News

കോഴിക്കോട് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം

സ്വന്തം ലേഖകന്‍ 26-12-2017 - Tuesday

ചെമ്പുകടവ്: താമരശ്ശേരി രൂപതയുടെ കീഴിലുള്ള ചെമ്പുകടവ് സെന്‍റ്. ജോര്‍ജ്ജ് ദേവാലയത്തില്‍ ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. അപരിചിതരായ രണ്ട് പേര്‍ വിശുദ്ധ കുർബാന സ്വീകരിക്കുന്ന രീതി കണ്ടപ്പോളാണ് വിശ്വാസികളില്‍ സംശയമുയര്‍ന്നത്. നാവിൽ സ്വീകരിച്ച പരിശുദ്ധ കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് മാറ്റുന്നത് കണ്ടപ്പോള്‍ വിശ്വാസികളുടെ സംശയം പൂര്‍ണ്ണമാകുകയായിരിന്നു. ഇതിനിടെ ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയപ്പോള്‍ ചവിട്ടി പിടിക്കാനും പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി.

ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പിന്നീട് മനസ്സിലായി.

പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്. സാത്താന്‍ സേവയ്ക്കായി തിരുവോസ്തി കടത്താനായിരിന്നു ഇവരുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യേശുക്രിസ്തുവിന്റെ നിറസാന്നിധ്യമുള്ള ഓരോ തിരുവോസ്തിയ്ക്കും ലക്ഷങ്ങളാണ് സാത്താന്‍ സേവകരുടെ സംഘം വിലയിടുന്നത്. ഗോവ, മുംബൈ, മിസ്സോറാം എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാത്താൻ സേവ സംഘം കേരളത്തില്‍ വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവരുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.


Related Articles »