News

ഈജിപ്തില്‍ കോപ്റ്റിക് ദേവാലയത്തിന് നേരെ ഭീകരാക്രമണം: പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 30-12-2017 - Saturday

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയിലെ കോപ്റ്റിക് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്കു പരിക്കേറ്റു. ഹെല്‍വാന മേഖലയിലെ മാര്‍ മിന പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരര്‍ ദേവാലയത്തില്‍ ഉള്ള വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ ഒന്‍പതോളം കോപ്റ്റിക് ക്രൈസ്തവരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എംഇഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഒരു ഭീകരനെ സൈനികര്‍ ഏറ്റുമുട്ടലില്‍ വധിച്ചു.

പരിക്കേറ്റവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. പത്ത് ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അടുത്ത ആഴ്ച കോപ്റ്റിക് ക്രിസ്തുമസ് ആഘോഷം നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. കോപ്റ്റിക് ക്രിസ്തുമസിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്തു ഒരുക്കിയിരിന്നത്. ഇതിനെയും മറികടന്നുകൊണ്ടാണ് തീവ്രവാദികള്‍ ഭീകരാക്രമണം നടത്തിയത്.

അക്രമത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുൾ ഫത്ത അൽ സിസിയെ ഫോണില്‍ വിളിച്ചു. ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കു നേരേ ഇസ്ലാമിക് ഭീകരരുടെ ആക്രമണം പതിവായിരിക്കുകയാണ്. ഈ വര്‍ഷമാദ്യം അലക്‌സാണ്ട്രിയയിലും ടാന്റയിലും നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ 43 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ പത്ത്ശതമാനം മാത്രമാണ് കോപ്റ്റിക് ക്രൈസ്തവര്‍.




Related Articles »