India

ബോണക്കാട്‌ കുരിശ്: ലാറ്റിന്‍ വിമണ്‍സ് അസോസിയേഷന് നേരെ പോലീസിന്റെ ലാത്തിചാര്‍ജ്

സ്വന്തം ലേഖകന്‍ 02-01-2018 - Tuesday

തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്. അക്രമത്തില്‍ ര​​​ണ്ടു ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. പോലീസിന്റെ ലാത്തി അടിയില്‍ മൂ​​​ന്നു വ​​​നി​​​ത​​​ക​​​ളു​​​ടെ വാ​​​രി​​​യെ​​​ല്ല് ത​​​ക​​​ർ​​​ന്നു. വിസിറ്റേഷന്‍ സഭാംഗമായ സിസ്റ്റര്‍ മേബിളിന്റെ ശിരോ വസ്‌ത്രം പോലീസ് വലിച്ച്‌ കീറി.

നേരത്തെ ബോണക്കാട്ട് കുരിശുമലയില്‍ സ്ഥാപിച്ച കുരിശ് സാമൂഹ്യവിരുദ്ധര്‍ തകര്‍ക്കുകയും തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വീണ്ടും മരക്കുരിശ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ മരക്കുരിശും തകര്‍ക്കപ്പെട്ടു. സംഭവത്തില്‍ വനംമന്ത്രി നല്കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പ്രകടനമായി മന്ത്രിയുടെ വസതിക്കു മുന്നിലേക്ക് എത്തിയ വിമന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.

തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീസ് പോലീസ് അതിക്രമം അഴിച്ചു വിടുകയായിരുന്നു. തെന്നുര്‍ സ്വദേശിനി ഷീജ, ആനപ്പാറ സ്വദേശിനി മോളി അശോകന്‍ തുടങ്ങിയവരുടെ വാരിയെല്ലിനും മൈലക്കര സ്വദേശിനി ബിന്ദു ജസ്റ്റിന്‍, സിസ്റ്റര്‍ എലിസബത്ത്‌, വട്ടപ്പാറ സ്വദേശിനി ഓമന, അരുവിക്കര സ്വദേശിനി അജീഷ്‌ കുമാരി തുടങ്ങിയവര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പാറശാല ഫൊറോനാ വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, നെയ്യാറ്റിന്‍കര ഫൊറോനാ കെസിവൈഎം ഡയറക്ടര്‍ ഫാ. റോബിന്‍ സി.പീറ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവജനങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.


Related Articles »