" (എസെ 18: 1-3).
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥവും ഇതേപ്പറ്റി വ്യക്തമായി പഠിപ്പിക്കുന്നു.
"മാമ്മോദീസയിലൂടെ എല്ലാ പാപങ്ങളും, ഉത്ഭവപാപവും വ്യക്തിപരമായ എല്ലാ പാപങ്ങളും, ക്ഷമിക്കപ്പെടുന്നു. അതുപോലെതന്നെ പാപത്തിനുള്ള ശിക്ഷയും ഒഴിവാക്കപ്പെടുന്നു. വീണ്ടും ജനിച്ചവരില്‍ ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം തടയുന്ന യാതൊന്നും - ആദത്തിന്‍റെ പാപമാകട്ടെ, വ്യക്തിപരമായ പാപമാകട്ടെ പാപത്തിന്‍റെ അനന്തരഫലങ്ങളാകട്ടെ - നിലനില്‍ക്കുകയില്ല. ദൈവത്തില്‍ നിന്നുള്ള വേര്‍പെടലാണ് പാപത്തിന്‍റെ ഘോരഫലം.
എന്നാലും, പാപത്തിന്‍റെ കാലികമായ ചില അനന്തര ഫലങ്ങള്‍ മാമ്മോദീസ സ്വീകരിച്ചവരില്‍ നിലനില്‍ക്കുന്നുണ്ട്. സഹനം, രോഗം, മരണം, ജീവിതത്തില്‍ സ്വതസിദ്ധമായ ദൗര്‍ബല്യങ്ങള്‍, പാപം ചെയ്യാനുള്ള പ്രവണത മുതലായവ. പാപം ചെയ്യാനുള്ള പ്രവണതയെ പാരമ്പര്യം പാപാസക്തി എന്നും ആലങ്കാരികമായി പാപത്തിന്‍റെ ഇന്ധനം എന്നും വിളിക്കുന്നു. പാപാസക്തി "നമ്മില്‍ കുടികൊളളാന്‍ അനുവദിച്ചിരിക്കുന്നതു നാം അതിനോടു സമരംചെയ്യാന്‍ വേണ്ടിയാണ്. അതുകൊണ്ട് അതിനു സമ്മതം നല്‍കാതെ യേശുക്രിസ്തുവിന്‍റെ കൃപാവരത്താല്‍ അതിനെ ധീരതയോടെ എതിര്‍ത്തു നില്‍ക്കുന്നവരെ ദ്രോഹിക്കാന്‍ അതിനു കഴിയുകയില്ല" യഥാര്‍ത്ഥത്തില്‍, "നിയമാനുസൃതം മത്സരിക്കാതെ ആര്‍ക്കും കിരീടം ലഭിക്കുകയില്ല."
മാമ്മോദീസ എല്ലാ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കുക മാത്രമല്ല, വിശ്വാസത്തിലെ നവജാതനെ ഒരു "പുതിയ സൃഷ്ടി" ആക്കുകയും ചെയ്യുന്നു: "ദൈവത്തിന്‍റെ ദത്തുപുത്രനും തത്ഫലമായി ദൈവിക സ്വഭാവത്തില്‍ പങ്കുകാരനും" ക്രിസ്തുവിന്‍റെ അവയവവും അവിടുത്തെ സഹാവകാശിയും പരിശുദ്ധാത്മാവിന്‍റെ ആലയവും ആക്കുന്നു.
പരിശുദ്ധതമത്രിത്വം, മാമ്മോദീസ സ്വീകരിച്ചയാള്‍ക്കു വിശുദ്ധീകരണ കൃപാവരം, നീതീകരണത്തിന്‍റെ കൃപാവരം നല്‍കുന്നു. ദൈവിക പുണ്യങ്ങളാല്‍ ദൈവത്തില്‍ പ്രത്യാശ വയ്ക്കാനും അവിടുത്തെ സ്നേഹിക്കാനും അതു കഴിവുള്ളവനാക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ വഴി, അവിടുത്തെ പ്രചോദനമനുസരിച്ചു ജീവിക്കാനും പ്രവര്‍ത്തിക്കാനും ശക്തി നല്‍കന്നു. ധാര്‍മിക സുകൃതങ്ങളിലൂടെ നന്മയില്‍ വളരാന്‍ കഴിവു നല്‍കുന്നു. അങ്ങനെ, ക്രൈസ്തവന്‍റെ അതിസ്വാഭാവിക ജീവിതത്തിന്‍റെ സംവിധാനം മുഴുവനും മാമ്മോദീസയില്‍ വേരൂന്നിയിട്ടുള്ളതാണ്.
