News - 2025

ബാലവേലയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുവാന്‍ ജര്‍മ്മനിയിലെ തിരുബാലസഖ്യം

സ്വന്തം ലേഖകന്‍ 30-12-2017 - Saturday

ബെര്‍ലിന്‍: ബാലവേലയില്‍നിന്നും കുട്ടികളെ മോചിപ്പിക്കാനുള്ള ധനസഹായ പദ്ധതിയ്ക്കായി ജര്‍മ്മനിയിലെ‍ വിവിധ ഭാഗങ്ങളിലുള്ള കൊച്ചുഗായകര്‍ തിരുബാലസഖ്യം പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നു. ക്രിസ്തുമസ് കാലത്ത് കരോള്‍ഗീതങ്ങള്‍ പാടുന്ന വിവിധ ഭാഗങ്ങളിലുള്ള ഗായകരാണ് 'Star Campaign 2018' എന്ന പേരില്‍ ഒരുമിക്കുന്നത്. കരോള്‍ ഗീതങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുള്ള കുട്ടികള്‍ പൂജരാജാക്കന്മാരുടെ വര്‍ണ്ണാഭയാര്‍ന്ന വസ്ത്രങ്ങള്‍ അണിഞ്ഞു കൈയ്യില്‍ വാല്‍നക്ഷത്തിന്‍റെ അലങ്കാരവടിയുമായാണ് ഗാനം ആലപിക്കുക.

കരോള്‍ ഗീതങ്ങള്‍ പാടിയശേഷം കുട്ടികള്‍ കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നന്ദിയര്‍പ്പിക്കുകയും, പുതുവത്സരാശംസകള്‍ ജര്‍മ്മന്‍ ഭാഷയില്‍ നേരുകയും ചെയ്യുന്നു. ക്രിസ്തു ഈ ഭവനത്തെ ആശീര്‍വ്വദിക്കട്ടെ, (Christus mansionem benedicat) എന്ന ആശംസാഗീതത്തോടെയാണ് നക്ഷത്രഗായകര്‍ അവരുടെ സായാഹ്നപരിപാടികള്‍ ഓരോ ഭവനത്തിലും നടത്തുക. ഓരോ ഭവനത്തില്‍ നിന്നും ലഭിക്കുന്ന തുക ബാലവേലയില്‍നിന്നും കുട്ടികളെ മോചിപ്പിക്കുവാനാണ് നീക്കി വെക്കുക.

2600 ഗായകരാണ് ജര്‍മ്മനിയിലെ‍ തിരുബാലസഖ്യവുമായി കൈകോര്‍ത്ത് ലോകത്ത് വിവിധ രാജ്യങ്ങളില്‍ ബാലവേലയ്ക്ക് അടിമകളായ കുട്ടികളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി, കരോള്‍ഗീതങ്ങള്‍ പാടി തങ്ങളുടെ സമപ്രായക്കാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ പണം ശേഖരിക്കുന്ന ജര്‍മ്മന്‍ പാരമ്പര്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. കുട്ടികള്‍ കുട്ടികളെ തന്നെ സഹായിക്കുന്ന ‍ജര്‍മ്മനിയിലെ നക്ഷത്രഗായകരുടെ കൂട്ടായ്മയുടെ 60-മത്തെ പരിപാടിയാണിത്.


Related Articles »