News - 2025
കേരള സഭയ്ക്ക് പൗരോഹിത്യ വസന്തം
സ്വന്തം ലേഖകന്‍ 29-12-2017 - Friday
കൊച്ചി: പൗരോഹിത്യ ദൈവവിളികളുടെ വസന്തത്താല്‍ നിറഞ്ഞു കേരള സഭ. സംസ്ഥാനത്തെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളില്‍ നിന്ന് നൂറുകണക്കിനു വൈദികരാണ് തിരുപട്ടം വഴി അഭിഷേകം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന് 21 പേരാണ് നവവൈദികരായി മാറുന്നത്. ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്ന് പതിനേഴ് പേരും തലശ്ശേരി അതിരൂപതയില്‍ നിന്ന് പത്തു പേരും തൃശൂര്‍ അതിരൂപതയില്‍ നിന്ന് ആറുപേരും ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന്‍ എട്ടുപേരും മാനന്തവാടിയില്‍ നിന്ന്‍ ആറു പേരുമാണ് അഭിഷിക്തരാകാന്‍ ഇരിക്കുന്നത്.
ഇതില്‍ ചിലരുടെ തിരുപട്ട സ്വീകരണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. സിഎംഐ സഭയ്ക്ക് നാല്‍പ്പത്തിയേഴും എംസിബിഎസ് സഭയ്ക്ക് പതിനെട്ടും വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് പതിനാലും വൈദികര്‍ ഈ ദിവസങ്ങളില്‍ അഭിഷിക്തരാകും. മറ്റ് കോണ്‍ഗ്രിഗേഷനുകളില്‍ നിന്നും നിരവധി വൈദികര്‍ പൗരോഹിത്യം സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ലത്തീന്‍സഭയുടെ 12 രൂപതകളില്‍ നിന്നും ഡീക്കന്‍മാര്‍ തിരുപട്ടം സ്വീകരിക്കുന്നുണ്ട്. ഇതിന്റെ കണക്കുകള്‍ ലഭ്യമല്ല. സീറോ മലങ്കരസഭയ്ക്ക് 54 തിരുപ്പട്ടങ്ങള്‍ ഈ വര്‍ഷം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ നാനാഭാഗങ്ങളിലേക്ക് ഇറങ്ങുന്ന ഈ നവവൈദികരെ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകം അനുസ്മരിക്കാം.