News - 2025
അമേരിക്കയില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 23-12-2017 - Saturday
ഓഹിയോ: വൈദികരുടെ കുറവ് നേരിട്ടുകൊണ്ടിരിക്കുന്ന കത്തോലിക്ക സഭയ്ക്കു ആശ്വാസം പകരുന്ന വാര്‍ത്തയുമായി അമേരിക്കന്‍ സെമിനാരി. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ സെമിനാരിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈദികാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന്‍ ഓഹിയോയിലെ മൗണ്ട് സെന്റ് മേരി സെമിനാരിയില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സെമിനാരിയുടെ പ്രസിഡന്റായ റവ. ഫാ. ഒ’സിന്‍സിലായിഗ് പറയുന്നു.
1960-കളില്‍ 200 ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്ന മൗണ്ട് സെന്റ് മേരി സെമിനാരിയില്‍ 2011 ആയപ്പോഴേക്കും ഇത് വെറും 40 പേരായി ചുരുങ്ങുകയായിരിന്നു. എന്നാല്‍ 2012 മുതല്‍ സെമിനാരിയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയായിരിന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. ഇപ്പോള്‍ 82-ഓളം വൈദിക വിദ്യാര്‍ത്ഥികളാണ് മൗണ്ട് സെന്റ് മേരി സെമിനാരിയില്‍ പൗരോഹിത്യത്തിന് ഒരുങ്ങികൊണ്ടിരിക്കുന്നത്. സെക്കുലര്‍ ആശയങ്ങളുടെ ഈ കാലത്ത് സെമിനാരിയില്‍ ചേരുന്ന യുവാക്കളുടെ ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നു സിന്‍സിനാട്ടി മെത്രാപ്പോലീത്തയായ ഡെന്നിസ് ഷ്നുര്‍ പറഞ്ഞു.
സുവിശേഷം വളരെ അത്യാവശ്യമായിരിക്കുന്ന ഒരു സംസ്കാരത്തിന് സുവിശേഷം പകര്‍ന്നു കൊടുക്കുവാനാണ് തങ്ങള്‍ പോകുന്നതെന്ന് പൗരോഹിത്യ പട്ടം സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്ന 27കാരനായ ജേര്‍ഡ് കോണ്‍ പറയുന്നു. പൗരോഹിത്യത്തിലേക്ക് തങ്ങള്‍ക്കുണ്ടായ ദൈവവിളിയുടെ അതിശയിപ്പിക്കുന്ന കഥകള്‍ ഓരോ സെമിനാരി വിദ്യാര്‍ത്ഥിക്കുമുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ ശബ്ദത്തിലും, മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം മണിമുഴക്കമായോ, തിളക്കമുള്ള പ്രകാശം പോലെയാണു ദൈവവിളി ലഭിച്ചതെന്ന്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ പറയുന്നു.