India - 2024

കൈക്കരുത്തും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസം: കെആര്‍എല്‍സിസി

സ്വന്തം ലേഖകന്‍ 06-01-2018 - Saturday

കൊച്ചി: ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിവന്നിരുന്ന തീര്‍ത്ഥാടനത്തില്‍ കരുതിക്കൂട്ടി അക്രമമുണ്ടാക്കി വിശ്വാസികളെ പോലീസിനെ ഉപയോഗിച്ചു നേരിട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൈക്കരുത്തും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസമെന്നും കെആര്‍എല്‍സിസി സെക്രട്ടേറിയറ്റ് യോഗം. 60 വര്‍ഷം മുമ്പു സ്ഥാപിച്ചിട്ടുള്ള ബോണക്കാട് മലയിലെ കുരിശിന്റെ സമീപത്തു ചെന്നു വിശ്വാസികള്‍ക്കു പ്രാര്‍ത്ഥിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തടസം നില്‍ക്കരുതെന്നും കെആര്‍എല്‍സിസി നേതൃത്വം പറഞ്ഞു.

സര്‍ക്കാര്‍ തലചര്‍ച്ചകളില്‍ സമവായത്തിനു തയാറെന്ന് അറിയിക്കുകയും തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികളെ തടഞ്ഞു പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണ്. കൈക്കരുത്തും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസം. സംഭവത്തില്‍ പ്രതിഷേധിച്ച് എല്ലാ രൂപതകളിലും ഇന്നും നാളെയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെഎല്‍സിഎ സംസ്ഥാന നേതൃത്വം അറിയിച്ചു.

അതേസമയം ഇന്നലത്തെ പോലീസ് അതിക്രമത്തില്‍ വയോധികരടക്കം നൂറുകണക്കിന്‌ വിശ്വാസികള്‍ക്കാണ് പരിക്കേറ്റത്. വീണുകിടന്ന വിശ്വാസികളെ സംഘമായെത്തിയ പോലീസ്‌ നിഷ്‌ഠൂരമായി അടിക്കുകയായിരുന്നു. ഉപരോധത്തിനായി വിതുരയിലെത്തിയ വിശ്വാസികൾക്ക്‌ നേരെയും പ്രകോപനപൂര്‍വ്വമാണ് പോലീസ്‌ പെരുമാറിയത്. വൈദികരോട്‌ പല തവണ മോശം വാക്കുകളുമായെത്തി. പോലീസ്‌ കന്യാസ്‌ത്രീകൾക്കെതിരെയും മോശം ഭാക്ഷ ഉപയോഗിച്ചു. വിതുരയില്‍ എസ്‌.ഐ. ആക്രമണം അഴിച്ചു വിടുകയായിരിന്നുവെന്ന് രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജയരാജ്‌ പറഞ്ഞു.


Related Articles »