India - 2025
രജത ജൂബിലി നിറവില്‍ സത്നാ തിയോളജിക്കല്‍ സെമിനാരി
സ്വന്തം ലേഖകന്‍ 28-09-2017 - Thursday
സത്നാ: സീറോ മലബാര്‍ സിനഡിന്‍റെ നേരിട്ട് നിയന്ത്രണത്തിലുള്ള നാലാമത്തെയും കേരളത്തിനു പുറത്തുള്ള സഭയുടെ ആദ്യത്തേ മേജര്‍ സെമിനാരിയുമായ മധ്യപ്രദേശിലെ സത്നായിലെ സെന്‍റ് എഫ്രേംസ് തിയോളജിക്കല്‍ സെമിനാരി രജത ജൂബിലി നിറവില്‍. ജൂബിലി ആഘോഷം ഒക്ടോബര്‍ 3,4 തീയതികളില്‍ നടക്കും. ഒക്ടോബര്‍ നാലാം തിയതി സെമിനാരിയില്‍ ചേരുന്ന ജൂബിലി സമാപന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും. ജൂബിലി സ്മാരകമായി 'മിഷൻ ആന്റ് കോൺടെക്സ്ച്വൽ ഫോർമേഷൻ' എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന പ്രബന്ധസമാഹാരത്തിന്റെ പ്രകാശനം ജൂബിലി സമ്മേളനത്തിൽ നടക്കും.
സെമിനാരി കമ്മിഷന്‍ ചെയര്‍മാനും സത്നാ ബിഷപ്പുമായ മാര്‍ ജോസഫ് കൊടകല്ലില്‍,തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്, നാഗ്പൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. എബ്രഹാം വിരുത്തിക്കുളങ്ങര, ജബല്‍പൂര്‍ ബിഷപ്പ് ഡോ. ജെറാള്‍ഡ് അല്‍മേഡ, സാഗര്‍ ബിഷപ്പ് മാര്‍ ആന്‍റണി ചിറയത്ത്, ഉജ്ജൈന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുതലായ നിരവധി സഭാധ്യക്ഷന്മാരും മത-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കളും സംബന്ധിക്കും.
സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പൗരസ്ത്യ ആധ്യാത്മികതയിലും ഉത്തരേന്ത്യയിലെ മിഷന്‍ രംഗങ്ങളുടെ ഭാഷാ- സാംസ്കാരിക പശ്ചാത്തലത്തിലും പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ സത്നാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ എബ്രഹാം ഡി. മറ്റം 1992ജൂലൈ മൂന്നിന് ആരംഭിച്ചതാണ് സത്നാ സെമിനാരി. ഇരുപത്തിരണ്ട് ബാച്ചുകളിലായി 299 വൈദികര്‍ ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി 68വൈദിക വിദ്യാര്‍ത്ഥികള്‍ ഈ അധ്യയന വര്‍ഷത്തില്‍ ഇവിടെ പരിശീലനം നേടുന്നു.
സീറോ മലങ്കര സഭാംഗങ്ങളായ വൈദിക വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൈവശാസ്ത്ര പരിശീലനമാണ് ഇവിടെ നല്കപ്പെടുന്നത്. സ്ഥിരാധ്യാപകരായ ആറു വൈദികര്‍ക്കു പുറമേ വൈദികരും, സിസ്റ്റേഴ്സും, അല്‍മായരും ഉള്‍പ്പെടുന്ന 25 സന്ദര്‍ശകാധ്യാപകരും ഇവിടെ അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ജൂബിലി വര്‍ഷത്തില്‍ ഇരുപത്തിയഞ്ച് നവ വൈദികര്‍ അഭിഷിക്തരാകും. രജതജൂബിലി ആഘോഷത്തിന്നായി സെമിനാരിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളുമടക്കം നിരവധിപേര്‍ എത്തിച്ചേരും.
