News - 2024

വർഷങ്ങൾക്ക് ശേഷം തിരുപ്പിറവിയ്ക്കായി ഇറാഖി ക്രൈസ്തവര്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 16-12-2017 - Saturday

ബാഗ്ദാദ്: അഭയാർത്ഥികളായി വിവിധ ദേശങ്ങളില്‍ കഴിഞ്ഞിരുന്ന ഇറാഖി ക്രൈസ്തവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വദേശത്ത് തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നു. പലായനത്തിന് ശേഷം മടങ്ങിയെത്തിയ ക്രൈസ്തവരാണ് ക്രിസ്തുമസിനായി ഒരുങ്ങുന്നത്. മൊസൂളില്‍ നിന്നുമുള്ള കൽദായ വൈദികൻ ഫാ.പോൾ തബിത് ഇറാഖി ജനതയുടെ ക്രിസ്തുമസ് പ്രതീക്ഷകൾ ഏഷ്യന്യൂസുമായി പങ്കുവെച്ചു. പരിമിതമായ സാഹചര്യത്തിലും പരമ്പരാഗതമായ ശൈലിയിൽ തന്നെ ക്രിസ്തുമസ് ആഘോഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു അദ്ദേഹം വ്യക്തമാക്കി.

പുൽക്കൂട് നിര്‍മ്മാണവും ദേവാലയങ്ങളുടെയും വീഥികളുടെയും അലങ്കാരം നടക്കുന്നുണ്ട്. ക്രിസ്തുമസ് അനുബന്ധ ഒരുക്കങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും ശ്രമിക്കുന്നു. മൊസൂള്‍ യൂണിവേഴ്സിറ്റിയിലെ ക്രൈസ്തവ വിദ്യാർത്ഥികൾക്കായി ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രത്യേക ഹോസ്റ്റൽ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. വീടുകളിലെപ്പോലെ ആഘോഷം അവിടെയും നടക്കും. മുന്നൂറോളം കുടുംബങ്ങളാണ് ഇതുവരെ കറേംലേഷിൽ മാത്രം തിരിച്ചെത്തിയിരിക്കുന്നത്.

ഇവരുടെ വീടുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്. വിശുദ്ധ ബാർബറായുടെ തിരുനാൾ ദിവ്യകാരുണ്യ ആരാധനയുടെയും മെഴുകുതിരി പ്രദക്ഷിണത്തിന്റെയും അകമ്പടിയോടെ ആഘോഷിക്കാൻ സാധിച്ചത് രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടുന്ന സമാധാനത്തിന്റെ പ്രതീകമാണ്. ഈശോയുടെ ജനനത്തിനൊരുക്കമായി നോമ്പുകാലത്തിന്റെ പരിശുദ്ധി ജനങ്ങൾ നിലനിർത്തുന്നു. നിനവേയും സമീപ പ്രദേശങ്ങളും പുനരുദ്ധരിക്കപ്പെടാനും പലായനം ചെയ്തവർ തിരികെ വരാനും ക്രിസ്തുമസ് ഇടയാക്കട്ടെയെന്നും ഫാ. പോള്‍ പ്രത്യാശ പ്രകടിപ്പിച്ചു.


Related Articles »