India - 2025
കര്‍ദ്ദിനാള്‍ ക്ലീമിസ് സത്നയില്‍: അധികാരികള്‍ക്ക് നിവേദനം കൈമാറി
സ്വന്തം ലേഖകന്‍ 19-12-2017 - Tuesday
സത്‌ന: സത്‌നയിലെ ബുംകാര്‍ ഗ്രാമത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനും പോലീസ് നടപടികള്‍ക്കും സെന്റ് എഫ്രേംസ് തിയോളജിക്കല്‍ സെമിനാരിയിലെ വൈദികരും വൈദികാര്‍ഥികളും ഇരകളായതിന്റെ പശ്ചാത്തലത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സത്നയില്‍ സന്ദര്‍ശനം നടത്തി. വൈകുന്നേരം ആറോടെയാണു കര്‍ദ്ദിനാള്‍ സെമിനാരിയിലെത്തിയത്.
ബുംകാര്‍ സംഭവത്തെക്കുറിച്ചും സത്‌നയിലെ മത, സാമൂഹ്യ സാഹചര്യങ്ങളെ സംബന്ധിച്ചും സെമിനാരി വിദ്യാര്‍ഥികളും വൈദികരും കര്‍ദ്ദിനാളിനോടു വിശദീകരിച്ചു. വില്ലേജുകളിലെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു വര്‍ഗീയസംഘടനകളുടെ വലിയ എതിര്‍പ്പുകളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടി വരുന്നതായി അവര്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയും ബിഷപ് മാര്‍ കൊടകല്ലിലും സത്‌ന ബിഷപ്പ്സ് ഹൗസില്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ബല്‍വീര്‍ രമണ്‍, സിറ്റി പോലീസ് കമ്മീഷണര്‍ വി.ഡി. പാണ്ഡേ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തു.
വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ വൈദികനെതിരേ ചുമത്തിയിട്ടുള്ള കേസ് പിന്‍വലിക്കുക, വൈദികരെ മര്‍ദിച്ചവര്‍ക്കെതിരേയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിഷ്‌ക്രിയരായി നോക്കിനിന്ന പോലീസുകാര്‍ക്കെതിരേയും നടപടി സ്വീകരിക്കുക, മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ കര്‍ദ്ദിനാളും ബിഷപ്പും ഉന്നയിച്ചു. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനവും മെത്രാന്മാര്‍ കൈമാറി. ആക്രമണം അഴിച്ചുവിടുന്നതില്‍ ഭാരതസഭയുടെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി.