മാമ്മോദീസ നമ്മെ ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളാക്കുന്നു: "ആകയാല്‍... നമ്മള്‍ പരസ്പരം അവയവങ്ങളാണ്." മാമ്മോദീസ നമ്മെ സഭയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു. മാമ്മോദീസത്തൊട്ടികളില്‍ നിന്നു പുതിയ ഉടമ്പടിയുടേതായ ഒരു ദൈവജനം പിറക്കുന്നു. അതു പ്രകൃതിദത്തമോ മാനുഷികമോ ആയ രാഷ്ട്ര, സാംസ്ക്കാരിക, വര്‍ഗ, ലിംഗ പരിധികളെയെല്ലാം ഉല്ലംഘിക്കുന്നതാണ്; എന്തെന്നാല്‍, നമ്മള്‍ എല്ലാവരും ഒരേ ആത്മാവിനാല്‍ ഒറ്റ ശരീരത്തിലേക്ക് മാമ്മോദീസ സ്വീകരിച്ചിരിക്കുന്നു."
മാമ്മോദീസ സ്വീകരിച്ചവര്‍, "വിശുദ്ധ പൗരോഹിത്യത്തിലേക്ക് ഒരു ആധ്യാത്മിക ഭവനം പണിയാനുള്ള, "സജീവശിലകള്‍" ആയിത്തീര്‍ന്നിരിക്കുന്നു. മാമ്മോദീസ വഴി അവര്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യപരവും രാജകീയവുമായ ദൗത്യത്തില്‍ ഭാഗഭാക്കുകളായിത്തീരുന്നു. അവര്‍ "തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പൗരോഹിത്യവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്. തന്‍റെ അത്ഭുതകരമായ പ്രകാശത്തിലേക്ക് (അവരെ) അന്ധകാരത്തില്‍ നിന്ന് വിളിച്ചവന്‍റെ വിസ്മയനീയകൃത്യങ്ങളെ പ്രഘോഷിക്കുന്നതിനാണത്." മാമ്മോദീസ എല്ലാ വിശ്വാസികള്‍ക്കുമുള്ള പൊതു പൗരോഹിത്യത്തില്‍ പങ്കു നല്‍കുന്നു.
മാമ്മോദീസ സ്വീകരിച്ച വ്യക്തി സഭയുടെ അംഗമായിത്തീരുന്നതോടെ, തന്‍റേതല്ല പിന്നെയോ നമുക്കുവേണ്ടി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവന്‍റെ സ്വന്തമായി ഭവിക്കുന്നു. ആ സമയം മുതല്‍ മറ്റുള്ളവര്‍ക്കു വിധേയനായിരിക്കാനും സഭയുടെ കൂട്ടായ്മയില്‍ അവര്‍ക്ക് സേവനം ചെയ്യാനും സഭാധികാരികളെ "അനുസരിക്കാനും അവര്‍ക്കു വിധേയനായിരിക്കാനും" അവരോടു ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാനും അവന്‍ വിളിക്കപ്പെട്ടിരിക്കുന്നു. മാമ്മോദീസ, ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും ഉറവിടമായിരിക്കുന്നതുപോലെതന്നെ മാമ്മോദീസ സ്വീകരിച്ച വ്യക്തിക്ക് സഭയില്‍ അവകാശങ്ങളുമുണ്ട്: കൂദാശകള്‍ സ്വീകരിക്കുക, ദൈവവചനത്താല്‍ പരിപോഷിപ്പിക്കപ്പെടുക, സഭയുടെ മറ്റ് ആധ്യാത്മിക സഹായങ്ങളാല്‍ സംരക്ഷിക്കപ്പെടുക എന്നിവ.
മാമ്മോദീസ സ്വീകരിച്ചവര്‍, "ദൈവത്തിന്‍റെ മക്കളായി (മാമ്മോദീസയിലൂടെ) വീണ്ടും ജനിച്ചവര്‍, സഭയിലൂടെ ദൈവത്തില്‍ നിന്നു സ്വീകരിച്ച വിശ്വാസം മനുഷ്യരുടെ മുന്‍പില്‍ ഏറ്റുപറയാനും" ദൈവജനത്തിന്‍റെ അപ്പസ്തോലികവും പ്രേഷിതപരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാനും കടപ്പെട്ടിരിക്കുന്നു.
