News - 2025

അക്രമ സാധ്യത: മെക്സിക്കോയില്‍ ക്രിസ്തുമസ് കാലത്തെ കുര്‍ബാന സമയക്രമം മാറ്റുന്നു

സ്വന്തം ലേഖകന്‍ 15-12-2017 - Friday

വില്ലാഹെര്‍മോസ (മെക്സിക്കോ): വിശ്വാസികളുടെ സുരക്ഷയെ കണക്കിലെടുത്ത് മെക്സിക്കോയില്‍ ക്രിസ്തുമസ് കാലത്തെ കുര്‍ബാന സമയക്രമം മാറ്റുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുവാനുള്ള സാധ്യതയെ മുന്നില്‍ കണ്ടുകൊണ്ടാണ് കുര്‍ബാന സമയക്രമം മാറ്റുന്നതെന്നു മെക്സിക്കോയിലെ ടബാസ്ക്കോ രൂപതയുടെ വികാര്‍ ജനറലായ ഫാ. ജോസെ ലൂയീസ് കൊംപീന്‍ റൂയിഡ പറഞ്ഞു. ഡിസംബര്‍ 3-ന് ടബാസ്ക്കോ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ വില്ലാഹെര്‍മോസയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലൂടെയാണ് അദ്ദേഹം പ്രസ്തുത അറിയിപ്പ് നല്‍കിയത്.

കുറ്റകൃത്യങ്ങള്‍ക്കു സാധ്യതയുള്ള സമയങ്ങളിലെ ദിവ്യബലിയര്‍പ്പണമാണ് മറ്റ് സമയങ്ങളിലേക്ക് മാറ്റുന്നത്. ക്രിസ്തുമസ് കാലയളവില്‍ ഇടവാകാംഗങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്ന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫാ. ജോസെ ലൂയീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, സ്വത്തുകയ്യടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മെക്സിക്കോയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ടബാസ്ക്കോ.

രാജ്യത്ത് ഏറ്റവുമധികം തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നത് ടബാസ്ക്കോയിലാണെന്നു സിറ്റിസണ്‍സ് ഒബ്സര്‍വേറ്ററി സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. വിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ടബാസ്ക്കോയിലെ പൊതുസുരക്ഷാവിഭാഗം തലവനായ ജോര്‍ജ്ജ് അഗ്വിറെ കാര്‍ബാജലുമായി കൂടിക്കാഴ്ച നടത്തിയതായും ജനങ്ങളുടെ സുരക്ഷക്ക് വേണ്ട എല്ലാ നടപടികളും കൈകൊള്ളുമെന്ന ഉറപ്പ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചതായും ഫാ. റൂയിഡ പറഞ്ഞു.

ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. പുരോഹിതരെ സംബന്ധിച്ചിടത്തോളം മെക്സിക്കോയിലെ ഏറ്റവും അപകടകരമായ സംസ്ഥാനം ടബാസ്ക്കോയാണെന്നു കത്തോലിക്കാ മള്‍ട്ടിമീഡിയ സെന്റര്‍ ഓഗസ്റ്റില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. കത്തോലിക്ക സഭയ്ക്ക് ശക്തമായ വേരോട്ടമുള്ള മെക്‌സിക്കോയില്‍ 2006 മുതലുള്ള കാലയളവില്‍ 32 വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.


Related Articles »