India - 2025
സത്ന സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ ക്ലീമിസ് കേന്ദ്രത്തിലേക്ക്
സ്വന്തം ലേഖകന്‍ 20-12-2017 - Wednesday
ന്യൂഡല്‍ഹി: സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരിട്ടു കണ്ടു ചര്‍ച്ച നടത്തും. മധ്യപ്രദേശിലെ സത്‌നയിൽ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ സെമിനാരിയിലെ വൈദികരെയും വിദ്യാര്‍ഥികളെയും തീവ്രഹൈന്ദവ സംഘടന ആക്രമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തുക. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുമായും കാതോലിക്കാ ബാവ കൂടിക്കാഴ്ച നടത്തും.
ബുംകാര്‍ ഗ്രാമത്തിലുണ്ടായ സംഭവങ്ങളും സാമൂഹ്യ സാഹചര്യങ്ങളും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സിബിസിഐ പ്രസിഡന്റ് ചര്‍ച്ച നടത്തുക. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് സിബിസിഐ ആസ്ഥാനത്ത് പത്രസമ്മേളനം നടത്തും. സത്‌നയില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന കേരളത്തില്‍ നിന്നുള്ള എംപിമാരുമായും കര്‍ദ്ദിനാള്‍ ക്ലീമിസ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. സത്‌നയില്‍ അക്രമത്തിനിരയായ വൈദികരും സെമിനാരി വിദ്യാര്‍ഥികളുമായി വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ ശേഷമാണ് കര്‍ദ്ദിനാള്‍ ഡല്‍ഹിയിലെത്തിയത്.