മാമ്മോദീസ എല്ലാ ക്രൈസ്തവരും തമ്മിലുള്ള സംസര്‍ഗത്തിന്‍റെ അടിസ്ഥാനമിടുന്നു. കത്തോലിക്കാസഭയോടു പൂര്‍ണമായി ഐക്യത്തിലല്ലാത്തവര്‍പോലും ഈ സംസര്‍ഗത്തിലുള്‍പ്പെടുന്നു: "എന്തെന്നാല്‍, ക്രിസ്തുവില്‍ വിശ്വസിക്കുകയും, ക്രമപ്രകാരം മാമ്മോദീസ സ്വീകരിക്കുകയും ചെയ്തവര്‍ അപൂര്‍ണ്ണമായ രീതിയിലാണെങ്കിലും, ഒരു പ്രത്യേകതരത്തില്‍ കത്തോലിക്കാ സഭയുമായി സംസര്‍ഗം സ്ഥാപിക്കുന്നു. അവര്‍ മാമ്മോദീസയിലൂടെ നീതീകരിക്കപ്പെട്ടവരായി ക്രിസ്തുവിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. തന്മൂലം, ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടാനുള്ള അവകാശം അവര്‍ക്കുണ്ട്. കത്തോലിക്കാസഭയുടെ മക്കള്‍ അവരെ സകാരണം സഹോദരന്‍മാരായി അംഗീകരിക്കുന്നു." "അതുകൊണ്ട്, മാമ്മോദീസയിലൂടെ രണ്ടാമതു ജനിച്ച എല്ലാവരും തമ്മില്‍ ഐക്യത്തിന്‍റെ കൗദാശിക ബന്ധം സ്ഥാപിക്കപ്പെടുന്നു."
മാമ്മോദീസ സ്വീകരിച്ച വ്യക്തി, മാമ്മോദീസവഴി ക്രിസ്തുവിന്‍റെ ശരീരത്തിലേക്കു ചേര്‍ക്കപ്പെട്ട് ക്രിസ്തുവിനോട് അനുരൂപപ്പെടുന്നു. മാമ്മോദീസ മറയ്ക്കാനാവാത്ത ഒരാധ്യാത്മിക മുദ്ര (character) കൊണ്ടു ക്രൈസ്തവനെ അടയാളപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ സ്വന്തമായിത്തീരുന്നതിന്‍റെ മുദ്രയാണത്. മാമ്മോദീസയുടെ രക്ഷാകര ഫലങ്ങള്‍ പുറപ്പെടുത്തുന്നതിനെ പാപം തടയുന്നുവെങ്കിലും ഒരു പാപത്തിനും ഈ മുദ്ര മായ്ക്കുവാന്‍ സാധിക്കുകയില്ല. മാമ്മോദീസ എന്നേയ്ക്കുമായി ഒരിക്കല്‍ നല്‍കപ്പെടുന്നു. പിന്നീട് അത് ആവര്‍ത്തിക്കാന്‍ സാധിക്കുകയില്ല" (CCC 1263-1272).
(വർഷങ്ങളായി നിരവധി മെത്രാന്മാർക്കും, വൈദികർക്കും, വൈദിക വിദ്യാർത്ഥികൾക്കും, അല്മായർക്കും വേണ്ടി ധ്യാനശുശ്രൂഷകൾ നയിക്കുന്ന പ്രശസ്ത വചനപ്രഘോഷകനാണ് ലേഖകൻ)
#repost
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Thursday Mirror
പൂർവ്വികരുടെ പാപം: ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ
ബ്രദർ തോമസ് പോൾ 08-11-2022 - Tuesday
പൂർവ്വികരുടെ പാപത്തിന്റെ അനന്തരഫലങ്ങൾ തലമുറകളിലേക്കു വ്യാപിക്കുമോ? ഈ വിഷയത്തിൽ അനേകം വിശ്വാസികൾ തെറ്റായ ധാരണകൾ വച്ചുപുലർത്തുന്നുണ്ട്. നിരവധി സുഹൃത്തുക്കളുടെ അപേക്ഷയനുസരിച്ചും, വിശ്വാസത്തില്‍ വളരുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് ഇതൊരു സഹായകമാവുമെന്ന പ്രതീക്ഷയിലും ഇക്കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുന്നത് നല്ലതായിരിക്കുമെന്ന് കരുതുന്നു.